8 കൊലയാളികൾ, 3 വാഹനങ്ങൾ; ലക്ഷ്യമിട്ടത് ശരത്‍ലാലിനെ, ആദ്യം വെട്ടിയത് കൃപേഷിനെ
Mail This Article
കാസർകോട് ∙ പെരിയ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതികളുടെ മൊഴി പ്രകാരം സംഭവത്തെക്കുറിച്ചു പൊലീസിനു ലഭിച്ച വിവരങ്ങൾ ഇങ്ങനെ:
∙ കോൺഗ്രസുകാരിൽ നിന്നു മർദനമേറ്റതിൽ പീതാംബരനു കടുത്ത പകയുണ്ടായി. തുടർന്നു സുഹൃത്തായ സജിയുമായി ചേർന്നു ശരത്‍ലാലിനെ തിരിച്ചടിക്കാൻ തീരുമാനിച്ചു.
∙ അക്രമി സംഘത്തിന്റെ ലക്ഷ്യം ശരത്‍ലാൽ മാത്രമായിരുന്നു. അതിനാൽ ശരത്തിന്റെ പോക്കുവരവുകൾ നിരീക്ഷിച്ചു. 17 നു പെരുങ്കളിയാട്ട സ്വാഗതസംഘം സ്ഥലത്തു നിന്നു മടങ്ങിയതായി സൂചന ലഭിച്ചു.
∙ കൃത്യം നടത്താനായി വൈകിട്ട് 7.30 ഓടെ കല്യോട്ടെ സ്കൂളിനടുത്ത റബർതോട്ടത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ സംഘം ഒളിഞ്ഞിരുന്നു. രക്ഷപ്പെടാൻ പാകത്തിൽ വാഹനങ്ങൾ നേരത്തേ വിവിധ സ്ഥലങ്ങളിൽ തയാറാക്കി നിർത്തി.
∙ ബൈക്കിൽ കൃപേഷും ശരത്‍ലാലും വരുന്നതു കണ്ടതോടെ അക്രമിസംഘം റോഡിലേക്കു ചാടിവീണു. അക്രമികളെ തിരിച്ചറിഞ്ഞ ശരത് ബൈക്ക് നിർത്താൻ തയാറായില്ല. ഇതോടെ ഇവർ ബൈക്കിൽ ചവിട്ടി. ബൈക്ക് മറിഞ്ഞു വീണത് കെ.എം. സുരേഷ് നിന്ന ഭാഗത്തേക്ക്. ബൈക്ക് മറിയുന്നതു കണ്ട സുരേഷ് ആഞ്ഞുവെട്ടി. വെട്ട് കൊണ്ടതു കൃപേഷിന്റെ തലയ്ക്ക്.
∙ വെട്ടുകൊണ്ട കൃപേഷ് മരണവെപ്രാളത്തിൽ മുന്നോട്ട് ഓടിപ്പോയി. ഇതോടെ കൃപേഷിനെ ഉപേക്ഷിച്ചു ശരത്‍ലാലിനു നേരെ സംഘം തിരിഞ്ഞു. ഇതിനിടെ സുരേഷിന്റെ കൈയിലെ വാളിന്റെ പിടി ഊരിത്തെറിച്ചു. ഇത് ഉപയോഗിച്ചു വെട്ടുന്നതിനിടെ സുരേഷിന്റെ വലതുകൈക്കു മുറിവേറ്റു. സംഘത്തിലെ മുഴുവൻ പേരും ശരത്‍ലാലിനെ തുരുതുരാ വെട്ടി വഴിയിൽ ഉപേക്ഷിച്ചു. മടങ്ങുന്നതിനിടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളിൽ ചിലതു പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു. എന്നാൽ ഒരാൾ മാത്രം പുതിയ വാൾ ഉപേക്ഷിക്കാൻ തയാറായില്ല. വാൾ തിരികെ കൊണ്ടുവരുന്നതു കണ്ട മറ്റുള്ളവർ നിരുത്സാഹപ്പെടുത്തിയതോടെ അതും ഉപേക്ഷിച്ചു. ഇത് ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല.
∙ തുടർന്നു നേരത്തെ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഓടിക്കയറി, വിവിധ ഭാഗങ്ങളിലേക്കു രക്ഷപ്പെട്ടു. 8 പ്രതികൾ 3 വാഹനങ്ങളിലായാണു രക്ഷപ്പെട്ടത്. സജി ജോർജിന്റെ വണ്ടിയിൽ 4 പേരും മറ്റു വാഹനങ്ങളിൽ 2 പേർ വീതവുമാണു രക്ഷപ്പെട്ടത്
∙ സംഘം ആദ്യം പാർട്ടി കേന്ദ്രമായ വെളുത്തോളിയിൽ എത്തി. അവിടെ നിന്നു മറ്റൊരു കേന്ദ്രത്തിൽ. എന്തു മൊഴി നൽകണമെന്ന കാര്യത്തിൽ നിയമോപദേശം ചർച്ച ചെയ്തത് ഇവിടെ വച്ചാണ്.
∙ രാത്രി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വണ്ടിയെക്കുറിച്ചു വിവരം ലഭിച്ച പൊലീസുകാർ സ്ഥലത്തെത്തി. വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായിരുന്ന സജിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്ത ദിവസം 19നു പുലർച്ചെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി. ഒരാൾ മാത്രം ഹാജരായില്ല. ഇയാൾ അറസ്റ്റിലാകാനുണ്ട്.