കനത്ത ചൂടിൽ തെന്മലയിൽ റെയിൽപാളം വളഞ്ഞു; കേരളത്തിൽ അപൂർവസംഭവമെന്നു റെയിൽവേ
Mail This Article
തെന്മല ∙ കൊല്ലം – ചെങ്കോട്ട പാതയിൽ തെന്മല പതിമൂന്നു കണ്ണറപ്പാലത്തിനു സമീപം കനത്ത ചൂടിൽ റെയിൽപാളം വളഞ്ഞു. കേരളത്തിൽ ഇത് അപൂർവസംഭവമെന്നു റെയിൽവേ അധികൃതർ. പാതയിൽ പട്രോളിങ് നടത്തിയ കീമാനാണു വളവ് കണ്ടത്. ഉടൻ തെന്മല റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. പിന്നീട് ഇതുവഴിയെത്തിയ 2 പാസഞ്ചർ ട്രെയിനുകളും 30 കിലോമീറ്റർ വേഗത്തിലാണു കടന്നുപോയത്. തെന്മലയിൽ നിന്ന് എൻജിനീയറിങ് സംഘമെത്തി പാളം വളഞ്ഞതിന്റെ സമീപത്ത് മെറ്റൽ പായ്ക്കിങ് നടത്തി സുരക്ഷ ഉറപ്പാക്കി. ഇന്നു ജാക്കി ഉപയോഗിച്ച് പാളം ഉയർത്തി, വളഞ്ഞ ഭാഗം മുറിച്ചു വളവ് നിവർത്തിയ ശേഷം ഒന്നിപ്പിക്കും.
പാളത്തിൽ വളവുണ്ടായതു റെയിൽവേ ഗൗരവമായാണു കാണുന്നത്. യഥാസമയം വളവ് കണ്ടെത്തിയില്ലെങ്കിൽ, ട്രെയിനുകൾ വേഗത്തിലെത്തിയാൽ അപകടത്തിനു വരെ കാരണമായേക്കാം. കിഴക്കൻമേഖലയിലെ വളവുകളിൽ സുരക്ഷയ്ക്കായി ഇരട്ടപ്പാളമാണുള്ളത്. ഇപ്പോൾ വളവുണ്ടായിടത്തും ഇരട്ടപ്പാളമാണ്. ഉച്ചയ്ക്കു ചൂടു കൂടുമ്പോൾ പാളം ചെറുതായിട്ടൊന്നു പുളയുന്നതു മറ്റു സംസ്ഥാനങ്ങളിൽ സാധാരണമാണ്. ഇന്നലെ തെന്മലയിൽ അനുഭവപ്പെട്ട ചൂട് 39 ഡിഗ്രിയാണ്. വേനൽ ആരംഭിച്ച ശേഷം കൊല്ലം ജില്ലയിൽ 125 പേർക്കു സൂര്യാതപമേറ്റിരുന്നു. ഇതിൽ ഏറ്റവുമധികം പേർ പുനലൂർ, തെന്മല മേഖലയിൽ നിന്നാണ്.