കനത്ത മഴ; കാണാതായ 4 പേർക്കായി തിരച്ചിൽ
Mail This Article
കാലവർഷം കനത്തതോടെ വള്ളം തകർന്നു കൊല്ലത്തു കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. ഇതേസമയം, വിഴിഞ്ഞത്തുനിന്നു 4 ദിവസം മുൻപു കാണാതായ 4 പേരും സുരക്ഷിതരായി തിരിച്ചെത്തി. കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ കൊല്ലത്തെ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കാലാവസ്ഥ മോശമായതോടെ നിർത്തിവച്ചു. ഇന്നു വീണ്ടും തിരച്ചിൽ നടത്തും.
കോട്ടയത്തു കഴിഞ്ഞ ദിവസം മീനച്ചിലാറ്റിൽ കാണാതായ യുവാവിനുവേണ്ടി ഇന്നലെ നാവികസേന തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനത്ത് 6 ദുരിതാശ്വാസ ക്യാംപുകൾ കൂടി തുറന്നു. മൊത്തം 10 ക്യാംപുകളിലായി 165 കുടുംബങ്ങളിലെ 835 പേർ താമസിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണു ക്യാംപ്.
കോട്ടയത്തു മണിമലയാറിന്റെ തീരം ഇടിഞ്ഞതിനെ തുടർന്നു പുനലൂർ–മുവാറ്റുപുഴ പാതയിൽ ഗതാഗതം അൽപ നേരം സ്തംഭിച്ചു. പത്തനംതിട്ടയിൽ മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഏതു സമയവും തുറന്നുവിട്ടേക്കുമെന്ന അറിയിപ്പുമുണ്ട്. കാസർകോട് കുമ്പള കൊടിയമ്മ ജുമാ മസ്ജിദിനു സമീപമുള്ള റോഡിലെ പാലം മഴയിൽ തകർന്നു. ഇടുക്കി ജില്ലയിൽ ഇന്നലെ 81.98 മില്ലീമീറ്റർ മഴ പെയ്തു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 3.72 അടി കൂടി ഉയർന്ന് 2307.12 അടിയിലെത്തി.
നിർബന്ധിച്ചു കടലിൽ വിട്ടാൽ നടപടി: മന്ത്രി
തിരുവനന്തപുരം∙ കാലാവസ്ഥ പ്രതികൂലമായിരിക്കുമ്പോഴും മത്സ്യത്തൊഴിലാളികളെ നിർബന്ധിച്ചു കടലിൽ പറഞ്ഞയയ്ക്കുന്ന ബോട്ട് ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മുന്നറിയിപ്പ് അവഗണിച്ചു കടലിൽ പോകുന്നവരുടെ കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല. സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കാതെ, കരയിൽ കാശുമായി നിൽക്കുന്നവന്റെ വാക്കു കേട്ടു തൊഴിലാളികൾ പോകുന്ന സാഹചര്യമുണ്ടായാൽ അതിന്റെ ഉത്തരവാദി കരയിൽ നിൽക്കുന്നയാളാണ്.
വിഴിഞ്ഞത്തു നിന്നു മത്സ്യത്തൊഴിലാളികളുമായി പോയ വള്ളത്തിനു ലൈസൻസോ റജിസ്ട്രേഷനോ ഇല്ലായിരുന്നു. ലൈഫ് ജാക്കറ്റുകൾ പോലുമില്ലാതിരുന്നതിനാൽ തിരച്ചിൽ നടത്തിയവരുടെ കാഴ്ചയിൽപ്പെട്ടില്ല. ഉടമയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. 12 നോട്ടിക്കൽ മൈൽ വരെയാണ് കേരളത്തിന്റെ പരിധി. ഇവർ 20 നോട്ടിക്കൽ മൈലിലാണു പോയത്. ഫിഷറീസ് വകുപ്പിന്റെ സാഗര മൊബൈൽ ആപ്പിലും ഇവർ ലോഗിൻ ചെയ്തില്ലെന്ന് മന്ത്രി പറഞ്ഞു.
ഇന്നും നാളെയുമായി 6 ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് 24 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നും നാളെയുമായി 6 ജില്ലകളിൽ റെഡ് അലർട്ട്.
റെഡ് അലർട്ട് (അതിതീവ്രമഴ)
ഇന്ന്: ഇടുക്കി, കാസർകോട്
നാളെ: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ഓറഞ്ച് അലർട്ട് (ഒറ്റപ്പെട്ടയിടങ്ങളിൽ തീവ്രമഴ)
ഇന്ന്: കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ
നാളെ: ഇടുക്കി, കാസർകോട്
ചൊവ്വ: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ബുധൻ: കണ്ണൂർ, കാസർകോട്
യെലോ അലർട്ട് (ശക്തമായ മഴ)
ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, മലപ്പുറം, വയനാട്
നാളെ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ
ചൊവ്വ: കോട്ടയം, എറണാകുളം, തൃശൂർ
ബുധൻ: ഇടുക്കി, കോഴിക്കോട്, വയനാട്