ADVERTISEMENT

കണ്ണൂർ ∙ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അന്തിമാനുമതി ലഭിക്കില്ലെന്നു സൂചന.  13 ജില്ലാ ബാങ്കുകളിൽ ലയനപ്രമേയം പാസാക്കിയ രീതിക്കെതിരെ ദേശീയ കാർഷിക–ഗ്രാമ വികസന ബാങ്ക് (നബാർഡ്) അധികൃതർ റി സർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർ ബിഐ) എതിർപ്പ് അറിയിച്ചു.

പൊതുയോഗത്തിൽ വായ്പേതര സംഘങ്ങളെ ഉൾപ്പെടുത്താത്തതിലും, മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനു പകരം കേവലഭൂരിപക്ഷത്തിൽ ലയനപ്രമേയം പാസാക്കിയതിലുമാണു നബാർഡിന്റെ എതിർപ്പ്. നബാർഡ് അനുവദിച്ചാൽ മാത്രമേ അന്തിമാനുമതി നൽകൂ എന്നു പ്രാഥമികാനുമതിയിൽ തന്നെ ആർബിഐ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ബാങ്കിങ് നിയമപ്രകാരം, പൊതുയോഗത്തിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ പ്രമേയം പാസാക്കണം എന്നതായിരുന്നു ജില്ലാ ബാങ്കുകളുടെ ലയനത്തിനു റിസർവ് ബാങ്ക് മുന്നോട്ടുവച്ച ഏറ്റവും പ്രധാന ഉപാധി. ഇതു സംസ്ഥാന സഹകരണ നിയമ പ്രകാരമാണെന്നു തെറ്റിദ്ധരിച്ച സംസ്ഥാന സർക്കാർ, കേവല ഭൂരിപക്ഷം മതിയെന്നു  നിയമം ഭേദഗതി ചെയ്തു 13 ജില്ലകളിൽ പ്രമേയം പാസാക്കിയെടുത്തു.  മലപ്പുറത്തു പരാജയപ്പെടുകയും ചെയ്തു. എന്നാൽ, മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാത്ത  എറണാകുളം, ഇടുക്കി, കോട്ടയം,  വയനാട് എന്നിവിടങ്ങളിൽ പ്രമേയം പരാജയപ്പെട്ടതായാണു നബാർഡ് കണക്കാക്കുന്നത്.

പ്രാഥമിക  വായ്പാ സംഘങ്ങൾക്കു പുറമേ വായ്പേതര സഹകരണ സംഘങ്ങൾക്കും കേരള ബാങ്കിൽ പ്രാതിനിധ്യം നൽകണമെന്നതായിരുന്നു നബാർഡിന്റെ പ്രധാന നിബന്ധന. എന്നാൽ, കഴിഞ്ഞ ദിവസം നടത്തിയ പൊതുയോഗത്തിൽ അവരെ ഉൾപ്പെടുത്തിയിരുന്നില്ല.

പതിനായിരത്തിലേറെ വരുന്ന വായ്പേതര സംഘങ്ങളെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഒരു ജില്ലയിൽ പോലും ലയനപ്രമേയം പാസാകുമായിരുന്നില്ല എന്നാണു നബാർഡിന്റെ വിലയിരുത്തൽ.  ലയനത്തിനു മൂന്നിൽ രണ്ടു ഭൂരിപക്ഷം തന്നെ വേണമെന്നു കഴിഞ്ഞ ദിവസം  ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലും നബാർഡ് വ്യക്തമാക്കിയിട്ടുണ്ട്. റിസർവ് ബാങ്ക് മുന്നോട്ടു വച്ച 19 ഉപാധികളും നബാർഡിന്റെ 3 ഉപാധികളും നടപ്പാക്കി മാർച്ച് 31നു മുൻപ് അന്തിമാനുമതിക്ക് അപേക്ഷ സമർപ്പിക്കാനാണ് ആർബിഐ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

റിസർവ് ബാങ്കുമായി ചൊവ്വാഴ്ച ചർച്ച

തിരുവനന്തപുരം ∙ കേരള ബാങ്കിന്റെ അന്തിമ അനുമതിക്കായി സർക്കാർ റിസർവ് ബാങ്കിലേക്ക്. ചൊവ്വാഴ്ച മുംബൈയിൽ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ എൻ.എസ്.വിശ്വനാഥനുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും  ഉദ്യോഗസ്ഥ സംഘവും കൂടിക്കാഴ്ച നടത്തും. ബാങ്ക് രൂപീകരിക്കുന്നതിന് അനുകൂലമായ സാഹചര്യമാണു നിലവിലുള്ളതെന്നു സർക്കാർ ബോധ്യപ്പെടുത്തും. മറ്റ് തടസ്സങ്ങളൊന്നും വരാനിടയില്ലെന്നാണു സർക്കാർ വിലയിരുത്തൽ. ജില്ല സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ പൊതുയോഗം അംഗീകരിച്ചിരുന്നു. ഇതു റിസർവ് ബാങ്കിനെ അറിയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com