ADVERTISEMENT

ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ അഗാധ വൈരുധ്യങ്ങളോടു സംവദിക്കാൻ ശ്രമിച്ചയാളായിരുന്നു ഗാന്ധിജി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതം അസാധാരണമാംവിധം വൈരുധ്യങ്ങളെ സംഗ്രഹിക്കുന്ന ഒന്നായിത്തീരുകയും ചെയ്തു. എഴുത്തുകാരൻ പങ്കജ് മിശ്ര ചൂണ്ടിക്കാട്ടിയതു പോലെ, 45–ാം വയസ്സിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കു മടങ്ങിവരുന്നതുവരെ ഗാന്ധി ഇവിടത്തെ ഒരു ഗ്രാമീണ കർഷകനോടോ തൊഴിലാളിയോടോ സംവദിച്ചിരുന്നില്ല. പക്ഷേ, 1915 മുതലുള്ള മൂന്നു പതിറ്റാണ്ടുകൊണ്ട് ഇന്ത്യയിലെ കർഷകരും തൊഴിലാളികളും പങ്കുചേരുന്ന മഹാപ്രസ്ഥാനമായി ദേശീയപ്രസ്ഥാനത്തെ മാറ്റിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

വർണവിവേചനത്തിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ വഴികാട്ടിയും മാതൃകയുമായി നെൽസൻ മണ്ടേലയും മാർട്ടിൻ ലൂഥർ കിങ്ങും പരിഗണിച്ചതു ഗാന്ധിജിയെയായിരുന്നു. എങ്കിലും സമീപകാലത്ത് വർണവിദ്വേഷത്തിന്റെ പ്രതിനിധിയെന്നു ഗാന്ധിജി വിമർശിക്കപ്പെടുകയുണ്ടായി. അതിന്റെ പേരിൽ ദക്ഷിണാഫ്രിക്കയിൽ അദ്ദേഹത്തിന്റെ പ്രതിമ വികൃതമാക്കപ്പെട്ടു. ഘാനയിലെ സർവകലാശാല അദ്ദേഹത്തിന്റെ പ്രതിമ നീക്കം ചെയ്തു.

‘രാമരാജ്യം’ എന്ന സങ്കൽപത്തിലൂടെ ആധുനിക ഇന്ത്യയുടെ മതവൽക്കരണത്തിനു വഴിതുറന്നതായി വിമർശിക്കപ്പെട്ട ഗാന്ധിജി തന്നെയാണ് മതവർഗീയതയ്ക്കെതിരെ ഇന്ത്യ ജന്മം നൽകിയ ഏറ്റവും വലിയ പ്രതിരോധമായി നിലകൊണ്ടത്. അക്രമോത്സുകവും ബലിഷ്ഠവും ആണത്തത്തിൽ അധിഷ്ഠിതവുമായ മതസങ്കൽപത്തിനെതിരെ, കരുണയിലും അഹിംസയിലും അധിഷ്ഠിതമായ ബദൽ മതഭാവനയെ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു.

le-petit-cover
ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനം 1930 മാർച്ചിൽ ഫ്രഞ്ച് ദിനപത്രമായ ലെ പെത്തിയുടെ (Le Petit) കവർ ചിത്രമായപ്പോൾ. 19–ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ 20 ലക്ഷം കോപ്പികളുമായി ലോകത്തെ ഏറ്റവും പ്രചാരമുണ്ടായിരുന്ന പത്രമാണിത്. രേഖാചിത്രത്തിൽ ഗാന്ധിജിയുടെ വേഷത്തിലും മറ്റും വസ്തുതാപരമായ പിശകുകളുണ്ട്. എങ്കിലും വിദേശമാധ്യമങ്ങൾ ഗാന്ധിജിക്കു നൽകിയ പ്രാമുഖ്യത്തിന് ഈ മുഖചിത്രം അടിവരയിടുന്നു.

പാരമ്പര്യത്തിന്റെ പരിവേഷത്തിനുള്ളിൽ ആധുനിക മൂല്യങ്ങളുടെ സമർഥനമാണു ഗാന്ധിജി നിറവേറ്റിയതെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബ് എഴുതിയത് അതുകൊണ്ടാണ്. സനാതന ഹിന്ദുവെന്നു സ്വയം വിശേഷിപ്പിച്ചിരുന്ന ഗാന്ധിയെ, ഹിന്ദുമതത്തെ ദുർബലപ്പെടുത്തുമെന്ന് ആരോപിച്ച് ഗോഡ്സെ വെടിവച്ചു കൊന്നതിന്റെ കാരണവും മറ്റൊന്നല്ല.

കമ്യൂണിസ്റ്റുകാരുടെയും... 

ഗാന്ധിജിയുടെ ജീവിതത്തെ വലയംചെയ്യുന്ന ഈ സമീക്ഷയുടെ മറ്റൊരാവിഷ്കാരമാണ് അദ്ദേഹത്തിന്റെ ജീവിതശൈലിയെ പിൻപറ്റിയ ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് നേതാക്കൾ. ഗാന്ധിജിയുടെ രാഷ്ട്രീയ നിലപാടിനോടും സമരസമ്പ്രദായങ്ങളോടും ധാരാളം അഭിപ്രായവ്യത്യാസങ്ങൾ ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്കുണ്ടായിരുന്നു. അവയിൽ പലതിനും മൗലികമായ അടിസ്ഥാനങ്ങളും ഉണ്ടായിരുന്നു. അപ്പോൾത്തന്നെ, ഗാന്ധിജിയുടെ ജീവിതശൈലിയെ പിൻപറ്റാനും ‘ഗാന്ധിയൻ കമ്യൂണിസ്റ്റ്’ എന്ന, പുറമേക്കെങ്കിലും വൈരുധ്യനിർഭരമായ പ്രയോഗത്താൽ സ്വയം തിരിച്ചറിയാനും സന്നദ്ധരായവരായിരുന്നു അവരിലേറെപ്പേരും.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കേരള ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഗാന്ധിയൻ ആദർശാത്മകതയുടെ സ്വാധീനം പ്രകടമാണ്. ഇഎംഎസും അച്യുതമേനോനും മുതൽ നാട്ടിൻപുറങ്ങളിലെ സാധാരണ ഇടതുപക്ഷ പ്രവർത്തകർ വരെയുള്ളവരിൽ ഗാന്ധിയുടെ ജീവിതശൈലി വേരുപിടിച്ചു നിൽക്കുന്നതു കാണാം.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? നമ്മൾ അത്രമേൽ വിമർശിച്ച ഒരു രാഷ്ട്രീയ നിലപാടിന്റെ പിതൃബിംബത്തെ വ്യക്തിജീവിതത്തിൽ പിൻപറ്റാൻ വലിയൊരു വിഭാഗം കമ്യൂണിസ്റ്റുകൾക്കു കഴിഞ്ഞതെന്തുകൊണ്ടാണ് ? ഗാന്ധിജിയുടെ രാഷ്ട്രീയ ദർശനത്തിൽ സന്നിഹിതമായ വിശേഷ ഘടകമാണ് ഇതിന് അടിസ്ഥാനമെന്നാണു ഞാൻ കരുതുന്നത്. അത് ‘പാശ്ചാത്യ നാഗരികത’ എന്നു ഗാന്ധിജി നിരന്തരം പരാമർശിക്കുന്ന മുതലാളിത്ത ആധുനികതയ്ക്കെതിരെ അദ്ദേഹത്തിന്റെ നിരന്തരവും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രതിരോധമാണ്.

മുതലാളിത്തത്തെ ഘടനാപരമായി വിശദീകരിക്കുന്നതിൽ അദ്ദേഹം ഏറെയൊന്നും വിജയിച്ചിട്ടില്ല. എന്നാൽ, മുതലാളിത്ത ജീവിതക്രമം വ്യക്തിജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് എങ്ങനെയെല്ലാം കടന്നുകയറും എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവ് ഗാന്ധിജിക്ക് ഉണ്ടായിരുന്നു.

മുഴുവൻ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ളത് ഈ ഭൂമിയിലുണ്ടെന്നും എന്നാൽ, ഒരാളുടെ പോലും ആർത്തിയെ തൃപ്തിപ്പെടുത്താൻ അതിനു കഴിയില്ലെന്നുമുള്ള ഗാന്ധിജിയുടെ നിരീക്ഷണം, മുതലാളിത്തത്തിന്റെ സൂക്ഷ്മശരീരത്തിനെതിരായ നിശിത വിമർശനം കൂടിയാണ്.

ഗാന്ധിയും മാർക്സും

തത്വചിന്തകൻ അകീൽ ബിൽഗ്രാമി അഭിപ്രായപ്പെടുന്നതുപോലെ, അന്യവൽകൃതമല്ലാത്ത ജീവിതത്തിനു (non alienate life) വേണ്ടിയുള്ള നിതാന്തസമരമായിരുന്നു ഗാന്ധിജിയുടെ ജീവിതം. ആധുനിക നാഗരികത ഉപഭോഗാസക്തവും മനുഷ്യജീവിതത്തെ വസ്തുവൽക്കരിക്കുന്നതുമാണെന്നു ഗാന്ധിജി കരുതി. സ്വന്തം താൽപര്യങ്ങളാൽ (self interest) നയിക്കപ്പെടുന്ന മനുഷ്യൻ എന്നതിനു പകരം, സ്വയം ത്യജിക്കുന്ന (self sacrifice) മനുഷ്യൻ എന്നതായിരുന്നു ഗാന്ധിജിയുടെ ആദർശം. പാശ്ചാത്യ നാഗരികതയിലെ സ്വാർഥ മാനവികതയ്ക്കെതിരെ പരിത്യാഗാത്മകമായ മാനവികത എന്ന ആശയമാണു ഗാന്ധിജി ഉയർത്തിപ്പിടിച്ചത്.

മനുഷ്യരെ കേവലവ്യക്തികളായി കാണുന്നതിനു പകരം സാമൂഹികബന്ധങ്ങളുടെ സമുച്ചയമായി കണ്ട (man is an ensemble of social relations) മാർക്സിന്റെ കാഴ്ചപ്പാടിൽനിന്നു ഗാന്ധിജിയുടെ വീക്ഷണത്തിലേക്ക് ഒരു വഴി തുറന്നുകിടപ്പുണ്ട്. പാശ്ചാത്യ നാഗരികത എന്നു ഗാന്ധിയും മുതലാളിത്തം എന്നു മാർക്സും വിവരിച്ച സാമൂഹിക ജീവിതക്രമത്തിനെതിരായ വിമർശനമാണ് ഇതിന്റെ അടിപ്പടവ്. രാഷ്ട്രീയമായ പരസ്പരവൈരുധ്യങ്ങൾ ഏറെയുള്ളപ്പോഴും ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ഗാന്ധിജിയിലേക്കു നടന്നുചെന്ന വഴി അതാണ്. അന്യവൽകൃതമല്ലാത്ത മനുഷ്യജീവിതം എന്ന സ്വപ്നം അവരും അത്രമേൽ ആഴത്തിൽ പങ്കുവച്ചിരുന്നു.

(സാംസ്കാരിക വിമർശകനും പ്രഭാഷകനുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com