ഇത്യോപ്യയിൽ പൂക്കൃഷിയുടെ പേരിൽ 400 കോടി രൂപ തട്ടിച്ചു; വ്യവസായി പിടിയിൽ
Mail This Article
തൃശൂർ ∙ ഇത്യോപ്യയടക്കം മൂന്നു വിദേശരാജ്യങ്ങളിലെ പൂക്കൃഷിയുടെ മറവിൽ 400 കോടി രൂപയോളം തട്ടിച്ച വ്യവസായി സിറ്റി പൊലീസ് കസ്റ്റഡിയിൽ. ബെംഗളൂരു സദാശിവ നഗർ സ്വദേശി സായ് രാമകൃഷ്ണ കർത്തുറി (55) ആണു പിടിയിലായത്.
പൂക്കൃഷിയുടെ വിളവെടുപ്പിനു കരാർ നൽകാമെന്ന പേരിൽ ചാലക്കുടി സ്വദേശിയായ പ്രവാസി മലയാളിയിൽ നിന്നു മാത്രം ഇയാൾ തട്ടിയത് 28 കോടി രൂപ. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലും ദുബായിലുമൊക്കെ സായ് രാമകൃഷ്ണയ്ക്കെതിരെ സമാന പരാതികളുണ്ട്. ഇന്ത്യൻ പൗരത്വത്തിനു പുറമെ ഇത്യോപ്യൻ പൗരത്വവുമുള്ളയാളാണ് സായ് രാമകൃഷ്ണ എന്നു പൊലീസിനു വിവരം ലഭിച്ചു.
ഇത്യോപ്യ, ഇന്തൊനീഷ്യ, സിംബാബ്‍വെ എന്നീ രാജ്യങ്ങളിലായി ഇയാൾക്കു 4000 ഏക്കറോളം പൂക്കൃഷി ഉണ്ട്. കൂടാതെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഏകദേശം 1200 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിനുടമയുമാണ്. പൂക്കൃഷിയുടെ വിളവെടുപ്പിന്റെ ചുമതല കരാർ നൽകാമെന്ന പേരിൽ ഇയാൾ ചാലക്കുടി സ്വദേശിയിൽ നിന്ന് 28 കോടി കൈപ്പറ്റി.
ആദ്യ ഗഡുവായ 60 ലക്ഷം രൂപ തൃശൂരിലെ ഒരു ഹോട്ടലിലാണ് കൈമാറിയതെന്ന് അറിയുന്നു. പണം കൈപ്പറ്റിയ ശേഷം കരാറെഴുതാതെ സായ് രാമകൃഷ്ണ വഞ്ചിച്ചെന്നു പ്രവാസി വ്യവസായി സിറ്റി പൊലീസിനു പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പരാതി അന്വേഷിക്കാൻ ബെംഗളൂരുവിലെത്തിയ ഈസ്റ്റ് പൊലീസ് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ, ആരോഗ്യനില മോശമാണെന്നുകാട്ടി ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ കഴിയുകയായിരുന്നു ഇയാൾ. ഇതോടെ പൊലീസ് കോടതിയുടെ സഹായത്തോടെ പ്രതിയെ തൃശൂരിലെത്തിച്ച ശേഷം കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രവാസി മലയാളി വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പൊലീസും സായ് രാമകൃഷ്ണയ്ക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.