ആണവോർജം: ഇന്ത്യൻ കമ്പനികളുടെ വിലക്കുനീക്കുമെന്ന് യുഎസ്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ, യുഎസ് കമ്പനികൾ തമ്മിൽ ആണവോർജരംഗത്തെ സഹകരണത്തിനു തടസ്സമായ നിയന്ത്രണങ്ങൾ എടുത്തുകളയുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബൈഡൻ സർക്കാർ 20നു അധികാരമൊഴിയാനിരിക്കെയാണു സന്ദർശനം.
ആണവോർജ മേഖലയിൽ യുഎസിന്റെ വിലക്കു നേരിട്ട സ്ഥാപനങ്ങളെ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ സ്ഥാപനങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് ഡൽഹി ഐഐടിയിൽ നടത്തിയ പ്രഭാഷണത്തിലാണു സള്ളിവൻ പറഞ്ഞത്. ഇതോടെ യുഎസ് കമ്പനികളുമായുള്ള സഹകരണത്തിന് ഈ സ്ഥാപനങ്ങൾക്ക് വഴിയൊരുങ്ങും. നടപടികൾ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ–പസിഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യ–യുഎസ് സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.