ADVERTISEMENT

അധികാരികൾക്കു മുൻപിൽ എന്നും അവഗണനകളുടെ മുഷി​ഞ്ഞ ഭാണ്ഡക്കെട്ടഴിച്ചിരുന്ന വയനാട് അണിയാൻ കാത്തിരിക്കുന്നതു വിവിഐപി മണ്ഡലമെന്ന കസവു തലപ്പാവ്. വയനാടിന്റെ എംപി പ്രധാനമന്ത്രിയാകുക കൂടി ചെയ്താൽ‌ പിറക്കുക കേരളത്തിന്റെ തന്നെ തലവര മാറുന്ന ചരിത്രം.

എന്നും കോൺഗ്രസിനൊപ്പം

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭാ മണ്ഡലങ്ങളിലൊന്നാണു വയനാട്. 2 തിരഞ്ഞെടുപ്പുകൾ മാത്രം; രണ്ടിലും കോൺഗ്രസ്. 2009 ലെ ആദ്യ തിരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ് നേടിയ 1,53,439 വോട്ടിന്റെ ഭൂരിപക്ഷം അക്കാലത്തെ റെക്കോർ‍ഡായി. വയനാട്, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ 3 ജില്ലകളിലായി പരന്നുകിടക്കുകയാണു വയനാട് ലോക്സഭാ മണ്ഡലം. വയനാട് ജില്ലയിലെ കൽപറ്റ, മാനന്തവാടി, ബത്തേരി, മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, വണ്ടൂർ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഈ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.

അമേഠി പോലെ തന്നെ

അമേഠിയിലെ ബഹുഭൂരിപക്ഷം എംഎൽഎമാരും കോൺഗ്രസുകാരല്ലെന്നതുപോലെ തന്നെ വയനാട്ടിലും ഭൂരിപക്ഷം എംഎൽഎമാരും ഇക്കുറി ഇടതുപക്ഷത്താണ് – എൽഡിഎഫ്:4 , യുഡിഎഫ് –1. തദ്ദേശസ്ഥാപനങ്ങളിലും എൽഡിഎഫിനാണ് മുൻതൂക്കം. 

കണക്കുകളിൽ കാര്യമുണ്ടോ ?

2009 ൽ എൻസിപി സ്ഥാനാർഥിയായിരുന്ന കെ. മുരളീധരനെ 99,633 വോട്ടുകളോടെ മൂന്നാം സ്ഥാനത്തെത്തിച്ചതാണു കോൺഗ്രസ് സംസ്കാരത്തോടുള്ള വയനാടിന്റെ കൂറിന്റെ തെളിവായി ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം 20,870 ആയി കുറ‍ഞ്ഞിരുന്നു. രാഹുൽ‌ ഗാന്ധി വന്നാൽ മണ്ഡലക്കണക്കുകൾ തീർ‌ത്തും അപ്രസക്തമാകുമെന്നും ഭൂരിപക്ഷം 5 ലക്ഷം കടത്തുകയാണു ലക്ഷ്യമെന്നും കോൺഗ്രസ് പ്രവർത്തകർ.

മാവോയിസ്റ്റ് ഭീഷണി

മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണ് ഈ മാസമാദ്യം രാഹുൽ ഗാന്ധിക്കു വയനാട് സന്ദർശനം ഒഴിവാക്കേണ്ടിവന്നിരുന്നു. പുൽവാമയിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വി.വി. വസന്തകുമാറിന്റെ വീടു സന്ദർശിക്കാനാണ് അനുമതി ലഭിക്കാഞ്ഞത്.

English summary: Wayanad Loksabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com