ഭോജ്ശാല: ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക്
Mail This Article
ന്യൂഡൽഹി ∙ ക്ഷേത്രാവശിഷ്ടമുണ്ടെന്ന വാദമുയർത്തി മധ്യപ്രദേശ് ഭോജ്ശാല കമാൽ മൗല മസ്ജിദിൽ സർവേക്ക് ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവു ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഇന്നലെ ഹർജികൾ പരിഗണനയ്ക്കു വന്നപ്പോൾ സമാനസ്വഭാവമുള്ള ഹർജികൾ സുപ്രീം കോടതിയിലുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുകയാകും ഉചിതമെന്നും ജഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ.ഭട്ടി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. എഎസ്ഐയുടെ സംരക്ഷണത്തിലുള്ള കെട്ടിടമെന്ന നിലയിൽ സർവേ നടത്തുന്നതിൽ തെറ്റില്ലെന്ന വാദമാണു ഹിന്ദുവിഭാഗം ഉന്നയിച്ചത്.
11–ാം നൂറ്റാണ്ടിൽ നിർമിച്ച കെട്ടിടം സരസ്വതീക്ഷേത്രമാണെന്നും സമുച്ചയത്തിന്റെ ഒരു ഭാഗവും ഉപയോഗിക്കാൻ മുസ്‌ലിംകൾക്ക് അവകാശമില്ലെന്നുമാണു ഹിന്ദു വിഭാഗത്തിന്റെ വാദം. 2003 ലെ ധാരണപ്രകാരം എല്ലാ ചൊവ്വാഴ്ചയും പൂജ നടക്കുന്നുണ്ട്. ഇതിനോടു ചേർന്നുള്ള കമാൽ മൗല മസ്ജിദിൽ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരവുമുണ്ട്.
ജുമുഅ നമസ്കാരം വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. സർവേ നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മൗലാന കമാലുദ്ദീൻ വെൽഫെയർ സൊസൈറ്റിയാണു സുപ്രീം കോടതിയിലെത്തിയത്.