ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കാൻ കോൺഗ്രസ് പോരാടും: ആന്റണി
Mail This Article
മാവേലിക്കര ∙ ഇന്ത്യയുടെ നാനാത്വം ഇല്ലാതാക്കാനുള്ള ബിജെപി ശ്രമം പൊട്ടിത്തെറിയിൽ അവസാനിക്കുമെന്നു മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി. സി.എം.സ്റ്റീഫൻ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈവിധ്യം സംരക്ഷിക്കണം എന്നു ലക്ഷ്യമുള്ളവർ ഒരുമിച്ചു നിന്നാൽ അതിൽ മുന്നണിപ്പോരാളിയായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാവേലിക്കരയിൽ സി.എം.സ്റ്റീഫന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികൾക്ക് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി സമ്മാനങ്ങൾ നൽകി.
ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ്, മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കൊടിക്കുന്നിൽ സുരേഷ് എംപി, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് എം.ലിജു, കെപിസിസി സെക്രട്ടറിമാരായ സി.ആർ.ജയപ്രകാശ്, കെ.പി.ശ്രീകുമാർ, എ.ത്രിവിക്രമൻതമ്പി, മാന്നാർ അബ്ദുൽ ലത്തീഫ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ഫാ. വി.എം.മത്തായി വിലനിലം, എം.മുരളി, കോശി എം.കോശി, കെ.കെ.ഷാജു, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം സൈമൺ വർഗീസ് കൊമ്പശേരിൽ, സി.എം.സ്റ്റീഫന്റെ സഹോദരൻ പോൾ മത്തായി, അഖില കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ് സേറ മറിയം വിന്നി തുടങ്ങിയവർ പ്രസംഗിച്ചു. സി.എം.സ്റ്റീഫൻ ജന്മശതാബ്ദി ആഘോഷക്കമ്മിറ്റിയാണ് ഒരു വർഷം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നത്.