ADVERTISEMENT

തിരുവനന്തപുരം ∙ നിയമപഠനരംഗത്തു കേരളത്തിനു മികച്ച ഒരു സ്ഥാപനം ഇല്ലാതെ പോയതിന്റെ വേദന ഡോ. എൻ.ആർ.മാധവമേനോന്റെ മനസ്സിൽ എന്നുമുണ്ടായിരുന്നു. മികച്ച പഠനകേന്ദ്രങ്ങൾ ഇതരസംസ്ഥാനങ്ങൾക്കുവേണ്ടി കെട്ടിപ്പടുത്ത അദ്ദേഹം കേരളത്തിലും ഇങ്ങനെയൊരു സ്ഥാപനം ഉയർന്നുവരുന്നതിനായി ശ്രമം നടത്തിയിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം. ‘മധുരിക്കുന്ന കൊൽക്കത്ത അനുഭവവും കയ്‌ക്കുന്ന കേരള അനുഭവവും’ ഇങ്ങനെയായിരുന്നു ഈ വിഷയത്തെപ്പറ്റി പറയുമ്പോൾ അദ്ദേഹം പ്രതികരിച്ചിരുന്നത്.

ബെംഗളൂരുവിലെ നാഷനൽ ലോ സ്‌കൂളിനോടു വിടപറഞ്ഞ് 1997 ൽ അദ്ദേഹം തിരുവനന്തപുരത്തു മടങ്ങിയെത്തി. ഒരു ദിവസം അപ്രതീക്ഷമായി ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ ഫോൺകോൾ. ബെംഗളൂരുവിലെപ്പോലെ ഒരു നിയമവിദ്യാലയം കൊൽക്കത്തയിലും വേണം. അതിനു മാധവമേനോന്റെ സഹായം വേണം. ഇതാണ് ബസുവിന്റെ ആവശ്യം.

കേരളത്തിൽ വിശ്രമജീവിതം നയിക്കാനാണു താൽപര്യമെന്നും തിരുവനന്തപുരത്തു നിന്നുകൊണ്ട് എല്ലാ പിന്തുണയും നൽകാമെന്നും അദ്ദേഹം മറുപടി നൽകി. ബെംഗളൂരു സ്‌കൂളിനു ധനസമാഹരണം നടത്തിയപ്പോൾ 5 ലക്ഷം രൂപ നൽകിയ ബസുവിനോടു മാധവമേനോനു കടപ്പാടുണ്ട്. കൊൽക്കത്തയിലേക്ക് വരാനാവില്ലെന്നു ബസുവിനോടു പറഞ്ഞതിനു പിന്നിൽ  മറ്റൊരു കാരണമുണ്ടായിരുന്നു. കേരളത്തിൽ രാജ്യാന്തര നിലവാരമുള്ള നിയമ സർവകലാശാല കെട്ടിപ്പടുക്കണമെന്ന സ്വപ്നം. പ്രമുഖ അഭിഭാഷകൻ കെ.കെ. വേണുഗോപാലാണ് കേരളത്തിൽ മികച്ച നിലവാരമുള്ള നിയമപഠനകേന്ദ്രം എന്ന ആശയവുമായി അദ്ദേഹത്തിനു മുന്നിലെത്തിയത്. അഭിഭാഷകനായിരുന്ന പിതാവിന്റെ പേരിൽ എം.കെ. നമ്പ്യാർ യൂണിവേഴ്‌സിറ്റി ഓഫ് ലീഗൽ സ്‌റ്റഡീസ് എന്ന പേരിൽ സ്ഥാപനം ആരംഭിക്കുന്നതിനു 10 കോടി രൂപ സമാഹരിക്കാമെന്നും വേണുഗോപാൽ ഉറപ്പുനൽകിയിരുന്നു.

സംസ്‌ഥാനത്തിന്റെ നിയമ വിദ്യാഭ്യാസത്തെ സമൂലം മാറ്റിമറിക്കുമായിരുന്ന പദ്ധതിയെ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതിനായി ബിൽ തയാറാക്കിയപ്പോഴേയ്ക്കും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. തുടർന്നു ഇ.കെ. നായനാർ അധികാരത്തിലെത്തി.  പ്രാരംഭപ്രവർത്തനങ്ങൾക്കായി 2.5 കോടിയുടെ ഡിഡി വേണുഗോപാൽ മുഖ്യമന്ത്രിക്കു കൈമാറി. ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരുടെ ഉൽസാഹത്തിൽ കാലടിക്കു സമീപം ഭൂമി കണ്ടെത്തുകയും ചെയ്തു. പക്ഷേ, പിന്നീടു നടന്നതെല്ലാം കേരളത്തിലെ അസംഖ്യം പദ്ധതികൾക്കുണ്ടായ ദുരനുഭവം തന്നെ.

ആരുടെയൊക്കെയോ ഇടപെടലുകൾ മൂലം പദ്ധതി ഇല്ലാതാവുകയായിരുന്നു. വേണുഗോപാലിനു സർക്കാർ പണം മടക്കിക്കൊടുത്തു. അന്ന് ആ സ്ഥാപനം തുടങ്ങിയിരുന്നെങ്കിൽ നിയമപഠനരംഗത്ത് കേരളത്തിന്റെ ഭാവി മറ്റൊന്നായി മാറിയേനേയെന്നു മാധവമേനോൻ പറഞ്ഞിട്ടുണ്ട്. കേരളം തഴഞ്ഞ അവസരത്തിലാണ് ഈ പ്രതിഭയുടെ സേവനം ബംഗാൾ ഉപയോഗപ്പെടുത്തിയത്. മാധവമേനോന്റെ ജീവിതം തിരുവനന്തപുരത്തെപ്പോലെ കൊൽക്കത്തയിലും ആഹ്ലാദകരമായിരിക്കുമെന്ന് ജ്യോതി ബസു അദ്ദേഹത്തിന്റെ പത്നിക്കും ഉറപ്പുകൊടുത്തു.

പദ്ധതിക്കു സമ്മതം മൂളിയ മാധവമേനോൻ രണ്ടാഴ്ചക്കകം യൂണിവേഴ്‌സിറ്റിയുടെ ബ്ലൂപ്രിന്റ് തയാറാക്കി. ദിവസങ്ങൾക്കകം ഇതിനായുള്ള ആക്‌ട് നിയമസഭ പാസാക്കി മാധവമേനോനെ പ്രഥമ വൈസ് ചാൻസലറായി നിയമിച്ചു. സാൾട്ട്‌ലേക്കിൽ വനംവകുപ്പിനായി പുതുതായി പണിത ആരണ്യഭവൻ ബസു ഇടപെട്ട് സർവകലാശാലയ്‌ക്കു നൽകി. വൈസ് ചാൻസലർ ജോലിക്ക് ഒരുരൂപ പോലും ശമ്പളമായി വേണ്ടെന്നു മേനോൻ ബസുവിനെ അറിയിച്ചിരുന്നു. 22 മാസത്തിനകം കൊൽക്കത്ത ലോ യൂണിവേഴ്‌സിറ്റി യാഥാർഥ്യമായി. അതിസമർഥരായ 80 വിദ്യാർഥികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി തിരഞ്ഞെടുത്തു. വിദ്യാർഥികളുടെ ഗവേഷണങ്ങൾക്കു കേന്ദ്ര സർക്കാരിന്റെയും ഫോർഡ് ഫൗണ്ടേഷന്റെയും പിന്തുണയും ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com