കെഎസ്ആർടിസിക്ക് തിങ്കളാഴ്ച നല്ല ദിവസം; വരുമാനം - 8.32 കോടി, റെക്കോർഡ്
Mail This Article
തിരുവനന്തപുരം ∙ ഓണാവധിക്കു ശേഷം തിരക്കേറിയ തിങ്കളാഴ്ച കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം. 16ന് 8.32 കോടി രൂപയാണു വരുമാനമായി ലഭിച്ചത്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനമാണിതെന്ന് അധികൃതർ അറിയിച്ചു. ദീർഘദൂര സർവീസുകൾ സ്പെഷൽ സർവീസുകൾ ആയി ഓൺലൈൻ റിസർവേഷൻ സംവിധാനം ഉൾപ്പെടുത്തി ഓപ്പറേറ്റ് ചെയ്തതും നേട്ടമായി. ഇത്തവണ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരുന്ന എല്ലാ സർവീസുകളും നേരത്തെ തന്നെ യാത്രക്കാർക്ക് ഓൺലൈനായി ബുക്ക് ചെയ്യാമായിരുന്നു.
ജീവനക്കാരുടെ കൂട്ടായ പ്രവർത്തനമാണു മികച്ച വരുമാനം കൈവരിക്കാൻ സഹായകമായതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.പി. ദിനേശ് പറഞ്ഞു. അതേസമയം, ഓണാവധിക്കാലത്തു കെഎസ്ആർടിസിക്കു പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല.
ഓണാവധി തുടങ്ങുന്നതിനു തൊട്ടുമുൻപത്തെ ശനിയാഴ്ചയായ 7ന് 7.30 കോടി രൂപയായിരുന്നു വരുമാനം. തൊട്ടടുത്ത ദിവസം ഇത് ഏഴു കോടിയായി .ഒൻപതിന് 6.73 കോടി രൂപയും ഉത്രാടദിനത്തിൽ 6.25 കോടി രൂപയുമായിരുന്നു. തിരുവോണം, അവിട്ടം ദിനങ്ങളിൽ യഥാക്രമം 4.21 കോടി, 5.86 കോടി എന്നിങ്ങനെയാണു വരുമാനം ലഭിച്ചത്.