മണിപ്പുർ: മാപ്പപേക്ഷ ആദ്യഘട്ടം, മനസ്സിലെ മുറിവുണക്കൽ പ്രധാനം
Mail This Article
ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തിന്റെ പേരിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് 19 മാസത്തിനു ശേഷം മാപ്പുപറഞ്ഞതിന്റെ കാരണങ്ങളെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കലാപത്തോടെ ഭിന്നിച്ച മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള അകൽച്ച പരിഹരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ സമ്മർദമാണ് ഏറ്റവും ഒടുവിലത്തേത്. പുതിയ ഗവർണർ ആയി നിയമിതനായ മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് സംസ്ഥാനത്തെത്തുകയാണ്.
സംസ്ഥാനത്ത് സമാധാനം തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് പുതിയ ഗവർണർക്കുള്ളത്. ഭല്ല ആഭ്യന്തര സെക്രട്ടറി ആയിരിക്കെ മണിപ്പുർ വിഷയത്തിൽ വളരെ അടുത്ത് ഇടപെട്ടയാളാണ്. സംഘർഷം ലഘൂകരിക്കാൻ സുരക്ഷാസേനയെ അയയ്ക്കുകയും ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തുകയും പരിഹാരം കാണാൻ ബിരേൻ സിങ് സർക്കാരിന് നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബിരേൻ സിങ്ങിന്റെ മാപ്പുപറച്ചിലിന്റെ സന്ദേശം വ്യക്തമാണ്. മണിപ്പുർ പ്രതിസന്ധി ഒരു ക്രമസമാധാന പ്രശ്നമെന്ന മട്ടിൽ കൈകാര്യം ചെയ്യുന്നതിനുപകരം, ഭരണ തലത്തിൽ എല്ലാവരെയും വിശ്വാസത്തിലെടുത്തു പരിഹരിക്കണം.
മാപ്പുപറച്ചിൽ ബിരേൻ സിങ് സർക്കാരിന് പല വിഷയങ്ങളിലുമുള്ള ഉരകല്ലായിരിക്കും. നിലവിൽ വലിയൊരു വിഭാഗം ജനങ്ങളും ക്യാംപുകളിലാണ് കഴിയുന്നത്. മാസങ്ങൾ മുൻപേ സ്വന്തം വീടുകൾ ഉപേക്ഷിക്കേണ്ടിവന്നവർ. ഇവർക്ക് നാട്ടിലേക്കു തിരിച്ചുപോയി സമാധാന ജീവിതം തുടരാൻ കഴിയണം.
ആയുധങ്ങൾ വീണ്ടെടുക്കുകയാണ് രണ്ടാമത്തെ വലിയ വെല്ലുവിളി. 2023 മേയ് 3നു കലാപം തുടങ്ങിയതിനുശേഷം 5800 ആയുധങ്ങളാണു മോഷണം പോയത്. ഇതിൽ മൂവായിരത്തോളം മാത്രമാണു തിരിച്ചുകിട്ടിയത്. അതായത്, ഇരു വിഭാഗങ്ങളുടെയും കയ്യിലായി രണ്ടായിരത്തോളം തോക്കുകളുണ്ട്. എല്ലാം തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലെങ്കിലും അവർ അത് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. കലാപ സമയത്തെ മുതലെടുത്ത് സജീവമായ തീവ്രവാദി ഗ്രൂപ്പുകളാണ് മറ്റൊരു വെല്ലുവിളി.
വടക്കുകിഴക്കൻ മേഖലയിൽ മൊത്തത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകണമെങ്കിൽ ആദ്യം മണിപ്പുർ ശാന്തമാകണമെന്നു പുതിയ ഗവർണർക്ക് അറിയാം. ഇന്ത്യ– മ്യാൻമർ അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനുള്ള ഒട്ടേറെ നടപടികൾ ആഭ്യന്തര സെക്രട്ടറിയായിരിക്കെ അദ്ദേഹം സ്വീകരിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ഏതാനും ജില്ലകൾ ഒഴികെ മണിപ്പുർ ‘പ്രശ്നബാധിത’ മേഖലയായി പ്രഖ്യാപിക്കുകയും പ്രത്യേക സൈനിക നിയമം പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തിരുന്നു. ഇതോടെ സാധാരണ ജീവിതം നയിക്കാൻ ഇനി കഴിയില്ലെന്ന തോന്നൽ ജനങ്ങൾക്കിടയിൽ വ്യാപിക്കുകയും ചെയ്തു.ജനങ്ങൾ രോഷാകുലരാണ്. സംഘർഷത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് അവർ കരുതുന്നു. അതിനാൽ ബിരേൻ സിങ്ങിന്റെ മാപ്പപേക്ഷ ആദ്യഘട്ടമാണ്. ജനങ്ങളുടെ മനസ്സിലെ മുറിവുണക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഒരുമിച്ചു പ്രവർത്തിക്കുകകൂടി വേണം.