ഗതി പിടിക്കാതെ കൊച്ചുവേളി ടെർമിനൽ; സംസ്ഥാന സർക്കാരിനും താൽപര്യമില്ല
Mail This Article
കൊച്ചി∙ നേമം, കൊച്ചുവേളി റെയിൽവേ ടെർമിനൽ പദ്ധതികൾ അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് ആക്ഷേപം. നാഗർകോവിൽ കേന്ദ്രീകരിച്ചു പുതിയ ടെർമിനൽ സ്ഥാപിക്കുന്നതു വരെ കൊച്ചുവേളിയും നേമവും നടപ്പാക്കാതെ ഇരിക്കുക എന്ന ലക്ഷ്യത്തോടെ 2 പദ്ധതികൾക്കും പണം അനുവദിക്കാതിരിക്കാൻ റെയിൽവേ ബോർഡ് തലത്തിൽ ചരടുവലികൾ നടക്കുന്നുവെന്നാണ് ആക്ഷേപം. കൊച്ചുവേളി വികസനത്തിനു 34 കോടി രൂപയും നേമത്തിനു 132 കോടി രൂപയുമാണു പദ്ധതി വിഹിതമായി കേരളം ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ 2 പദ്ധതിക്കും പണം ലഭിച്ചില്ലെന്നു മാത്രമല്ല. നാഗർകോവിൽ–തിരുനെൽവേലി പാത ഇരട്ടിപ്പിക്കലിനു 345 കോടി രൂപ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരം മുതൽ നേമം വരെ പാത ഇരട്ടിപ്പിക്കലിനു ഭൂമിയേറ്റെടുക്കാൻ 207 കോടി രൂപ നൽകണമെന്നു കാണിച്ചു സംസ്ഥാന സർക്കാരും റെയിൽവേയ്ക്കു നേരത്തെ കത്തു നൽകിയിട്ടുണ്ട്. ഈ ഭൂമി കൂടി ലഭിച്ചാലെ നേമം ടെർമിനൽ യാഥാർത്ഥ്യമാക്കാൻ കഴിയൂ. എന്നാൽ നാഗർകോവിലിൽ പുതിയ ടെർമിനൽ വരുന്നതോടെ നേമവും കൊച്ചുവേളിയും അപ്രസക്തമാകും. മംഗളൂരുവിലും നാഗർകോവിലിലും അവിടുത്തെ ടെർമിനലുകൾ ഉപയോഗിച്ചു േകരളത്തിലേക്കുളള ട്രെയിനുകളോടിക്കുന്നതിനു എതിരെ പ്രദേശിക വികാരം ശക്തമാണ്.
റെയിൽവേ വിചാരിച്ചാൽ ഒരു മാസത്തിനുളളിൽ കൊച്ചുവേളിയിൽ 2 പ്ലാറ്റ്ഫോം പ്രവർത്തന യോഗ്യമാക്കാൻ കഴിയും. ആവശ്യത്തിനു ടെർമിനൽ സൗകര്യങ്ങളില്ലാത്തതിനാൽ തിരുവനന്തപുരത്ത് എത്തുന്ന ട്രെയിനുകളോ പുറപ്പെടുന്ന ട്രെയിനുകളോ കൃത്യസമയം പാലിക്കുന്നില്ല. കോട്ടയം വഴിയുളള പാത ഇരട്ടിപ്പിക്കൽ കഴിഞ്ഞാലും ടെർമിനൽ സൗകര്യം ഇല്ലാതെ പുതിയ ട്രെയിനോടിക്കാൻ കഴിയില്ല. കൊല്ലത്ത് പിറ്റ്‌ലൈനു ആവശ്യത്തിനു സ്ഥലമുണ്ടെങ്കിലും ആദ്യം അനുകൂല റിപ്പോർട്ട് നൽകിയ ദക്ഷിണ റെയിൽവേ ഇപ്പോൾ പറ്റില്ലെന്ന നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ റെയിൽവേ ബോർഡിനെ സമീപിക്കുമെന്നു എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
ഗതി പിടിക്കാതെ കൊച്ചുവേളി
കൊച്ചുവേളിയിൽ 2 പ്ലാറ്റ്ഫോമുകൾക്കു താഴെ ലൈൻ നിർമിക്കുന്ന പണി ഡിവിഷനു ചെയ്യാമെങ്കിലും അധികൃതർ അനങ്ങിയിട്ടില്ല. ഡിവിഷൻ ആസ്ഥാനത്തു ഏതു സമയവും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗങ്ങളാണ്. ചായയും ബിസ്ക്കറ്റും തീരുന്നതല്ലാതെ വികസന പ്രവർത്തനങ്ങളുടെ കാര്യത്തിലും പുതിയ ട്രെയിനുകളുടെ കാര്യത്തിലൊന്നും ഒരു തീരുമാനവുമില്ല. കൊച്ചുവേളിയിൽ മൂന്നാം പ്ലാറ്റ്ഫോമിനു താഴെ ട്രാക്കിടാൻ തടസമായി നിൽക്കുന്ന കരാറുകാരന്റെ കെട്ടിടം പൊളിച്ചു കളയാൻ ദക്ഷിണ റെയിൽവേ നിർദേശം നൽകിയിട്ടും ഡിവിഷൻ അതു ചെയ്തിട്ടില്ലെന്നു വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ജന.സെക്രട്ടറി തോമസ് സൈമൺ ആരോപിച്ചു. ഇത് സംബന്ധിച്ചു ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കു പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എന്തു കാരണത്താലാണു 2 പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാത്തതെന്നു റെയിൽവേ വ്യക്തമാക്കണം. 3 പിറ്റ്‌ലൈനുകളുളള കൊച്ചുവേളിയിൽ 63 ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്താമെങ്കിലും പ്രതിവാരം 20 ട്രെയിനുകൾ മാത്രമാണു ഇപ്പോൾ ഒാപ്പറേറ്റ് ചെയ്യുന്നത്. അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകൾ നിർത്താൻ സൗകര്യമില്ലാത്തതാണു കൊച്ചുവേളി പൂർണ്ണ ശേഷിയിൽ ഉപയോഗപ്പെടുത്താൻ കഴിയാത്തതിനു കാരണം. 2 പ്ലാറ്റ്ഫോമുകൾക്കു താഴെ കാടു പിടിച്ചു കിടക്കുന്നതു വൃത്തിയാക്കി ട്രാക്കിടുകയും സിഗ്നൽ സംവിധാനം പരിഷ്കരിക്കുകയും ചെയ്താൽ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യാൻ കഴിയും.
‘ഇരട്ടപ്പാതയില്ലാത്തതു കൊണ്ടാണു പുതിയ ട്രെയിൻ നൽകാത്തതെന്നാണു ഇത്രയും കാലം റെയിൽവേ പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നു ടെർമിനൽ ഇല്ലെന്ന്. ടെർമിനൽ ഉണ്ടാക്കേണ്ടതു റെയിൽവേയാണോ അതോ യാത്രക്കാരാണോ?’ അസോസിയേഷൻ ചോദിക്കുന്നു. ഒാരോ കാലഘട്ടത്തിലും ഒാരോ കാരണങ്ങൾ കണ്ടെത്തി കേരളത്തിനു ട്രെയിൻ നിഷേധിക്കുകയാണു റെയിൽവേ ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഉദ്യോഗസ്ഥർക്കു പണിയെടുക്കാൻ വയ്യ എന്നതാണു യാഥാർത്ഥ്യം. ഒരു ട്രെയിൻ വന്നാൽ അത്ര കൂടി പണി കൂടും. അപ്പോൾ അതു വരാതിരിക്കാനുളള അടവുകൾ അവർ പുറത്തിറക്കും. കഴിഞ്ഞ 5 വർഷമായി കേരളത്തിൽ നിന്നു മുംബൈയിലേക്കു കോട്ടയം വഴി പ്രതിദിന ട്രെയിൻ ആവശ്യപ്പെടുന്ന സംഘടന ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സർക്കാരിനും താൽപര്യമില്ല
കൊച്ചുവേളി വികസിപ്പിക്കുന്നതിനോടു സംസ്ഥാന സർക്കാർ വലിയ താൽപര്യം കാണിക്കുന്നില്ലെന്നു പരാതിയുണ്ട്. കൊച്ചുവേളിയിൽ നിന്നു നഗരത്തിൽ എത്താൻ ആവശ്യത്തിനു ബസുകളില്ലാത്തതാണു ഇതിനു കാരണം. കെഎസ്ആർടിസി ചെയിൻ സർവീസ് ഏർപ്പെടുത്തിയാൽ ഇവിടുത്തെ യാത്രാക്ലേശം പരിഹരിക്കപ്പെടും. എന്നാൽ കെഎസ്ആർടിസി അതിനു തയാറല്ല. ട്രെയിൻ വരുമ്പോൾ 2 എസി ബസുകൾ മാത്രമാണു സ്റ്റേഷനിലുണ്ടാകുക. എന്നാൽ ഒാരോ ട്രെയിനിലും 5 ബസിനുളള ആളുകൾ കൊച്ചുവേളിയിൽ ഇറങ്ങാനുണ്ട്. ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി സ്റ്റേഷനിൽ നിന്നു ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടു പതിവായി റെയിൽവേയ്ക്കു കത്തയ്ക്കുന്നുണ്ട്.
എന്നാൽ ബസ് ഒാടിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനു ഗതാഗത വകുപ്പിനുമാണെന്ന് അറിയാതെയാണു ഇവർ കത്തയ്ക്കുന്നതെന്നാണ് ആക്ഷേപം. കഴക്കൂട്ടത്തു നിന്നുളള ബസുകൾ കൊച്ചുവേളി ടെർമിനൽ വഴി തിരിച്ചു വിട്ടാൽ പ്രശ്ന പരിഹാരമാകുമെങ്കിലും ഒാട്ടോ,ടാക്സി തൊഴിലാളികളെ സഹായിക്കാനായി മനപൂർവം സർവീസ് നടത്താതിരിക്കുകയാണെന്നാണ് ആക്ഷേപം. നഗരത്തിലേക്കു പോകാൻ തോന്നിയ നിരക്കാണു ഒാട്ടോക്കാർ ഈടാക്കുന്നതെന്നു പരാതിയുണ്ട്.
Content Highlight: Nemam Kochuveli Railway Terminal Project