കെവിൻ വധം: കൈക്കൂലി വാങ്ങിയ എഎസ്ഐയെ പിരിച്ചുവിട്ടു
Mail This Article
കോട്ടയം ∙ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിൻ പി. ജോസഫിനെ തട്ടിക്കൊണ്ടുപോകാൻ വന്ന സംഘത്തിന്റെ വാഹനം കൈക്കൂലി വാങ്ങി വിട്ടയച്ച സംഭവത്തിൽ ഗാന്ധിനഗർ എഎസ്ഐ: ടി.എം. ബിജുവിനെ സർവീസിൽ നിന്നു പിരിച്ചു വിട്ടു. കെവിൻ വധക്കേസ് പ്രതി ഷാനു ചാക്കോയുടെ പക്കൽനിന്നു പൊലീസ് പട്രോളിങ്ങിനിടെ കൈക്കൂലി വാങ്ങിയെന്ന കേസിലാണു നടപടി. എഎസ്ഐ കൈക്കൂലി വാങ്ങിയതായി പൊലീസ് പട്രോൾ സംഘത്തിലെ ഡ്രൈവർ സിപിഒ അജയകുമാർ മൊഴി നൽകിയിരുന്നു. അജയകുമാറിന്റെ ഇൻക്രിമെന്റ് 3 വർഷം പിടിച്ചുവയ്ക്കാനും തീരുമാനമായി.
കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ അഭിഭാഷകനെ കണ്ടശേഷം മടങ്ങി വരുമ്പോൾ കഴിഞ്ഞ നവംബറിൽ കാർ ലോറിയുമായി ഇടിച്ച് പരുക്കേറ്റ് ഇരുവരും ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കേസിൽ കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നു ഗാന്ധിനഗർ മുൻ എസ്ഐ: എം.എസ്.ഷിബുവിനെ പിരിച്ചുവിടാനുള്ള നടപടികളും ഐജി വിജയ് സാക്കറെ തുടങ്ങി. നോട്ടിസിന് മറുപടി നൽകാൻ ഷിബുവിന് 15 ദിവസം അനുവദിച്ചു.
തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം കെവിനെ പെൺകുട്ടിയുടെ സഹോദരൻ ഷാനുവിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം തട്ടിക്കൊണ്ടുപോയി തെന്മല ചാലിയേക്കരയ്ക്കു സമീപം തോട്ടിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. പ്രതികൾക്കു പൊലീസ് വഴിവിട്ടു സഹായം ചെയ്തു നൽകിയെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.