ADVERTISEMENT

തിരുവനന്തപുരം∙ പ്രളയത്തിൽ നശിച്ച അരി തമിഴ്നാട്ടിലെ അരി മില്ലിൽ കണ്ടെത്തിയ കാര്യം നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയിൽ നിന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഒഴിവാക്കി. സഭയിൽ മറുപടി നൽകാൻ സപ്ലൈകോ അധികൃതർ തയാറാക്കി ഭക്ഷ്യ സെക്രട്ടറിക്കു കൈമാറിയ കുറിപ്പിൽ ഇക്കാര്യം പറഞ്ഞിരുന്നു. പ്രളയത്തിൽ നശിച്ച അരി തമിഴ്നാട്ടിലെ മില്ലുകളിൽ എത്തിച്ചതു തെളിവു സഹിതം മനോരമ പുറത്തുവിട്ടിരുന്നു.

ടി.വി. ഇബ്രാഹിം എംഎൽഎയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനു (2237) കഴിഞ്ഞ ആറിനു നൽകിയ മറുപടിയിലാണു തമിഴ്നാട്ടിൽ അരി പിടിച്ചെടുത്ത കാര്യം മന്ത്രി ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട നാലു ചോദ്യങ്ങളിൽ ആദ്യ മൂന്നിനും സപ്ലൈകോ കൈമാറിയ ഉത്തരം അതേപടി നൽകുകയും ചെയ്തു. പ്രളയത്തിൽ കേടുവന്ന അരിയും നെല്ലും നീക്കാൻ ടെൻഡർ വഴി ലഭിച്ചവരുടെ വിവരം, അതിന്റെ അളവ് എന്നിവ അറിയിച്ച മന്ത്രി ഈ അരി തമിഴ്നാട്ടിലേക്കു കടത്തി പുതിയ പായ്ക്കറ്റുകളിലാക്കി കേരളത്തിലേക്കു തിരികെ കൊണ്ടുവരുന്നതായ പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടെന്നു മാത്രം പറഞ്ഞു.

സംഭവം ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച മുൻകരുതലുകളെക്കുറിച്ചായിരുന്നു നാലാം ചോദ്യം. ‘‘സപ്ലൈകോ വിജിലൻസ് ഓഫിസർ തമിഴ്നാട്ടിൽ പോയി അന്വേഷിക്കുകയും പെരുമ്പാവൂരിലെ മില്ലുകളിൽ നിന്നു കരാറുകാർ എടുത്ത അരി കണ്ടെത്തുകയും ചെയ്തു. ഇതിനു കരാറുകാരനു കാരണം കാണിക്കൽ നോട്ടിസ് നൽകി. അരി സംഭരിച്ച ഗോഡൗൺ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ആർഡിഒ, ജില്ലാ സപ്ലൈ ഓഫിസർ എന്നിവർക്കു കേടായ അരി സംബന്ധിച്ച വിവരങ്ങളും ഹൈക്കോടതി ഉത്തരവും അയച്ചു കൊടുത്തു’’- സപ്ലൈകോ ഇങ്ങനെയാണു മറുപടി തയാറാക്കി നൽകിയത്. അതു മന്ത്രി ഒഴിവാക്കി.

അനൂപ് ജേക്കബ് എംഎൽഎയുടെ മറ്റൊരു ചോദ്യത്തിനു മന്ത്രി നൽകിയ ഉത്തരവും തെറ്റി. കേടായ അരിയും നെല്ലും നീക്കാൻ കരാർ എടുത്ത കമ്പനി ടെൻഡർ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയോ എന്ന ചോദ്യത്തിന് ‘‘ഇല്ല’’ എന്നായിരുന്നു മറുപടി. എങ്കിൽ ഈ കമ്പനിക്കു സപ്ലൈകോ കാരണം കാണിക്കൽ നോട്ടിസ് നൽകിയത് എന്തിനെന്ന ചോദ്യം ഉയരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com