ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ
Mail This Article
കൊച്ചി ∙ തൃശൂർ പാമ്പാടി നെഹ്‌റു കോളജ് ഒന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ. കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് ഉൾപ്പെടെ 4 പേരെ തെളിവുകളുടെ അഭാവത്തിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയാണു സിബിഐ കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്.
വൈസ് പ്രിൻസിപ്പൽ എൻ. ശക്തിവേൽ, അധ്യാപകനായ സി.പി. പ്രവീൺ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി. കോളജ് പിആർഒ സഞ്ജിത്ത് വിശ്വനാഥൻ, അധ്യാപകരായ പ്രദീപൻ, ദിപിൻ എന്നിവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.
ജിഷ്ണു തൂങ്ങിമരിച്ചതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് സാധൂകരിക്കുന്ന തെളിവുകളാണ് കേസ് അന്വേഷിച്ച സിബിഐ സംഘത്തിനും ലഭിച്ചത്. ജിഷ്ണു കോപ്പിയടിച്ചെന്ന വ്യാജപ്രചാരണം നടത്തിയതും പ്രതി സി.പി. പ്രവീൺ ഇക്കാര്യം തെളിവായി എഴുതിവാങ്ങി രേഖയാക്കിയതുമാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സിബിഐയുടെ നിഗമനം.