ശ്വാസകോശ രോഗം: ചൈനീസ് വൈറസിന് എതിരെ ജാഗ്രത വേണമെന്ന് കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) കേസുകൾ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അറിയിച്ചു. ശ്വാസകോശ രോഗങ്ങൾക്കുള്ള സമാന ലക്ഷണം തന്നെയാണ് ഈ രോഗബാധിതർക്കുണ്ടാവുകയെന്നും എൻസിഡിസി ഡയറക്ടർ ഡോ.അതുൽ ഗോയൽ അറിയിച്ചു.
ശൈത്യകാലമായതിനാൽ കുട്ടികളും മുതിർന്നവരും ഇതരരോഗങ്ങളുള്ളവരും ജാഗ്രത പുലർത്തണം. ജലദോഷവും കഫക്കെട്ടുമുള്ളവർ സാമൂഹിക അകലംപാലിച്ച് രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതാക്കണമെന്നും ഡോ.അതുൽ ഗോയൽ അറിയിച്ചു. ശ്വാസകോശരോഗങ്ങൾ നേരിടാനാവശ്യമായ സജ്ജീകരണങ്ങൾ ആരോഗ്യമേഖലയിൽ സുസജ്ജമാണ്. കോവിഡിനു സമാനമായി ചൈനയിൽ എച്ച്എംപിവി രോഗവ്യാപനം രൂക്ഷമാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ചൈനയോ ലോകാരോഗ്യ സംഘടനയോ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വർഗത്തിൽപെട്ട വൈറസാണ് രോഗകാരി. ശ്വാസകോശ അണുബാധയുള്ള കുട്ടികളുടെ സാംപിളുകളിൽ ഗവേഷണം നടത്തുന്നതിനിടെ 2001 ൽ ഡച്ച് ഗവേഷകരാണ് വൈറസ് ആദ്യം കണ്ടെത്തുന്നത്. രോഗലക്ഷണങ്ങൾ പ്രത്യക്ഷമാകില്ല എന്നതിനാൽ രോഗനിർണയം വൈകും. ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെ തുടങ്ങുന്ന ലക്ഷണങ്ങൾ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും തണുപ്പും പ്രധാന ഘടകമാണ്. വാക്സീനില്ലെന്നതും ആന്റി വൈറൽ മരുന്നില്ലെന്നതും വെല്ലുവിളിയാണ്.