കുടുംബശ്രീ നേതൃത്വത്തിലുള്ള പ്രളയ സർവേയുടെ രണ്ടാംഘട്ടം തുടങ്ങി
Mail This Article
തിരുവനന്തപുരം∙ ദുരന്തനിവാരണത്തിലും പുനർനിർമാണപ്രവർത്തനങ്ങളിലും സുതാര്യതയും പൊതുജനപങ്കാളിത്തവും ഉറപ്പുവരുത്താനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന സർവേയുടെ രണ്ടാംഘട്ടം തുടങ്ങി. പ്രളയം ഏറെ ബാധിച്ച 7 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 489 തദ്ദേശസ്ഥാപനങ്ങളിലെ ജനങ്ങളിൽ നിന്നാണു വിവരം ശേഖരിക്കുന്നത്. യുനിസെഫ്, കില, സർക്കാർ വകുപ്പുകൾ എന്നിവയുടെ പിന്തുണയോടെയാണു ജനകീയ പങ്കാളിത്തവും പുനർനിർമാണവും (ജെപിപി) എന്ന പേരിൽ കുടുംബശ്രീ സർവേ നടത്തുന്നത്.
മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിലാണു സർവേ. ആദ്യഘട്ടം കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി പൂർത്തിയാക്കിയിരുന്നു. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ അധ്യക്ഷതയിലുള്ള ഉപദേശക സമിതിയാണു സർവേക്കു നേതൃത്വം നൽകുന്നത്. സർക്കാരിൽനിന്നു ലഭിച്ച സഹായങ്ങൾ, പദ്ധതികൾ സംബന്ധിച്ചു നൽകിയ പരാതികളുടെ നിലവിലെ സ്ഥിതി, പ്രളയബാധിതരുടെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം എന്നിവ സംബന്ധിച്ച വിവരങ്ങളാണു ശേഖരിക്കുക.
പ്രളയമുണ്ടാക്കിയ മാനസികബുദ്ധിമുട്ടുകളിൽ നിന്നു കുട്ടികൾ മോചിതരായോ, പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായം ആരാഞ്ഞിരുന്നോ, പ്രളയശേഷം തൊഴിലിൽനിന്നു പഴയതുപോലെ വരുമാനം വീണ്ടും കിട്ടിത്തുടങ്ങിയോ എന്നീ കാര്യങ്ങളും പരിശോധിക്കും. സർവേ വിവരങ്ങൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ തുടർപ്രവർത്തനങ്ങൾക്കുള്ള മാനദണ്ഡമാകും. 60 രാജ്യങ്ങളിൽ ഇത്തരം സർവേ നടന്നിട്ടുണ്ടെന്നും എന്നാൽ ആദ്യമായാണു സർക്കാർ ഏജൻസി ഇതു നടപ്പിലാക്കുന്നതെന്നും ഐക്യരാഷ്ട്ര സംഘടന കേരള കോഓർഡിനേറ്റർ ജോബ്് സഖറിയ പറഞ്ഞു.