യുഎസ് ജനപ്രതിനിധി സഭയിൽ ചുമതലയേറ്റ് 6 ഇന്ത്യൻ വംശജർ
Mail This Article
വാഷിങ്ടൻ ∙ യുഎസ് ജനപ്രതിനിധി സഭാംഗങ്ങളായി 6 ഇന്ത്യൻ വംശജർ സത്യപ്രതിജ്ഞ ചെയ്തു. ഇതാദ്യമാണ് ഇത്രയേറെ ഇന്ത്യൻ വംശജർ ജനപ്രതിനിധി സഭയിലെത്തുന്നുത്. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടിക്കാരാണ്. തുടർച്ചയായി ഏഴാമതും അംഗമാകുന്ന ഡോ. അമി ബേരയാണ് (സെവൻത് ഡിസ്ട്രിക്ട് ഓഫ് കലിഫോർണിയ) ഇവരിൽ ഏറ്റവും മുതിർന്ന അംഗം.
സുഭാഷ് സുബ്രഹ്മണ്യനാണ് (ടെൻത് ഡിസ്ട്രിക്ട് ഓഫ് വെർജീനിയ) പുതുമുഖം. റോ ഖന്ന (സെവന്റീൻത് ഡിസ്ട്രിക്ട് ഓഫ് കലിഫോർണിയ), രാജാ കൃഷ്ണമൂർത്തി (എയ്ത്ത് ഡിസ്ട്രിക്ട് ഓഫ് ഇലിനോയ്), പ്രമീള ജയപാൽ (സെവൻത് ഡിസ്ട്രിക്ട് ഓഫ് വാഷിങ്ടൻ), ഡോ. ശ്രീ തനേഡർ (തേർട്ടീൻത് ഡിസ്ട്രിക്ട് ഓഫ് മിഷിഗൻ) എന്നിവരാണ് ‘സമോസ കോക്കസി’ലെ മറ്റ് അംഗങ്ങൾ. ഖന്ന, കൃഷ്ണമൂർത്തി, പ്രമീള എന്നിവർ തുടർച്ചയായി അഞ്ചാം തവണയാണ് ജനപ്രതിനിധി സഭാംഗങ്ങളാകുന്നത്.
സ്പീക്കറായി റിപ്പബ്ലിക്കൻ പാർട്ടിയിലെ മൈക്ക് ജോൺസൺ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഹക്കിം ജഫ്രീസാണ് ഹൗസ് മൈനോറിറ്റി നേതാവ്. ഇന്നലെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച 119–ാം യുഎസ് കോൺഗ്രസിൽ 4 ഹിന്ദു അംഗങ്ങളുണ്ട്. സുഭാഷ് സുബ്രഹ്മണ്യൻ, രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, ഡോ. ശ്രീ തനേഡർ എന്നിവർ. പ്രമീള ജയപാൽ മതവിശ്വാസം പ്രഖ്യാപിക്കുന്നില്ല. ഡോ. അമി ബേര ഏകത്വവാദിയാണ്. സഭയിൽ 4 മുസ്‍ലിംകളും 3 ബുദ്ധമതക്കാരുമുണ്ട്. ജൂത മതക്കാരായ 31 അംഗങ്ങളുണ്ട്. 434 അംഗ സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 219, ഡെമോക്രാറ്റിക് പാർട്ടിക്ക് 215 അംഗങ്ങളാണുള്ളത്.
പാർലമെന്റിന്റെ സംയുക്ത സമ്മേളനം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേരും. ഡോണൾഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിക്കും. നവംബർ 5ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളി ആയിരുന്നു കമല. 20ന് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ന്യൂ ഓർലിയൻസ്, ലാസ് വേഗസ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാച്ചടങ്ങിന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.