പരുക്കേറ്റ ആദിവാസി യുവാവിനെ പുറത്താക്കി കെഎസ്ആർടിസി
Mail This Article
പാലക്കാട് ∙ ജോലിക്കിടെ പരുക്കേറ്റു ചികിത്സയിൽ കഴിയവേ ആദിവാസി വിഭാഗത്തിൽപ്പെട്ട കണ്ടക്ടറെ കെഎസ്ആർടിസി പിരിച്ചുവിട്ടു. ജോലിക്ക് ഹാജരായില്ലെന്ന കാരണം പറഞ്ഞാണു പുറത്താക്കിയത്. ചികിത്സാ രേഖകൾ ഹാജരാക്കിയിട്ടും അഗളി സ്വദേശിയായ എം.ചന്ദ്രൻ എന്ന ആദിവാസി യുവാവിനോടാണു കോർപറേഷന്റെ ക്രൂരത.
ചികിത്സയുടെ തെളിവുകൾ കാട്ടിയപ്പോൾ, ‘ഇത് ആശുപത്രിയല്ല, പിരിഞ്ഞു പോകുന്നതാണു നല്ലത്’ എന്നാണ് അന്നത്തെ മാനേജിങ് ഡയറക്ടർ മറുപടി നൽകിയതെന്നു ചന്ദ്രൻ പറയുന്നു. 2011ൽ പിഎസ്എസി വഴി കെഎസ്ആർടിസിയിൽ കണ്ടക്ടറായി നിയമനം ലഭിച്ച ചന്ദ്രൻ 2017 ഏപ്രിൽ 20ന് ആനക്കട്ടിയിൽ നിന്നു പാലക്കാട്ടേക്കു വന്ന ബസിലാണ് അവസാനമായി ജോലി ചെയ്തത്. അന്ന് അട്ടപ്പാടി ചുരത്തിനടുത്തു മന്തംപൊട്ടിക്കു സമീപം നിയന്ത്രണംവിട്ട ബസ്, ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചെയ്തു നിർത്തിയപ്പോൾ, ടിക്കറ്റ് കൊടുക്കുകയായിരുന്ന ചന്ദ്രന്റെ ഇടതു തോൾ ഭാഗത്തു ബസിന്റെ കമ്പിയിൽ ഇടിച്ചു ക്ഷതമേറ്റു. ഞരമ്പിനേറ്റ ക്ഷതം മൂലം ചന്ദ്രന്റെ കൈയിന്റെ സ്വാധീനം നഷ്ടപ്പെട്ടു.
പരുക്കു ഭേദമാകാത്തതിനാൽ ചികിത്സ തുടരുന്നതിനിടെ 2018 മേയിൽ പിരിച്ചുവിടൽ നോട്ടിസ് ലഭിച്ചു. തുടർന്നു മാനേജിങ് ഡയറക്ടറെ കണ്ടപ്പോഴാണ് പിരിഞ്ഞു പോകുന്നതാണു നല്ലതെന്നു പറഞ്ഞ് ഇറക്കിവിട്ടത്. 2018 ഓഗസ്റ്റിൽ മാനന്തവാടിയിലേക്കു സ്ഥലം മാറ്റിയതായി ഉത്തരവു ലഭിച്ചു. എന്നാൽ ചന്ദ്രനു ജോലിയിൽ പ്രവേശിക്കാനായില്ല. രണ്ടു മാസത്തിനുശേഷം പിരിച്ചു വിടുന്ന ഘട്ടമെത്തിയപ്പോൾ മാനന്തവാടിയിൽ എത്തിയെങ്കിലും പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് വീട്ടിലേക്ക് അയച്ചുവെന്നു പറഞ്ഞ് അധികൃതർ കൈമലർത്തി.
അട്ടപ്പാടി താഴേതാമ്പാർക്കോട് ഊരിൽ മൺകട്ടകൊണ്ടു നിർമിച്ച വീട്ടിൽ ഭാര്യയും 3 വയസ്സുള്ള കുഞ്ഞും അമ്മയും ഭിന്നശേഷിക്കാരിയായ സഹോദരിയുമൊത്താണു ചന്ദ്രൻ താമസിക്കുന്നത്.