ADVERTISEMENT

ന്യൂഡൽഹി ∙ ആറ്റിങ്ങലിൽ അടൂർ പ്രകാശും വടകരയിൽ വിദ്യ ബാലകൃഷ്ണനും കോൺഗ്രസ് സ്ഥാനാർഥികളാകാൻ സാധ്യതയേറി. വയനാട്ടിൽ ഷാനിമോൾ ഉസ്മാനൊപ്പം ടി. സിദ്ദിഖും പട്ടികയിലുണ്ട്. ആലപ്പുഴയിൽ എ.എ. ഷുക്കൂറിനു പുറമേ ഷാനിമോളെയും പരിഗണിക്കുന്നു. ഇന്നു ചർച്ച പൂർത്തിയാക്കി അവശേഷിക്കുന്ന 4 സീറ്റുകളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാവുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു. ആന്ധ്ര സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും തലസ്ഥാനത്തെത്തുന്നുണ്ട്. ഇന്നലെ ഔദ്യോഗിക ചർച്ചകളുണ്ടായില്ല. 

അടൂർ പ്രകാശിനാണ് ആറ്റിങ്ങലിൽ കൂടുതൽ വിജയസാധ്യതയെന്ന കാര്യത്തിൽ പൊതുധാരണയുണ്ടെന്നു മുതിർന്ന നേതാവ് പറഞ്ഞു. എന്നാൽ, ആലപ്പുഴ, വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ആറ്റിങ്ങലിനെയും സ്വാധീനിക്കാം. 

ടി. സിദ്ദിഖിനു തന്നെ വയനാട് നൽകണമെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. മറ്റൊരു മണ്ഡലത്തിൽ പരിഗണിക്കേണ്ടതില്ലെന്നു സിദ്ദിഖും അഭ്യർഥിച്ചിട്ടുണ്ട്. ഇതേസമയം, പലവട്ടം പല പരിഗണനകളുടെ പേരിൽ മാറിനിൽക്കേണ്ടി വന്ന താൻ ഒത്തുതീർപ്പിനില്ലെന്നും ആലപ്പുഴയിൽ പരിഗണിക്കേണ്ടതില്ലെന്നും ഷാനിമോൾ ഉസ്മാനും കർക്കശ നിലപാടെടുത്തതോടെ കാര്യങ്ങൾ സങ്കീർണമായി. വടകരയിൽ വിദ്യ ബാലകൃഷ്ണന്റെ സ്ഥാനാർഥിത്വത്തിനു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പിന്തുണയുണ്ടെന്നറിയുന്നു. വടകരയിലെ സിറ്റിങ് എംപിയായ മുല്ലപ്പള്ളിയുടെ നിലപാട് അവിടെ നിർണായകമാകും. 

തർക്ക സീറ്റുകളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിപ്രായമാണു പ്രധാനം. ഗ്രൂപ്പുകൾക്ക് അതീതമായി രാഹുൽ സ്ഥാനാർഥികളെ നിർദേശിക്കാനും സാധ്യതയുണ്ട്. അത് ഒഴിവാക്കണമെങ്കിൽ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി ചേരും മുൻപ് എ, ഐ ഗ്രൂപ്പുകൾ സ്ഥാനാർഥികളുടെ കാര്യത്തിൽ പരസ്പര ധാരണയിലെത്തേണ്ടി വരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com