പ്രളയ സെസ് ഓഗസ്റ്റ് 1 മുതൽ; 928 ഉൽപന്നങ്ങൾക്ക് വില ഉയരും
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ ഉൽപന്നങ്ങൾക്ക് 1% പ്രളയ സെസും ട്രഷറി വഴി ശമ്പള വിതരണവും നാളെ പ്രാബല്യത്തിൽ. 12%, 18%, 28% ജിഎസ്ടി നിരക്കുകൾ ബാധകമായ 928 ഉൽപന്നങ്ങൾക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങൾ തുടങ്ങി 0%, 5% ജിഎസ്ടി നിരക്കു ബാധകമായവയ്ക്ക് സെസില്ല. ജിഎസ്ടിക്കു പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവയ്ക്കും സെസ് നൽകേണ്ട.
കാർ, ബൈക്ക്, ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, മരുന്നുകൾ, സിമന്റ്, പെയിന്റ് തുടങ്ങിയവയ്ക്കെല്ലാം സെസ് വരുന്നതോടെ വിലയേറും. സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമാണു സെസ്. നാളെ മുതൽ 2 വർഷത്തേക്കാണു സെസ്.
അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരിൽ ഒന്നര ലക്ഷം പേരാണ് ട്രഷറിയിൽ ശമ്പളം നിലനിർത്താൻ താൽപര്യം അറിയിച്ചത്. 48 വകുപ്പുകളിൽ നാളെ മുതലും ബാക്കി സെപ്റ്റംബർ 1 മുതലും നടപ്പാക്കും. ശമ്പളം ബാങ്കിൽ നിന്നു കൈപ്പറ്റാൻ തീരുമാനിച്ചവർക്ക് ആദ്യം ട്രഷറി അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം അപ്പോൾത്തന്നെ ബാങ്കിലേക്കു മാറ്റി നൽകും.