കെവിൻ വധക്കേസ്: പ്രതികളുടെ മൊബൈൽ ഫോണുകൾ മാന്നാനം ടവർ പരിധിയിൽ
Mail This Article
കോട്ടയം ∙ കെവിൻ വധക്കേസിലെ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ സംഭവ ദിവസം കൃത്യം നടന്ന സമയത്ത് മാന്നാനം മൊബൈൽ ഫോൺ ടവർ പരിധിയിൽ ഉണ്ടായിരുന്നതായി രണ്ട് സ്വകാര്യ മൊബൈൽ ഫോൺ സേവന ദാതാക്കൾ കൂടി കോടതിയിൽ മൊഴി നൽകി. 2–ാം പ്രതി നിയാസ് മോൻ, 3–ാം പ്രതി ഇഷാൻ ഇസ്മായിൽ 7–ാം പ്രതി ഷിഫിൻ ഷജാദ്, 9–ാം പ്രതി ടിറ്റു ജെറോം, 12–ാം ഷാനു ഷാജഹാൻ, 13–ാം പ്രതി ഷിനു നാസർ എന്നിവരുടെ മൊബൈൽ ഫോണാണു സംഭവ സമയത്ത് കോട്ടയത്തും കെവിൻ താമസിച്ച മാന്നാനം പരിധിയിലും കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ഉണ്ടായിരുന്നത്.
ഇഷാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ഇന്റർനെറ്റ് കണക്‌ഷൻ സംഭവ ദിവസം മുഴുവൻ ഓൺ ചെയ്ത നിലയിലായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം രാത്രിയിൽ പുനലൂരിൽ നിന്ന് കോട്ടയം മാന്നാനത്തേക്കു വന്നതും പുലർച്ചെ തിരിച്ചു കല്ലാറിൽ പോയതും ഈ ഫോണിന്റെ ഇന്റർനെറ്റ് കണക്ഷന്റെ അടിസ്ഥാനത്തിൽ ടവർ ലൊക്കേഷൻ പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.
ഫോണിന്റെ ഉടമയായ ഇഷാൻ സംഭവ സമയത്ത് മാന്നാനത്ത് ഉണ്ടായിരുന്നത് തെളിവായി പരിഗണിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. ടിറ്റു ജെറോമിന്റെ ഫോൺ മാന്നാനം, മെഡിക്കൽ കോളജ്, കല്ലാർ എന്നിവിടങ്ങളിലെ ടവർ ലൊക്കേഷൻ പരിധിയിലുണ്ട്. നിയാസ്, ഷാനു, ഷിഫിൻ എന്നിവരുടെ മൊബൈൽ ഫോൺ കോട്ടയം, മാന്നാനം, കല്ലാർ എന്നിവിടങ്ങളിലെ ടവർ പരിധിയിൽ എത്തിയിട്ടുണ്ട്. ചില പ്രതികളുടെ ഫോണുകൾ യാത്രയ്ക്കിടയിൽ ഓഫ് ചെയ്ത നിലയിലാണ്.