ADVERTISEMENT

പത്തനംതിട്ട ∙ നഗരത്തിലെ കൃഷ്ണ ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് 4 കിലോ സ്വർണവും 13 ലക്ഷം രൂപയും കവർന്ന കേസിൽ ആസൂത്രകൻ ഉൾപ്പെടെ 5 പേർ തമിഴ്നാട്ടിലെ സേലത്ത് പിടിയിലായി. മുഴുവൻ സ്വർണവും പണവും കണ്ടെടുത്തു.

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശികളായ നിധിൻ യാദവ് (21), ഗണപതി വിശ്വാസ് യാദവ് (22), പ്രശാന്ത് യാദവ് (20), ദാദാ സാഹിബ് പ്രഭാകർ ഗെയ്ക്ക്‌വാദ് (22), ആകാശ് കർത്ത (22) എന്നിവാണ് പിടിയിലായത്. ആസൂത്രകനും ജ്വല്ലറിയിലെ ജീവനക്കാരനുമായ അക്ഷയ് പാട്ടീലിനെ (23) ഞായറാഴ്ച തന്നെ പൊലീസ് പിടികൂടിയിരുന്നു. കേസിലെ 6 പ്രതികളും കസ്റ്റഡിയിലായി.

തമിഴ്നാട് പൊലീസുമായി ചേർന്ന് സംഘടിതവും സാഹസികവുമായ നീക്കത്തിലൂടെയാണ് കവർച്ച നടന്ന് 14 മണിക്കൂറിനകം എല്ലാ പ്രതികളെയും പിടിക്കാനും മോഷണ മുതൽ കണ്ടെടുക്കാനും കഴിഞ്ഞതെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. രാത്രി 12 ന് 4 പ്രതികളെ സേലത്ത് ടോൾ പ്ലാസയിൽ ഇവരുടെ വാഹനം കണ്ട് തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ ആഭരണവും പണവും അടങ്ങിയ ബാഗുമായി നിധിൻ യാദവ് ഓടി രക്ഷപ്പെട്ടു.

പ്രദേശത്തു സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിഞ്ഞ നിധിനെ നാട്ടുകാർ തടഞ്ഞു ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായി മറുപടി നൽകിയതിനെ തുടർന്നു പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ബാഗിൽ നിന്നു സ്വർണവും പണവും കണ്ടെടുത്തു. സേലം കമ്മിഷണർ സെന്തിൽ കുമാർ നേരിട്ടെത്തി പ്രതികളെ ചോദ്യം ചെയ്തു. ഒന്നര വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ഈ ജ്വല്ലറിയിൽ ഒരാഴ്ച മുൻപു മാത്രം ജോലിക്ക് കയറിയ അക്ഷയ് പാട്ടിലിന്റെ നേതൃത്വത്തിലാണ് കവർച്ച ആസൂത്രണം ചെയ്തത്.

സ്വർണം വാങ്ങാൻ എത്തും എന്ന് പറഞ്ഞ് ഇടപാടുകാരൻ വരുന്നതിനു മുൻപ് സംഘാംഗങ്ങളെ ലോക്കർ റൂമിൽ ഒളിപ്പിച്ചു. ലോക്കർ തുറക്കുന്നതിനിടെ മാനേജർ സന്തോഷിനെ കെട്ടിയിട്ട് മർദിച്ചു താക്കോൽ കൈക്കലാക്കിയാണ് കവർച്ച ന‌ടത്തിയത്. പ്രതികളുമായി പൊലീസ് സേലത്തുനിന്നു തിരിച്ചിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com