ക്രിസ്മസ്–നവവത്സര ആഘോഷങ്ങൾ അനുകരിക്കരുതെന്ന് ആർഎസ്എസ്
Mail This Article
ന്യൂഡൽഹി ∙ ക്രിസ്മസ്–നവവത്സര ആഘോഷങ്ങളെ അന്ധമായി അനുകരിക്കരുതെന്ന് ആർഎസ്എസിന്റെ മുഖമാസികയായ ‘ഓർഗനൈസർ’. ഈ ആഘോഷങ്ങൾ നമ്മുടെ സംസ്കാരത്തിനും പരിസ്ഥിതിക്കും സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ആഴത്തിൽ ചിന്തിക്കണമെന്നും പ്രഫുല്ല ഖേട്കർ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു. ക്രൈസ്തവ സഭകൾ വഴിയുണ്ടായ ആംഗ്ലോ–സാക്സൻ മൂല്യങ്ങളുടെ അടിച്ചേൽപിക്കലും മതപരിവർത്തന പ്രവണതകളുമാണ് ഈ ആഘോഷങ്ങൾക്കു പിറകിലെ പ്രധാന ഘടകങ്ങൾ.
ഇസ്രയേലും ഒരു പരിധി വരെ ചൈനയും ഇത്തരം യൂറോപ്യൻ–അമേരിക്കൻ ആഘോഷങ്ങളെ ഒഴിവാക്കുകയും തനത് ദേശീയാഘോഷങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്തു. ശാസ്ത്രീയാടിത്തറയുള്ള പഞ്ചാംഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഓരോ ആഘോഷവും. കൃഷി വിളവെടുപ്പുമായി ബന്ധപ്പെട്ട് പല പ്രദേശങ്ങളിലും പുതുവത്സരാഘോഷങ്ങളുണ്ട്. ക്രിസ്മസുമായി ബന്ധപ്പെടുത്തിയാണു പാശ്ചാത്യർ കലണ്ടറും പുതുവത്സരാഘോഷവും കൊണ്ടുവന്നത്. – മുഖപ്രസംഗത്തിൽ പറയുന്നു.