തേക്കടി ബോട്ട് ദുരന്തത്തിന് 10 വർഷം തികയുമ്പോൾ ആദ്യകുറ്റപത്രം
Mail This Article
തൊടുപുഴ ∙ തേക്കടി ബോട്ട് ദുരന്തത്തിന് 10 വർഷം തികയുമ്പോൾ തുടരന്വേഷണ സംഘം കേസിൽ ആദ്യകുറ്റപത്രം സമർപ്പിച്ചു. ബോട്ട് ദുരന്തം അന്വേഷിച്ച എസ്പിയായിരുന്ന പി.എ.വത്സനാണു കേസിൽ ആദ്യ കുറ്റപത്രം നൽകിയതെങ്കിലും കോടതി തള്ളി. തുടർന്ന് 5 വർഷത്തോളം കേസന്വേഷണം നടന്നില്ല. 2014 ഡിസംബർ 24 നു തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി(4) കേസിൽ 2 തരത്തിലുള്ള കുറ്റകൃത്യങ്ങളുണ്ടെന്നു കണ്ടെത്തി. രണ്ടിലും പ്രത്യേകം കുറ്റപത്രം നൽകാൻ നിർദേശിച്ചു. ഇതു പ്രകാരമാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് 2009 സെപ്റ്റംബർ 30നാണു കെടിഡിസിയുടെ ജലകന്യക എന്ന ബോട്ട് മറിഞ്ഞത്. 7 കുട്ടികളും 23 സ്ത്രീകളും ഉൾപ്പെടെ 45 പേരാണു മരിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു പുറമേ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിരുന്നു.
ആലപ്പുഴ സെഷൻസ് കോടതി ജഡ്ജിയായിരുന്ന ഇ.മൊയ്തീൻകുഞ്ഞിനെ ജുഡീഷ്യൽ കമ്മിഷനായി വച്ചു. അന്വേഷണത്തിനു കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന പി.എ.വത്സനെയും സർക്കാർ നിയോഗിച്ചു. ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ടിൻമേൽ തുടർനടപടികൾ ഉണ്ടായില്ല. ഇതിനിടെയാണു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം കോടതി തള്ളിയത്.
2 കുറ്റകൃത്യത്തിലും നേരിട്ടു ബന്ധമുള്ളവർക്ക് എതിരായ ആദ്യ കുറ്റപത്രമാണ് (എ ചാർജ്) നിലവിൽ നൽകിയിരിക്കുന്നത്. രണ്ടാമത്തെ കുറ്റപത്രം (ബി ചാർജ്) ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്നു കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം. സാബു മാത്യു ‘മനോരമ’യോടു പറഞ്ഞു.
കുറ്റകൃത്യത്തിൽ നേരിട്ട് ഇടപെട്ട ബോട്ട് ഡ്രൈവർ, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 4 പേരാണ് ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെടുന്നത്. ബോട്ട് നിർമിച്ചവരും ഗുണനിലവാരം പരിശോധിക്കാതെ നീറ്റിലിറക്കാൻ അനുമതി നൽകുന്നവരുമാണു രണ്ടാമത്തെ കുറ്റപത്രത്തിൽ ഉണ്ടാകുക.