മൻമോഹൻ സ്മാരകം: രാജ്ഘട്ടിനു സമീപം സ്ഥലം നൽകിയേക്കും
Mail This Article
ന്യൂഡൽഹി ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു സ്മാരകം നിർമിക്കാൻ സ്ഥലം കണ്ടെത്തുന്ന നടപടികൾക്കു കേന്ദ്ര സർക്കാർ തുടക്കമിട്ടു. രാജ്ഘട്ട് പരിസരത്ത് ഒന്നര ഏക്കർ വരെ സ്ഥലം അനുവദിച്ചേക്കും. സ്ഥല പരിശോധനയ്ക്കു ശേഷം രാജ്ഘട്ടിലെ മൂന്നോ നാലോ സ്ഥലങ്ങളുടെ പട്ടിക മൻമോഹന്റെ കുടുംബത്തിനു കൈമാറി. അവരുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം തീരുമാനിക്കും.
രാജ്ഘട്ടിനടുത്ത് മുൻ ഭരണത്തലവന്മാരുടെ ഓർമയ്ക്കായി ഒരുക്കിയ രാഷ്ട്രീയ സ്മൃതി സ്ഥൽ, മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ ബലികുടീരമായ കിസാൻ ഘട്ട്, സഞ്ജയ് ഗാന്ധിയുടെ സമാധി എന്നിവയിൽ ഒന്നിനു സമീപം സ്മാരക മന്ദിരം ഒരുക്കാനാണ് നഗര മന്ത്രാലയം താൽപര്യപ്പെടുന്നത്.
പുതിയ നയം അനുസരിച്ച് സ്ഥലം അനുവദിക്കുന്നതിനും സ്മാരകം നിർമിക്കുന്നതിനും ട്രസ്റ്റ് രൂപീകരിക്കണം. ഇതിലും മുൻകയ്യെടുക്കേണ്ടത് സർക്കാരാണ്. ട്രസ്റ്റിന്റെ പേരിലാണ് സ്ഥലത്തിന് അപേക്ഷ നൽകേണ്ടത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിൽ ധാരണാപത്രം ഒപ്പിടുകയും വേണം. മൻമോഹന്റെ സ്മാരകം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു തന്നെ അന്ത്യകർമങ്ങളും അനുവദിക്കണമെന്ന കോൺഗ്രസിന്റെ വാദം വൻ വിവാദത്തിനു വഴി വച്ചിരുന്നു. കുടുംബത്തിനും ഇതിനോടായിരുന്നു താൽപര്യം. എന്നാൽ, നിഗംബോധ്ഘാട്ടിലായിരുന്നു അന്ത്യകർമങ്ങൾ നടത്തിയത്.