പൊലീസുകാരുടെ തൊപ്പി മാറുന്നു
Mail This Article
തിരുവനന്തപുരം∙ കേരള പൊലീസ് തൊപ്പി മാറ്റുന്നു. ഇപ്പോഴുള്ള പി (Pea) തൊപ്പികൾക്കു പകരം ബറേ തൊപ്പികളായിരിക്കും ഇനി എല്ലാ ഉദ്യോഗസ്ഥരും ഉപയോഗിക്കുക. നിലവിൽ ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ ബറേ തൊപ്പി ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിലാണു തീരുമാനമെടുത്തത്.
സംഘർഷ മേഖലകളിലും മറ്റും നടപടികളിലേക്കു കടക്കുമ്പോൾ ഇപ്പോഴുള്ള പി തൊപ്പ് തലയിൽ നിന്നു വീഴുന്നതു പതിവാണെന്നും ഇതു സംരക്ഷിക്കാൻ പാടുപെടേണ്ടി വരുന്നുവെന്നും നേരത്തെ തന്നെ കേരള പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും അറിയിച്ചിരുന്നു. കടുത്ത ചൂടുകാലത്തും മറ്റും ഇത്തരം തൊപ്പി ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണു ബറേ തൊപ്പിയിലേക്കുള്ള മാറ്റം.
തീരുമാനം നടപ്പാകുന്നതോടെ സിപിഒ മുതൽ സിഐവരെയുള്ളവർക്കു കൂടി ബറേ തൊപ്പി ലഭിക്കും. താഴ്ന്ന റാങ്കിലുള്ളവർക്കു കറുപ്പും എസ്ഐ, സിഐ റാങ്കിലുള്ളവർക്കു നേവി ബ്ലു തൊപ്പിയുമാണു ലഭിക്കുക. ഡിവൈഎസ്പി മുതൽ മുകളിലുള്ളവർക്കു നിലവിലുള്ള റോയൽ ബ്ലു നിറത്തിലെ തൊപ്പി തുടരും.