വിജിലൻസിനു തലവനില്ലാതായി; പഴയതെല്ലാം വിഴുങ്ങി
Mail This Article
തിരുവനന്തപുരം∙ ഡിജിപി: ബി.എസ്. മുഹമ്മദ് യാസീൻ ഡയറക്ടർ സ്ഥാനത്തു നിന്നു വിരമിച്ചതോടെ വിജിലൻസിനു നാഥനില്ലാതായി. ദക്ഷിണമേഖല എഡിജിപി അനിൽകാന്തിനെ വിജിലൻസിൽ ഇന്നലെ നിയമിച്ചെങ്കിലും ഡയറക്ടറുടെ ചുമതല നൽകിയില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതിനെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
അനിൽ കാന്തിനെ വിജിലൻസിൽ എഡിജിപിയുടെ ഒഴിവുള്ള തസ്തികയിൽ നിയമിക്കുന്നു എന്നു മാത്രമാണ് ഉത്തരവിൽ പറയുന്നത്. ഡയറക്ടറുടെ ചുമതല ഉത്തരവിൽ നൽകാതെ ആ അധികാരം അദ്ദേഹത്തിനു വിനിയോഗിക്കാൻ കഴിയില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാർ അന്ന് എഡിജിപിയായിരുന്ന എൻ.ശങ്കർ റെഡ്ഡിയെ വിജിലൻസിൽ നിയമിച്ചപ്പോൾ ഡയറക്ടറുടെ പൂർണ ചുമതലയും നൽകിയിരുന്നു. അനിൽ കാന്തിനെ വിജിലൻസ് എഡിജിപി ആയിട്ടാണു നിയമിച്ചതെന്നും ഡയറക്ടർ ആയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.
കേന്ദ്ര സർക്കാർ അംഗീകരിച്ച നാലു ഡിജിപിമാരും കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാന സർക്കാർ ഡിജിപി പദവി നൽകിയ മൂന്നു പേരും സംസ്ഥാനത്തുണ്ട്. ഇതിൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്. മറ്റ് ആറു പേരെയും തഴഞ്ഞാണു വിജിലൻസിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ തലപ്പത്തു നിയമിച്ചത്. ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ എഡിജിപി എങ്ങനെ അന്വേഷിക്കുമെന്ന ചോദ്യം സ്വാഭാവികം.
ബാർ കോഴ വിവാദമുണ്ടായപ്പോഴാണു എഡിജിപി ശങ്കർ റെഡ്ഡിയെ മുമ്പു വിജിലൻസ് ഡയറക്ടറാക്കിയത്. ഡിജിപി റാങ്കുള്ള മുന്നു പേരുണ്ടായിട്ടും എഡിജിപി റാങ്കുള്ള ആളെ തലപ്പത്തേക്കു കൊണ്ടുവന്നതു ഉമ്മൻചാണ്ടിക്കും കൂട്ടർക്കും ഇഷ്ടപ്പെടുന്ന കാര്യം സാധിച്ചെടുക്കാനാണെന്നാണു 2016 ഫെബ്രുവരിയിൽ പിണറായി പറഞ്ഞത്. സാധാരണ ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരെയാണു വിജിലൻസ് ഡയറക്ടറായി നിയമിക്കാറുള്ളത്. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിന് ഇതാവശ്യമാണെന്നും പിണറായി പറഞ്ഞിരുന്നു. അതെല്ലാം ഇപ്പോൾ വിഴുങ്ങി.
ഈ സർക്കാർ വന്നപ്പോൾ ആദ്യം ഡിജിപി ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കി . അദ്ദേഹം അനഭിമതനായപ്പോൾ നിർബന്ധിത അവധിയെടുപ്പിച്ചു. പിന്നീട് സ്ഥാനത്തു നിന്നു നീക്കി. ഒടുവിൽ തുടരെ സസ്പെൻഷനും .പിന്നീട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല നൽകി.ഹൈക്കോടതി വിമർശിച്ചപ്പോൾ എൻ.സി.അസ്താനെയെയും തുടർന്നു മുഹമ്മദ് യാസീനെയും ഡയറക്ടർമാരാക്കി.
അനിൽ കാന്ത് വഹിച്ചിരുന്ന ദക്ഷിണ,ഉത്തര മേഖലാ എഡിജിപിമാരുടെ താത്ക്കാലിക ചുമതല കൂടി ബറ്റാലിയൻ എഡിജിപി മനോജ് ഏബ്രഹാമിനു ഡിജിപി നൽകി. ഈ തസ്തികകൾക്കു പകരം മേഖലാ ഐജിമാരുടെയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെയും തസ്തിക സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. ആ സ്ഥാനങ്ങളിൽ ഉടൻ നിയമനം നടത്തും