ADVERTISEMENT

കോട്ടയം ∙ കെവിൻ വധക്കേസ് വിചാരണയ്ക്കു ജില്ലാ കോടതി 2ൽ തുടക്കമായി. ആദ്യദിനം ഒന്നാം സാക്ഷി അനീഷ് സെബാസ്റ്റ്യന്റെ വിസ്താരമാണു നടന്നത്. 7 പ്രതികളെ അനീഷ് കോടതിയിൽ തിരിച്ചറിഞ്ഞു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോ ജോൺ ഉൾപ്പെടെ മൂന്നു പ്രതികളെ തിരിച്ചറിയാനായില്ല. തലേന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് ചാക്കോയെ കണ്ടുവെന്നായിരുന്നു അനീഷ് പൊലീസിന് മൊഴി നൽകിയിരുന്നത്.

1–ാം പ്രതി സാനു ചാക്കോ, 2–ാം പ്രതി നിയാസ് മോൻ, 6–ാം പ്രതി മനു മുരളീധരൻ, 7–ാം പ്രതി ഷെഫിൻ, 8–ാം പ്രതി നിഷാദ്, 11–ാം പ്രതി ഫസിൽ ഷെരീഫ്, 12–ാം പ്രതി ഷാനു ഷാജഹാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 10–ാം പ്രതി വിഷ്ണുവിനെ തിരിച്ചറിഞ്ഞില്ല. 13–ാം പ്രതി ഷിനു നാസറിന് പകരം 9–ാം പ്രതി ടിന്റു ജെറോമിനെയാണ് തെറ്റായി കാണിച്ചത്.

നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ 11 പ്രതികൾ മാന്നാനത്ത് അനീഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുപകരണങ്ങൾ തല്ലിത്തകർത്ത് അനീഷിനെയും ഒപ്പം താമസിച്ചിരുന്ന കെവിൻ ജോസഫിനെയും മർദിച്ച് ബലമായി രണ്ടു കാറുകളിലായി തട്ടിക്കൊണ്ടുപോയെന്നും അനീഷ് കോടതിയിൽ മൊഴി നൽകി. 

കാറിൽ വച്ച് നീനുവിന്റെ സഹോദരൻ ഷാനു, സഹോദരി നീനുവിനെ വിട്ടുകിട്ടാൻ വേണ്ടി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുമായി വിലപേശിയെന്ന മൊഴിയും ആവർത്തിച്ചു. കാറിൽ വച്ച് ഇവർ തന്നെ മർദിക്കുകയും കഴുത്തിൽ വാൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അനീഷ് പറഞ്ഞു. എന്നാൽ കഴുത്തിൽ വാൾ വച്ച പ്രതിയെ തിരിച്ചറിയാൻ അനീഷിന് കഴിഞ്ഞില്ല. കെവിനെയും തന്നെയും രണ്ടു കാറുകളിലായിട്ടാണ് തട്ടിക്കൊണ്ടുപോയതെന്നും കൊല്ലം തെന്മല ഭാഗത്തുവച്ച് കെവിനെ കാറിൽ നിന്ന് ഇറക്കി കിടത്തുന്നത് കണ്ടതായും പിന്നീട് കെവിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നുമുള്ള മൊഴി അനീഷ് അവർത്തിച്ചു. 

രാവിലെ 11 ന് ആരംഭിച്ച വിചാരണ വൈകിട്ട് ആറു വരെ നീണ്ടു. പ്രോസിക്യൂഷൻ മൊഴി രേഖപ്പെടുത്തലിനു ശേഷം പ്രതിഭാഗം ക്രോസ് വിസ്താരം തുടങ്ങി. വീടിന്റ അടുക്കള വാതിൽ ചവിട്ടിത്തുറന്ന് നാലുപേർ അനീഷിനെയും കെവിനെയും മർദിച്ചതായും തട്ടിക്കൊണ്ടുപോയതായും ഗാന്ധിനഗർ സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയത് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ അത്തരം ഒരു മൊഴി നൽകിയില്ലെന്ന് അനീഷ് പറഞ്ഞു. പൊലീസിനോട് പറഞ്ഞ മൊഴിയിലെ ചില പരാമർശങ്ങളും ഓർമയില്ലെന്നാണ് അനീഷ് പറഞ്ഞത്. പ്രതിഭാഗം വിസ്താരം ഇന്നും തുടരും. പ്രതികൾ മാന്നാനത്തു തങ്ങിയതായി കണ്ടെത്തിയ ഹോട്ടലിന്റെ മാനേജരോടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 

പ്രതികളെല്ലാം വെള്ള വേഷത്തിൽ: തെറ്റിദ്ധരിപ്പിക്കാനെന്ന് ആരോപണം 

കോട്ടയം ∙ കെവിൻ വധക്കേസിലെ 14 പ്രതികളും കോടതിയി‍ലെത്തിയത് ഒരേ കമ്പനിയുടെ വെള്ള ഷർട്ട് ധരിച്ച്. പ്രതികൾ സമാന രീതിയിൽ തലമുടി വെട്ടി ഷേവും ചെയ്തിരുന്നു. ഇതുകൂടാതെ പ്രതികൾക്കൊപ്പം എത്തിയ ചില യുവാക്കളും വെള്ള ഷർട്ട് ധരിച്ചത് ആശയക്കുഴപ്പമുണ്ടാക്കി. സാക്ഷി വിസ്താരത്തിനിടയിൽ പ്രതികളെ തിരിച്ചറിയാതിരിക്കാനാണ് ഇത്തരത്തിൽ വേഷം ധരിച്ചതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ഒരേ തരത്തിൽ വസ്ത്രം ധരിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതു മൂലമാണ് 3 പ്രതികളെ തിരിച്ചറിയാൻ കഴിയാതിരുന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രതികളുടെ ബന്ധുക്കളാണു വസ്ത്രം എത്തിച്ചു കൊടുത്തതെന്നും ആരോപണമുണ്ട്.

 

നാടകീയ രംഗങ്ങൾക്കും കോടതി സാക്ഷ്യം വഹിച്ചു. സാക്ഷിക്കൂട്ടിൽ നിന്ന് പ്രതികളെ തിരിച്ചറിയാ‍ൻ കഴിയാതിരുന്നതോടെ കോടതിയുടെ നിർദേശ പ്രകാരം അനീഷ് പ്രതിക്കൂടിനു മുന്നിൽ എത്തി ഒരോരുത്തരെയും തിരിച്ചറിയാൻ ശ്രമിച്ചു. ആദ്യം ചാക്കോ ജോണാണ് മുന്നിലെത്തിയത്. എന്നാൽ മൂന്ന് അവസരം നൽകിയിട്ടും ചാക്കോയെ കൃത്യമായി തിരിച്ചറിയാൻ അനീഷിനായില്ല. സാക്ഷിക്കൊപ്പം പ്രതികളുടെ അടുത്ത് സ്പെഷൽ പ്രോസിക്യൂട്ടർ എത്തിയപ്പോൾ പ്രതിഭാഗം അഭിഭാഷകർ പ്രതിഷധിച്ചു. പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ ചൂണ്ടിക്കാട്ടിയതായും പ്രതിഭാഗം ആരോപിച്ചു. തുടർന്ന് കോടതി ജീവനക്കാരുടെ സാന്നിധ്യം മാത്രമാണ് അനുവദിച്ചത്. 

ഫോൺ സന്ദേശവും കോടതിയിൽ

കോട്ടയം ∙ കെവിൻ വധക്കേസിന്റെ വിചാരണയിൽ പൊലീസ് ഉദ്യോഗസ്ഥരും ഒന്നാം പ്രതി ഷാനു ചാക്കോയും തമ്മിൽ നടത്തിയ ഫോൺ സന്ദേശവും കോടതിയിൽ കേൾപ്പിച്ചു. കെവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നതും എഎസ്ഐ ടി.എം. ബിജു വേണ്ടത് ചെയ്യാമെന്ന് മറുപടി നൽകുന്നതുമായ രണ്ടു ഫോൺ സന്ദേശങ്ങളാണ് പ്രത്യേക പ്രൊജക്ടർ സ്ഥാപിച്ച് കോടതി മുറിയിൽ കേൾപ്പിച്ചത്. ഈ ശബ്ദ സന്ദേശങ്ങൾ സാക്ഷിയായ അനീഷ് തിരിച്ചറിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com