ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം മാനസിക ആരോഗ്യ ചികിത്സാ കേന്ദ്രത്തിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനു ഹൈക്കോടതിയുടെ ഇടപെടൽ. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള മേൽ നോട്ട സമിതി ഇവിടെ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിട്ടു. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. 

മാനസിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിലാണ് ഉത്തരവ്. ജസ്റ്റിസ് സതീഷ് നൈനാന്റെതാണ് ഉത്തരവ്. കിടപ്പു രോഗികൾക്കുള്ള കെട്ടിടത്തിലെ അസൗകര്യങ്ങളും വൃത്തിഹീനമായ അന്തരീക്ഷവും ചൂണ്ടിക്കാട്ടിയാണ് അമിക്കസ് ക്യൂറി വി.രാംകുമാർ നമ്പ്യാരുടെ റിപ്പോർട്ട്. 

രോഗികളെ പാർപ്പിച്ചിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകര ഷീറ്റുകൾ ആയതിനാൽ കടുത്ത ചൂടാണ് അനുവഭവിക്കേണ്ടി വരുന്നത്. മുറികൾക്കു വേണ്ടത്ര വായു സഞ്ചാരത്തിനുള്ള സംവിധാനം ഇല്ലാത്തതും അന്തേവാസികളുടെ ജീവിതം ദുഃസ്സഹമാക്കുകയാണ്. താമസിപ്പിക്കാവുന്നതിലും അധികം ആളുകളെയാണ് ഓരോ മുറികളിലും താമസിപ്പിച്ചിരിക്കുന്നത്. സെല്ലുകളിലും മുറികളിലും വേണ്ടത്ര വൃത്തിയില്ലെന്നും കണ്ടെത്തി.

മെത്തയോ, ഷീറ്റൊ, പുതപ്പോ ഇല്ലാതെ വെറും തറയിലാണ് രോഗികൾ കിടക്കുന്നത്. വേണ്ടത്ര ഡോക്ടർമാരും നഴ്സുമാരും ഭക്ഷണം ഉണ്ടാക്കുന്നവരും പോലും ഇവിടെയില്ല, തുടങ്ങിയ വിവരങ്ങളെല്ലാം അമിക്കസ് ക്യൂറി കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കുന്നതിനു  മാറ്റി വച്ചു.

English Summary: Thiruvananthapuram Mental Health Hospital lacking facilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com