‘ഇതും നെഹ്റുവിന്റെ കുറ്റമാണോ?’; വൈദ്യുതി പ്രതിസന്ധിയിൽ മോദിയെ പരിഹസിച്ച് രാഹുൽ
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ നിലവിലെ ഊർജ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൽക്കരി ക്ഷാമവും അതേത്തുടർന്നു രാജ്യം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയും പരിഹരിക്കാൻ കഴിയാത്തതിൽ നിങ്ങൾ ആരെയാണു പഴിചാരാൻ പോകുന്നതെന്ന് രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു.
‘പ്രധാനമന്ത്രിയുടെ വാദ്ഗാനങ്ങളും ലക്ഷ്യങ്ങളും എപ്പോഴും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഈ ഊർജ പ്രതിസന്ധി പരിഹരിക്കാൻ നിങ്ങൾ പരാജയപ്പെട്ടതിൽ ആരെയാണു കുറ്റം പറയുക? നെഹ്റുവിനെയോ അതോ സംസ്ഥാനങ്ങളെയോ അതുമല്ലെങ്കിൽ ജനങ്ങളെയോ?’–രാഹുൽ ഗാന്ധി ചോദിച്ചു.
ട്വീറ്റിനൊപ്പം പ്രധാനമന്ത്രി മോദിയുടെ ഒരു വിഡിയോയും രാഹുൽ പങ്കുവച്ചു. 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന് മോദി ഉറപ്പു നൽകുന്നതും നിലവിലെ വൈദ്യുതി പ്രസിഡന്ധിയുമായി ബന്ധപ്പെട്ടു വന്ന വാർത്തകളും അടങ്ങുന്ന വിഡിയോയാണ് ട്വീറ്റിനൊപ്പം പങ്കുവച്ചത്. ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും മോശം സ്ഥിതിയിലാണ്. കൽക്കരി ക്ഷാമമാണു പ്രതിസന്ധി രൂക്ഷമാക്കുന്നത്. കൽക്കരി ലഭ്യത കൂട്ടാൻ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അടുത്ത മാസത്തോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണു വിലയിരുത്തൽ.
English Summary : ‘Nehru ji to blame?' Rahul Gandhi takes dig at PM Modi over power crisis