ഗാന്ധിജിയെ ‘തൊട്ട’ 5 മലയാളികൾ
Mail This Article
ഗാന്ധിജിയെ ‘തൊട്ട’ മലയാളികളേറെ, അക്ഷരാർഥത്തിലും ആശയാർഥത്തിലും. ഒരു കുറിപ്പിന്റെ കുടന്നയിൽ ഒതുങ്ങാത്ത ആൾക്കടൽ. അവരിൽത്തന്നെ, പിന്തുണച്ചും പ്രചോദിപ്പിച്ചും വിമർശിച്ചും ഗാന്ധിജിയെന്ന ആശയത്തെ അഭിസംബോധന ചെയ്ത അഞ്ചു പേരാണിവിടെ
കാൾ മാർക്‌സിന്റെ ജീവചരിത്രമെഴുതിയ സ്വദേശാഭിമാനി കെ. രാമകൃഷ്‌ണപിള്ള 1913ൽ ‘മോഹനദാസ് ഗാന്ധി’ എന്നൊരു ചെറുപുസ്‌തകമെഴുതി. ‘തെക്കേ ആഫ്രിക്കയിൽ രാജ്യതന്ത്രങ്ങളെ കുലുക്കി മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന’ മനുഷ്യനെ മലയാളത്തിനു പരിചയപ്പെടുത്തി. പിൽക്കാലത്ത് രാഷ്‌ട്രീയശരിയുടെ ഉപ്പു കുറുക്കിയും ചെറുത്തുനിൽപ്പിന്റെ നൂൽ നൂറ്റും ഉടലുമുയിരും എരിച്ച് ഉപവാസമിരുന്നും മലയാളികളും ഗാന്ധിജിയുടെ സഹനസമരത്തിൽ പങ്കുചേർന്നു.
ശ്രീനാരായണ ഗുരു – മഹാത്മാവിന്റെ മാർഗദർശി
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നതിന്റെ പൊരുൾ ഗാന്ധിജിക്കു ബോധ്യപ്പെടുത്തിയതു ഗുരുവാണ്. അയിത്തത്തിന് എതിരാണെങ്കിലും വർണവ്യവസ്ഥ നിലനിൽക്കണമെന്ന അഭിപ്രായമായിരുന്നു ഗാന്ധിജിക്ക്. ജാതിയെക്കുറിച്ചുള്ള ബോധ്യങ്ങളിൽ എത്രയോ മുന്നിലായിരുന്നു ഗുരു.
1925 മാർച്ച് 12നു ശിവഗിരി മഠത്തിൽ വച്ച് ഇരുവരും കണ്ടു. മതമൊന്നേയുള്ളൂ എന്നു ഗുരു പറഞ്ഞതിനോടു ഗാന്ധിജി വിയോജിച്ചു. വിഭിന്ന മനുഷ്യരുള്ളിടത്തോളം വിഭിന്ന മതങ്ങളുമുണ്ടാകുമെന്നും സഹിഷ്‌ണുതയാണു വേണ്ടതെന്നുമായിരുന്നു വാദം. മാവിൽ നിന്ന് ഇലകൾ പറിച്ച് ഗാന്ധിജി പറഞ്ഞു, ‘നോക്കൂ, ഈ ഇലകളുടെ രൂപം പരസ്‌പരം ഭിന്നമല്ലേ?’ഗുരു ആ മാവിലകൾ മാറിമാറി കടിച്ചു. ഗാന്ധിജിയോടും അതുപോലെ ചെയ്യാൻ പറഞ്ഞു. കാഴ്‌ചയിൽ ഭിന്നമെങ്കിലും സത്ത ഒന്നെന്നു ബോധ്യപ്പെടുത്തി.
വൈക്കത്തെ വിലക്കപ്പെട്ട വഴികളിൽ പ്രവേശിക്കാൻ നാരായണ ഗുരുവിനെപ്പോലെ ഒരാൾക്കു പോലും കഴിയില്ലെന്നത് തന്റെ മത, മാനവിക, ദേശീയതാ ബോധ്യങ്ങളെ മുറിപ്പെടുത്തുന്നെന്ന് തിരുവനന്തപുരത്തു ഗാന്ധിജി പ്രസംഗിച്ചു. 1928ൽ ഗുരു സമാധിയായപ്പോൾ ടാറ്റാ വാസുദേവൻ എന്നൊരാൾ ഗാന്ധിജിക്കെഴുതി.
ഗുരുവിനെക്കുറിച്ചുള്ള പുസ്‌തകത്തിലേക്ക് ഒരു കുറിപ്പു വേണമെന്നായിരുന്നു ആവശ്യം. എന്നാൽ വിശ്രമത്തിലായിരുന്ന ഗാന്ധിജിയുടെ ആരോഗ്യനിലയെ കരുതി ആ കത്ത് അദ്ദേഹത്തെ ആരും കാണിച്ചില്ല.
അയ്യങ്കാളി – അദ്‌ഭുതപ്പെടുത്തിയ പോരാളി
ഡോ. ബി.ആർ. അംബേദ്‌കർ കഴിഞ്ഞാൽ ഒരുപക്ഷേ, ഗാന്ധിജിയെ ദലിത് യാഥാർഥ്യങ്ങൾ ബോധ്യപ്പെടുത്തുകയും ജാതിയെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങൾക്കു പ്രേരിപ്പിക്കുകയും ചെയ്‌തത് അയ്യങ്കാളിയാണ്; വാക്കുകളേക്കാളും പ്രവൃത്തിയിലൂടെ. ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് 1937 ജനുവരിയിൽ ഗാന്ധിജി തിരുവിതാംകൂറിലെത്തി. 14ന് അദ്ദേഹം വെങ്ങാനൂരിലെത്തി.
ക്ഷേത്രപ്രവേശനത്തെയും അയിത്തത്തെയും ശുദ്ധിയെയും കുറിച്ചാണു പ്രധാനമായും സംസാരിച്ചത്. ‘പാതി നേരംപോക്കായും പാതി വാത്സല്യത്താലും പുലയരാജാവ് എന്നു നിങ്ങൾ അയ്യങ്കാളിയെ വിളിക്കുന്നു. അദ്ദേഹം ഒരിക്കലും തളരാത്ത പ്രവർത്തകനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിങ്ങൾ സ്‌ഥിരമായ പുരോഗതി പ്രാപിച്ചു വരുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു’– ആ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ‘എന്റെ ജനങ്ങളുടെ ഇടയിൽ പത്തു ബിഎക്കാരെയെങ്കിലും കണ്ടിട്ടു വേണം മരിക്കാൻ’ എന്ന അയ്യങ്കാളിയുടെ വാക്കുകൾ ഗാന്ധിജിയെ സ്‌തബ‍്ധനാക്കി. ആ വിമോചനപ്പോരാളിക്കു പിന്തുണയും ആശംസകളും നേർന്നാണു ഗാന്ധിജി മടങ്ങിയത്.
ബാരിസ്‌റ്റർ ജി.പി. പിള്ള – പ്രചോദനമായ പത്രാധിപർ
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി. 3 വർഷം ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞതിനു ശേഷം 1896ൽ ഇന്ത്യയിലെത്തിയ ഗാന്ധിജി അവിടത്തെ വിവേചനങ്ങളെക്കുറിച്ച് പത്രങ്ങൾക്കു ലഘുലേഖ അയച്ചുകൊടുത്തു. വിവിധ നഗരങ്ങളിൽ പ്രചാരണയോഗങ്ങളും നടത്തി. മദ്രാസ് പച്ചയ്യപ്പാസ് ഹാളിൽ ഗാന്ധിയെ കാത്ത് വൻ ജനക്കൂട്ടമുണ്ടായിരുന്നു. ലഘുലേഖ തികയാതെ, ജി.പി.പിള്ളയുടെ മദ്രാസ് സ്‌റ്റാൻഡേഡ് പത്രത്തിന്റെ പ്രസിൽ ഒറ്റ രാത്രി പതിനായിരത്തോളം കോപ്പികൾ കൂടി അച്ചടിച്ചു.
ഈ സമ്മേളനത്തിനു മുൻപ് ഗാന്ധിജി പത്ര ഓഫിസിലെത്തി പിള്ളയെ കണ്ടിരുന്നു. ദക്ഷിണാഫ്രിക്കൻ വിഷയത്തിൽ ഒട്ടേറെ ഉപദേശങ്ങൾ അദ്ദേഹം ഗാന്ധിജിക്കു നൽകി. 1894ലെ കോൺഗ്രസ് സമ്മേളനത്തിൽ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരോട് അനുഭാവം പ്രകടിപ്പിച്ച് ജി.പി. പിള്ള പ്രമേയം അവതരിപ്പിച്ചിരുന്നു. തുടർന്നുള്ള കോൺഗ്രസ് സമ്മേളനങ്ങളിലും പ്രശ്‌നം അവതരിപ്പിച്ചു. ആത്മകഥയിൽ ‘പൂനയും മദ്രാസും’ എന്ന അധ്യായത്തിലാണു പിള്ളയെക്കുറിച്ചു ഗാന്ധിജി പറയുന്നത്. മൂന്നു പതിറ്റാണ്ടിനു ശേഷം മദ്രാസിലെ അതേ പച്ചയ്യപ്പാസ് ഹാളിൽ പ്രസംഗിക്കുമ്പോൾ പിള്ളയെ ആത്മബന്ധത്തോടെ ഓർക്കുകയും ചെയ്തു.
സി.ശങ്കരൻ നായർ – അതിരൂക്ഷ വിമർശകൻ
ഗാന്ധിജിയുടെ രാഷ്‌ട്രീയവഴിയിൽനിന്നു മാറിനടന്നയാളാണു ചേറ്റൂർ ശങ്കരൻ നായർ– മലയാളിയായ ഏക കോൺഗ്രസ് അധ്യക്ഷൻ. ‘ഗാന്ധി ആൻഡ് അനാർക്കി’ എന്ന പുസ്‌തകത്തിൽ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്. സ്വയംഭരണത്തിലേക്കു നയിക്കുന്ന പരിഷ്‌കാരങ്ങളുടെ വഴിമുടക്കുന്ന ആളായാണു ഗാന്ധിജിയെ ചേറ്റൂർ കണ്ടത്. ‘ഗാന്ധിയുടെ നേതൃത്വത്തിലുള്ള അക്രമോത്സുക വിഭാഗം’ എന്നുവരെ കടുപ്പിച്ചെഴുതി. ഖിലാഫത്ത് പ്രസ്‌ഥാനത്തിനു ഗാന്ധിജി നൽകിയ പിന്തുണയെയും എതിർത്തു.
നാൽപതാം വയസ്സിൽ 1897ലെ അമരാവതി സമ്മേളനത്തിലാണു ചേറ്റൂർ കോൺഗ്രസ് അധ്യക്ഷനായത്. പിൽക്കാലത്ത് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരുന്ന അദ്ദേഹം ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സ്‌ഥാനം രാജിവയ്‌ക്കുകയായിരുന്നു.
ബാരിസ്‌റ്റർ ജോർജ് ജോസഫ്
ആനി ബസന്റിന്റെ ഹോം റൂൾ പ്രസ്‌ഥാനത്തിൽ സജീവമായിരുന്ന ചെങ്ങന്നൂർ സ്വദേശി ബാരിസ്റ്റർ ജോർജ് ജോസഫിന്റെ ജീവിതം മാറ്റിമറിച്ചത് 1919 മാർച്ചിൽ മദ്രാസിൽ ഗാന്ധിജിയുമായുള്ള കൂടിക്കാഴ്‌ചയാണ്. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മധുരയിൽ ജോസഫിന്റെ വീട്ടിൽ ഗാന്ധിജി അതിഥിയായെത്തി. ഗാന്ധിജിയുടെ മാസ്മരികവലയത്തിലായ ജോസഫ് വക്കീൽപ്പണി ഉപേക്ഷിച്ച്, വിദേശവസ്‌ത്രങ്ങൾക്കു തീയിട്ട്, വീട്ടുപകരണങ്ങൾ അടുത്തുള്ളവർക്കു നൽകി, കുടുംബത്തോടൊപ്പം സബർമതി ആശ്രമത്തിലെത്തി. 1921 ഡിസംബർ 6ന് ഒട്ടേറെ ദേശീയ നേതാക്കൾക്കൊപ്പം അദ്ദേഹവും അറസ്‌റ്റിലായി.
രണ്ടു മാസത്തിനുശേഷം ചൗരിചൗര സംഭവത്തെ തുടർന്ന് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവച്ചത് അദ്ദേഹത്തെ നിരാശനാക്കി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കടുത്ത തീരുമാനങ്ങൾ നല്ലതല്ലെന്നായിരുന്നു വാദം. അഹിംസാസിദ്ധാന്തത്തിനു പരിമിതികളുണ്ടെന്ന് അദ്ദേഹം ഗാന്ധിജിക്കെഴുതി. ‘ഇതുവരെ സന്തോഷകരമായിരുന്ന ജയിൽവാസം ഇപ്പോൾ ശിക്ഷയായിരിക്കുന്നു. അബദ്ധമെന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്ന തത്വശാസ്‌ത്രം ആയിരങ്ങളോട് നിത്യവും ഉപദേശിച്ചതിനുള്ള ശിക്ഷ’ എന്നുവരെയെഴുതി.
അതേസമയം, വിയോജിപ്പുകൾക്കിടയിലും സ്‌നേഹാദരങ്ങൾ നിലനിന്നു. 1923ൽ ‘യങ് ഇന്ത്യ’ ഇംഗ്ലിഷ് വാരികയുടെ പത്രാധിപരായി ജോർജ് ജോസഫിനെയാണു ഗാന്ധിജി നിയമിച്ചത്.