ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പരാമർശം: ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യരുതെന്ന് ആവശ്യം; ഹർജി തള്ളി
Mail This Article
പ്രയാഗ്‌രാജ് ∙ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ കുറ്റവിചാരണ (ഇംപീച്ച്മെന്റ്) ചെയ്യാനുള്ള പ്രമേയത്തെ ചോദ്യംചെയ്തുള്ള ഹർജി കോടതി തള്ളി. ഹർജി നിലനിൽക്കില്ലെന്ന് അലഹാബാദ് ഹൈക്കോടതി ജഡ്ജിമാരായ എ.റഹ്മാൻ മസൂദി, സുഭാഷ് വിദ്യാർഥി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സുപ്രീം കോടതി ബാർ അസോസിയേഷൻ അധ്യക്ഷൻ കൂടിയായ കപിൽ സിബലും മറ്റ് 54 എംപിമാരും ചേർന്നാണ് ജസ്റ്റിസ് ശേഖറിനെ കുറ്റവിചാരണ ചെയ്യാൻ നോട്ടിസ് നൽകിയത്. അതിൽ രാജ്യസഭാധ്യക്ഷൻ നടപടിയെടുക്കരുതെന്ന് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അശോക് പാണ്ഡെ ഹൈക്കോടതിയിൽ എത്തിയത്. ജഡ്ജിയെന്ന നിലയിൽ ആയിരുന്നില്ല മറിച്ച് ഹിന്ദു എന്ന നിലയിലായിരുന്നു ജസ്റ്റിസ് ശേഖറിന്റെ വിവാദ പരാമർശമെന്നായിരുന്നു ഹർജിയിലെ വാദം.
വിശ്വ ഹിന്ദു പരിഷത്തിന്റെ ചടങ്ങിലായിരുന്നു ജസ്റ്റിസ് ശേഖറിന്റെ വിവാദ പ്രസംഗം. ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞ ജസ്റ്റിസ് ശേഖർ, മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശങ്ങളും നടത്തിയിരുന്നു.