ADVERTISEMENT

തിരുവനന്തപുരം∙എൽഡിഎഫിന്റെ മേഖലാ ജാഥകൾ തൃശൂരിൽ സമാപിക്കുന്ന മാർച്ച് രണ്ടിനു തൊട്ടടുത്ത ദിവസം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലു സ്ഥാനാർഥികളെ സിപിഐ തീരുമാനിക്കും. ഇതിനായി മാർച്ച് മൂന്ന്, നാല് തീയതികളിൽ സിപിഐ സംസ്ഥാന നിർവാഹക സമിതിയും കൗൺസിലും വിളിച്ചു. ഇവിടെ അന്തിമമാക്കുന്ന പേരുകളുമായി നാലിനു വൈകിട്ട് നേതാക്കൾ ഡൽഹിക്കു തിരിക്കും.

അഞ്ചിനു കേന്ദ്ര സെക്രട്ടേറിയറ്റും ആറ്, ഏഴ് തീയതികളിൽ ദേശീയ നിർവാഹക സമിതിയും ചേരും. എൽഡിഎഫിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന പാർട്ടിയായി മാറാനാണു സിപിഐ ശ്രമിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് എന്നീ നാലു സീറ്റുകളിൽ തന്നെ മത്സരിക്കുമെന്ന തീരുമാനത്തിലാണു പാർട്ടി. ജില്ലാതലത്തിൽ മൂന്നു പേരുകൾ വീതം നിർദേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മാവേലിക്കര, വയനാട് മണ്ഡലങ്ങൾ മൂന്നു ജില്ലകളിൽ കയറിക്കിടക്കുന്നതിനാൽ മൂന്നു ജില്ലാ കമ്മിറ്റികൾക്കും മുന്നുപേരെ വീതം നിർദേശിക്കാം. ലോക്സഭയിൽ നിലവിൽ സിപിഐക്കു തൃശൂർ എംപിയായ സി.എൻ‍. ജയദേവൻ മാത്രമാണുള്ളത്. ഇത്തവണയും ജയസാധ്യത കേരളത്തിലൊതുങ്ങുന്നുവെന്നതിനാൽ ഏതുവിധേനയും ഇവിടെ കൂടുതൽ സീറ്റു നേടാൻ ശ്രമിക്കണമെന്നാണു നാലിടത്തും വിളിച്ചുചേർത്ത നേതൃയോഗങ്ങളിൽ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്.

നിയമസഭയിൽ 2016 ൽ നേടിയ 19 സീറ്റിന്റെ തിളക്കം ലോക്സഭാ തിരഞ്ഞെടുപ്പാകുമ്പോൾ നഷ്ടപ്പെടരുതെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. മാവേലിക്കരയും തൃശൂരും സിപിഐ മത്സരിക്കുമെന്നുറപ്പാണ്. തിരുവനന്തപുരം സീറ്റ് വച്ചുമാറ്റ ചർച്ചകളിൽ പരിഗണിക്കുന്ന മണ്ഡലമാണ്.അവസാനഘട്ടത്തിലെ ഏതെങ്കിലും നീക്കുപോക്കുകളിലേക്കു വയനാടും കടന്നുവന്നേക്കാം. എന്നാൽ തങ്ങളുടെ കാര്യത്തിൽ തൽസ്ഥിതി നിലനിർത്തുന്നതാകും ആശയക്കുഴപ്പങ്ങളൊഴിവാക്കാൻ നല്ലതെന്നാണു സിപിഎം നേതൃത്വത്തെ സിപിഐ ധരിപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com