സെവൻസ് താരം കറങ്ങിനടന്നു, മാനേജർ കുടുക്കിലായി
Mail This Article
പാലക്കാട് ∙ ‘സുഡാനി ഫ്രം നൈജീരിയ’ ഒരു സിനിമയാണെങ്കിൽ ‘സുഡാനി ഫ്രം ലൈബീരിയ’ ഒരു ജീവിതമാണ്. ഫുട്ബോൾ കളിക്കാരനായ ലൈബീരിയക്കാരൻ വഴി മണ്ണാർക്കാട് ചിറക്കൽപ്പടി മങ്ങാടൻ ഷമീർ ബാബു (41) എന്ന മാനേജർക്കുണ്ടായ കേസിന്റെയും പൊല്ലാപ്പിന്റെയും കഥ.
സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിലെ ടീമായ ചിറക്കൽപ്പടി ലിൻഷ മെഡിക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനു വേണ്ടി ലൈബീരിയക്കാരൻ ബെഞ്ചമിൻ കൂപ്പർ (25) എന്ന താരത്തെ 2017 ജനുവരിയിൽ നാട്ടിലെത്തിച്ചതു ഷമീറാണ്. ബെഞ്ചമിൻ മികച്ച പ്രകടനം കാഴ്ചവച്ചു. 2018 ജനുവരി 2 വരെയായിരുന്നു വീസ കാലാവധി. അതിനു മുൻപേ ടീമുമായുള്ള കരാർ പൂർത്തിയാക്കിയ ബെഞ്ചമിനെ ഷമീർ നാട്ടിലേക്കു പറഞ്ഞയച്ചു. എന്നാൽ, ബെഞ്ചമിൻ പോയതു കൊൽക്കത്തയിലേക്ക്. അവിടെ കറങ്ങിനടക്കുന്നതിനിടെ വീസ നിയമം തെറ്റിച്ചതിന് അറസ്റ്റിലായി.
അതോടെ, സ്പോൺസർ ഷമീർ പ്രതിയായി. പൊലീസ് എത്തിയപ്പോഴാണു വിവരം അറിയുന്നത്. മണ്ണാർക്കാട് പൊലീസിനു കൈമാറിയ കേസിൽ ബെഞ്ചമിന് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 6 മാസം തടവും 1000 രൂപ പിഴയും വിധിച്ചു. ശിക്ഷ കഴിഞ്ഞ് ബെഞ്ചമിനു നാട്ടിലേക്കു പോകാനുള്ള ടിക്കറ്റ് ശരിപ്പെടുത്തിക്കൊടുത്തതും ഷമീറാണ്. ‘ടീമിലേക്ക് ഇനിയും സുഡാനികളെ കൊണ്ടുവരും. പൊല്ലാപ്പില്ലാതെ തിരിച്ചയയ്ക്കുകയും ചെയ്യും’ – ഷമീർ പറഞ്ഞു.