പുനർനിർമാണത്തിന് 1722 കോടിയുടെ എഡിബി വായ്പ
Mail This Article
തിരുവനന്തപുരം∙ ശുദ്ധജല വിതരണത്തിനായി പ്രളയത്തിനു മുൻപ് എഡിബി (ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്)യോട് ആവശ്യപ്പെട്ട 1,722 കോടി രൂപയുടെ (25 കോടി ഡോളർ) വായ്പ പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമാക്കുന്നു. വായ്പ നൽകാൻ എഡിബി തത്വത്തിൽ അംഗീകാരം നൽകിയതായി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സിഇഒ ഡോ.വി.വേണു പറഞ്ഞു.
കേരള പുനർനിർമാണത്തിന്റെ ഭാഗമായി ജലവിതരണ സംവിധാനം മെച്ചപ്പെടുത്താനാണു പൂർണമായും തുക ചെലവഴിക്കുക. വായ്പയ്ക്കു കേന്ദ്രസർക്കാരും അംഗീകാരം നൽകിയിട്ടുണ്ട്. സർക്കാരും എഡിബിയും തമ്മിൽ ഇക്കാര്യത്തിൽ ചർച്ച പൂർത്തിയാക്കി. എഡിബി ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ വായ്പ ലഭ്യമാകും.
പുനർനിർമാണവുമായി ബന്ധപ്പെട്ടു കോവളത്തു രാജ്യാന്തര ഏജൻസികളുടെ സമ്മേളനത്തിൽ എഡിബി പ്രതിനിധികൾ പങ്കെടുത്തിരുന്നു. പ്രളയാനന്തര പുനർനിർമാണത്തിനുള്ള ആദ്യഗഡു വായ്പയായ 1750 കോടി രൂപ (25 കോടി ഡോളർ) ലോകബാങ്ക് ഈയിടെയാണ് അനുവദിച്ചത്. ജർമൻ വികസന ബാങ്കിന്റെ (കെഎഫ്ഡബ്ല്യു) വായ്പയുടെ ആദ്യ ഗഡുവായ 720 കോടി രൂപ ഈ മാസം ലഭിക്കും. പുനർനിർമാണത്തിനു 31,000 കോടി രൂപ വേണമെന്നാണു കണക്കാക്കിയിരിക്കുന്നത്.