ഷെയ്ഖ് അബ്ദുല്ലയെ അവഗണിച്ചത് വിവാദമായി
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീർ സർക്കാർ അടുത്തവർഷത്തെ അവധിദിനങ്ങളുടെ പട്ടിക പുറത്തിറക്കിയപ്പോൾ അന്തരിച്ച പ്രമുഖനേതാവും മുൻ മുഖ്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ലയുടെ പിറന്നാളും രക്തസാക്ഷിത്വദിനവും ഒഴിവാക്കിയത് വിവാദമായി. 1947 മുതൽ 1953 വരെ ജമ്മു കശ്മീർ പ്രധാനമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയും ആയ നേതാവാണു നാഷനൽ കോൺഫറൻസ് സ്ഥാപകൻ കൂടിയായ ഷെയ്ഖ് അബ്ദുല്ല. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370– ാം വകുപ്പു റദ്ദാക്കിയതിനുശേഷമാണ് ഔദ്യോഗിക അവധി ദിനങ്ങളുടെ പട്ടികയിൽനിന്ന് ഷെയ്ഖ് അബ്ദുല്ല പുറത്തായത്. അവധി പുനഃസ്ഥാപിക്കണമെന്ന് ഒമർ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞമാസം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോട് അഭ്യർഥിച്ചെങ്കിലും നടപ്പായില്ല. ലഫ്റ്റനന്റ് ഗവർണറുടെ കയ്യിലാണ് അധികാരമെന്നു തെളിയിക്കുന്നതാണ് പുതിയ സംഭവങ്ങൾ.