ഡോക്കിങ് പരീക്ഷണം; വലിയ ലക്ഷ്യങ്ങളുടെ ആദ്യപടി
Mail This Article
തിരുവനന്തപുരം ∙ ചന്ദ്രയാൻ 4, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ തുടങ്ങിയവ യാഥാർഥ്യമാക്കുന്നതിന്റെ ആദ്യപടിയാണ് ഡോക്കിങ് പരീക്ഷണമെന്ന് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്ടർ ഡോ.വി.നാരായണൻ. ഐഎസ്ആർഒ തലപ്പത്തേക്ക് നിയമിതനായ അദ്ദേഹത്തിന് ബഹിരാകാശ വകുപ്പ് സെക്രട്ടറി, സ്പേസ് കമ്മിഷൻ ചെയർമാൻ സ്ഥാനങ്ങൾ ലഭിച്ചുകഴിഞ്ഞു. ഇൗ 2 ചുമതലകളും വഹിക്കുന്ന ആളാണ് ഐഎസ്ആർഒ മേധാവിയാകുക. നിലവിൽ ഇൗ 3 ചുമതലകളും വഹിക്കുന്ന എസ്. സോമനാഥ് 14ന് വിരമിക്കും. ചുമതല ഏൽപിച്ച പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും രാജ്യത്തിനും ഡോ.വി.നാരായണൻ നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസും നിലവിലെ ചെയർമാൻ ഡോ.സോമനാഥുമാണ് പുതിയ ചുമതല അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
-
Also Read
ഈ വർഷം 10 ഇഎസ്ഐ മെഡിക്കൽ കോളജുകൾ
എന്തൊക്കെയാണ് ഐഎസ്ആർഒ ചെയർമാനെ കാത്തിരിക്കുന്ന ദൗത്യങ്ങൾ?
ഒട്ടേറെ പദ്ധതികൾ നടക്കുന്നുണ്ട്. മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച ശേഷം സുരക്ഷിതമായി തിരികെയെത്തിക്കുന്ന ഗഗൻയാൻ പദ്ധതിയിലെ ജി1 ദൗത്യം അടുത്ത മാസങ്ങളിൽ വിക്ഷേപിക്കും. യാത്രികരില്ലാത്ത 3 ദൗത്യങ്ങൾക്കു ശേഷമേ ഗഗൻയാൻ ദൗത്യം നടത്താനാകൂ. നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) വികസിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. നാവിഗേഷൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണം, ചന്ദ്രയാൻ 4 ദൗത്യത്തിന്റെ അടിസ്ഥാന കാര്യങ്ങൾ തുടങ്ങിയവയുമുണ്ട്.
സ്പേഡെക്സ് ഡോക്കിങ് പരീക്ഷണം എത്രത്തോളം പ്രധാനമാണ്?
ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ വിവിധ ഭാഗങ്ങൾ ബഹിരാകാശത്ത് വെവ്വേറെ എത്തിച്ച് അവിടെ വച്ചു കൂട്ടിച്ചേർക്കുകയാണു ചെയ്യുക. അതുപോലെ അന്തരീക്ഷ സ്റ്റേഷനിലേക്ക് മനുഷ്യരെ എത്തിക്കുന്ന പേടകങ്ങളെ സ്റ്റേഷനുമായി ബന്ധിപ്പിക്കേണ്ടി വരും. ചന്ദ്രയാൻ 4 ദൗത്യത്തിൽ വിവിധ ഘട്ടങ്ങളിലായി ബഹിരാകാശത്തു വച്ചും ചന്ദ്രനിലെ ഭ്രമണപഥത്തിൽ വച്ചും ഡോക്കിങ് നടത്തേണ്ടതുണ്ട്. ഇതിനെല്ലാം സഹായിക്കുന്ന സാങ്കേതിക വിദ്യ കുറ്റമറ്റതാക്കി വികസിപ്പിക്കാൻ സ്പേഡെക്സ് പരീക്ഷണം വിജയിക്കേണ്ടത് അനിവാര്യമാണ്.