ആർ. മോഹൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
Mail This Article
തിരുവനന്തപുരം∙എം.വി.ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായതിനെത്തുടർന്നു മുഖ്യമന്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ ആദായ നികുതി കമ്മിഷണർ ആർ. മോഹനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നു കഴിഞ്ഞ ദിവസം രാജിവച്ച നളിനി നെറ്റോയുടെ സഹോദരനാണ്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ആരെങ്കിലും പ്രൈവറ്റ് സെക്രട്ടറിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ശീതസമരമെന്ന വാർത്തകളുടെ കൂടി പശ്ചാത്തലത്തിലാണു പിണറായി വിജയൻ, സ്വന്തം നിലയിൽ താൽപര്യമെടുത്തു മോഹനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. കുറേക്കാലമായി പ്രധാന ഫയലുകളൊന്നും തനിക്കു ലഭിക്കാതിരിക്കുകയും സഹോദരൻ, മുഖ്യമന്ത്രിയുടെ സ്റ്റാഫിലേക്കു വരികയും ചെയ്യുന്നതു കൂടി പരിഗണിച്ചാണ് അവരുടെ രാജിയെന്നു കരുതുന്നു.
പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ചെയ്തിരുന്നില്ല. അവെയ്‌ലബിൾ സെക്രട്ടേറിയറ്റിൽ അറിയിച്ച ശേഷമാണു മുഖ്യമന്ത്രി നിയമനം നടത്തിയതെന്നു കരുതുന്നു. സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി പരമാവധി പാർട്ടി നേതാക്കളെ നിയമിക്കുന്ന നയമാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തനം സുഗമമാക്കാൻ എം.വി.ജയരാജനെ നിയോഗിച്ചതും അങ്ങനെയാണ്. മോഹനോട് ഇന്നു ചുമതലയേൽക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ റവന്യൂ സർവീസിൽ (ഐആർഎസ്) ചേരുന്നതിനു മുമ്പ് റിസർവ് ബാങ്കിൽ ഓഫിസറായിരുന്നു ആർ. മോഹൻ. കോയമ്പത്തൂരിൽ ഇൻകം ടാക്സ് കമ്മിഷണറായിരിക്കെ സ്വയം വിരമിച്ചു. തുടർന്നു തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ സീനിയർ കൺസൽറ്റന്റും സിഡിഎസിൽ വിസിറ്റിങ് ഫെലോയുമാണ്.
ഔചിത്യബോധം കൊണ്ട് രാജി: മുഖ്യമന്ത്രി
തിരുവനന്തപുരം ∙ ആർ.മോഹൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനാകുമ്പോൾ അതേ ഓഫിസിൽ തുടരുന്നതിലെ അനൗചിത്യം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ സഹോദരി നളിനി നെറ്റോ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ വസ്തുതാവിരുദ്ധമായ പ്രചാരണമാണു നടത്തിയതെന്നുംഅദ്ദേഹം പറഞ്ഞു.