6 സിപിഎം പ്രവർത്തകർക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ
Mail This Article
തലശ്ശേരി∙ ആർഎസ്‌എസ് നേതാവ് എം.പി.സുമേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ പൊട്ട്യൻ സന്തോഷ് ഉൾപ്പെടെ 6 സിപിഎം പ്രവർത്തകരെ 10 വർഷം കഠിന തടവിനും 30000 രൂപ വീതം പിഴ അടയ്‌ക്കാനും പ്രിൻസിപ്പൽ അസിസ്‌റ്റന്റ് സെഷൻസ് ജഡ്‌ജി ശിക്ഷിച്ചു. കൊടി സുനി ഉൾപ്പെടെ 4 പേരെ വിട്ടയച്ചു. സി.ഒ.ടി.നസീർ വധശ്രമക്കേസിൽ പൊലീസ് അന്വേഷിക്കുന്ന ആളാണു പൊട്ട്യൻ സന്തോഷ്.
1 മുതൽ 5 വരെ പ്രതികളായ പൊന്ന്യം കുണ്ടുചിറ കൃഷ്‌ണാലയത്തിൽ വി.പി. സന്തോഷ് എന്ന പൊട്ട്യൻ സന്തോഷ് (32), എരഞ്ഞോളി കുടക്കളം കക്കാടൻ ഹൗസിൽ കെ. ദിരേഷ് എന്ന ധീരു(34), അനുജൻ കെ.ദിജേഷ് (33), തച്ചോളി ഹൗസിൽ ഷിജിത്ത് (33), കുഞ്ഞിപ്പറമ്പത്ത് ജിനേഷ് (35), 7 ാം പ്രതി പൊന്ന്യം കുണ്ടുചിറ വലിയകത്ത് വീട്ടിൽ സംജീർ (33) എന്നിവർക്കാണു ശിക്ഷ. 1,3,7 പ്രതികൾക്ക് 2 വർഷവും 5 മാസവും തടവും 4,5 പ്രതികൾക്ക് 5 മാസം തടവും വേറെയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചാൽ പരുക്കേറ്റ സുമേഷിനു നൽകാനും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവു ശിക്ഷ അനുഭവിക്കണം.
2008 മാർച്ച് 5 ന് ഉച്ചയ്‌ക്ക് 2.45ന് നാരങ്ങാപ്പുറത്താണു സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിച്ചു പുറത്തിറങ്ങുകയായിരുന്ന സുമേഷിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണു കേസ്. വെട്ടേറ്റു സുമേഷിന്റെ കൈപ്പത്തി അറ്റുപോയി. തലയ്‌ക്കും മുഖത്തും ആഴത്തിൽ മുറിവേറ്റു. കൊടി സുനി, മുഹമ്മദ് ഷാഫി, പ്രവീൺകുമാർ, വേലാണ്ടി രാജേഷ് എന്നിവരെയാണു വിട്ടയച്ചത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ അറസ്‌റ്റിലായ കൊടി സുനിയും മുഹമ്മദ്‌ഷാഫിയും കുറ്റസമ്മത മൊഴി പ്രകാരമാണു കേസിൽ പ്രതികളായത്. ശിക്ഷ പ്രഖ്യാപിച്ച ഇന്നലെ കോടതി ചേർന്നപ്പോൾ ഒന്നാം പ്രതി വി.പി.സന്തോഷ് എന്ന പൊട്ട്യൻ സന്തോഷ് കോടതിയിൽ എത്തിയിരുന്നില്ല.
നസീർ വധശ്രമ ഗൂഢാലോചനയിൽ കൂടുതൽ പേരെന്ന് അന്വേഷണ സംഘം
തലശ്ശേരി∙ സി.ഒ.ടി.നസീർ വധശ്രമ ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടെന്നു തെളിഞ്ഞതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഉയർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു ഗൂഢാലോചനയിൽ പങ്കുള്ളതായും അതേക്കുറിച്ച് അന്വേഷണം ആവശ്യമാണെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ടെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ശ്രീജിനും റോഷൻ ആർ.ബാബുവിനും നസീറിനോട് വ്യക്‌തിപരമോ രാഷ്‌ട്രീയമോ ആയ വിരോധമില്ല. ഇവർക്കു നേരിട്ടു പരിചയവുമില്ല. ശ്രീജിൻ, പൊട്ട്യൻ സന്തോഷിന്റെ നിർദേശ പ്രകാരമാണ് അക്രമം നടത്തിയത്.