ഓമന മുഖമാകെ ചോരപ്പാടുകൾ
Mail This Article
കോലഞ്ചേരി∙ ‘കണ്ടാൽ സഹിക്കില്ല, ആ പിഞ്ചു കുട്ടിയുടെ ദേഹത്തെ ചവിട്ടേറ്റ പാടുകൾ.’ മൃതദേഹം കണ്ടിറങ്ങിയ ജില്ലാ ശിശു ക്ഷേമ സമിതി ഉപാധ്യക്ഷൻ കെ.എസ്. അരുൺകുമാറിന്റെ വാക്കുകൾ കുട്ടി ഏൽക്കേണ്ടിവന്ന കൊടുംപീഡനങ്ങളിലേക്കു വിരൽ ചൂണ്ടി. ഇന്നലെ ആശുപത്രി മോർച്ചറിയിൽ കുട്ടിയെ കണ്ട് പലരും കരഞ്ഞു. ഓമനത്തം തുളുമ്പുന്ന മുഖമാകെ ചോരപ്പാടുകൾ. ഒരു കണ്ണു പാതി തുറന്നിരുന്നു.
കുഞ്ഞുചുണ്ടുകൾ പൂർണമായി അടച്ചിരുന്നില്ല. വാവിട്ടുള്ള കരച്ചിൽ പാതി വഴിയിൽ വിറുങ്ങലിച്ചുനിന്നതു പോലെ.
കുട്ടിയെ കണ്ടിറങ്ങിയവർക്കെല്ലാം അവന്റെ ഓമനത്തം തുളുമ്പുന്ന മുഖത്തെക്കുറിച്ചാണു പറയാനുണ്ടായിരുന്നത്. മുഖം മാത്രമാണു പൊലീസ് പൊതുജനങ്ങളെ കാണിച്ചത്.
അവനരികിൽ നിൽക്കാനാകാതെ അമ്മയും അമ്മൂമ്മയും
ഉച്ചയ്ക്കു 2 മണിയോടെ ഇൻക്വസ്‍റ്റ് നടപടികൾ ആരംഭിക്കുമ്പോൾ ബന്ധുക്കൾ 2 പേരു മാത്രമേ സമീപത്തുണ്ടായിരുന്നുള്ളൂ. അമ്മയും അമ്മൂമ്മയും സമീപത്തേക്കു വന്നില്ല. ഇളയ കുട്ടി അമ്മയോടൊപ്പം ആശുപത്രിയിലുണ്ടായിരുന്നു.
ഇൻക്വസ്‍റ്റ് രേഖകളിൽ ഒപ്പിടാൻ ആവശ്യത്തിനു ബന്ധുക്കളെ ലഭിക്കാത്തതിനാൽ കോലഞ്ചേരി സ്വദേശികളായ 5 പേരെ പൊലീസ് കണ്ടെത്തുകയായിരുന്നു. മൂന്നരയോടെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുമ്പോഴും 2 ബന്ധുക്കളേ കൂടെ പോകാനുണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറിനു ശേഷം അമ്മയും അമ്മൂമ്മയും പിൻവശത്തെ കവാടത്തിലൂടെ കുടുംബശ്രീ ജില്ലാ മിഷന്റെ കാറിൽ തൊടുപുഴയിലെ വീട്ടിലേക്കു പോയി.
കുട്ടിയുടെ അച്ഛന്റെ അച്ഛൻ മിക്ക സമയത്തും ആശുപത്രിയിലുണ്ടായിരുന്നുവെങ്കിലും ഇന്നലെ മുഖ്യമന്ത്രിക്കു പരാതി നൽകാൻ പോയിരിക്കുകയായിരുന്നു. വിവരം അറിഞ്ഞ് അദ്ദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തി മൃതദേഹം കാത്തുനിന്നു.
കുഞ്ഞുശരീരത്തിൽ സമാനമില്ലാത്ത ക്രൂരത
കുട്ടി ക്രൂരമായ മർദനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടി പിളർന്നു തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. വലതു വാരിയെല്ല് ഒടിഞ്ഞു തൂങ്ങി. തലയ്ക്കും വാരിയെല്ലിനുമേറ്റ പരുക്കുകളാണു മരണ കാരണം. ശരീരത്തിൽ മുപ്പതിലേറെ ഭാഗത്ത് ആഴത്തിലുള്ള ചതവുകൾ.
കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ, അസിസ്റ്റന്റ് പ്രസർ ഡോ. സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
കുട്ടിയുടെ ശരീരത്തിലെ മുറിവുകളും കാരണങ്ങളും
∙ തലയുടെ ഇടത്, വലത് ഭാഗങ്ങളിലും പിന്നിലും ആഴത്തിൽ ക്ഷതമുണ്ട്. വലതു വാരിയെല്ല് ഒടിഞ്ഞു. ശക്തിയിൽ എടുത്തെറിയുമ്പോഴോ തല ഭിത്തിയിൽ പലവട്ടം ഇടിക്കുമ്പോഴോ ചവിട്ടുമ്പോഴോ മാത്രമേ ഇത്തരം മുറിവുകൾക്കു സാധ്യതയുള്ളൂ.
∙ ഇടതു വൃഷണം ചതഞ്ഞ നിലയിൽ.
∙ കൈ കാലുകളിലെ ക്ഷതങ്ങൾ തൂക്കിയെടുത്തെറിഞ്ഞതിന്റെ സൂചന.
∙ മുഖത്തും കാലുകളിലും ഒട്ടേറെ ചതവുകൾ. പലതും ഉണങ്ങിയ നിലയിലായിരുന്നത് സ്ഥിരമായി മർദനം ഏറ്റിരുന്നതിന്റെ ലക്ഷണം.