വൻ ജനപങ്കാളിത്തം: ചരിത്രസംഭവമായി രണ്ടാം കൂനൻ കുരിശ് സത്യം
Mail This Article
കോതമംഗലം ∙ യാക്കോബായ സഭ മാർ തോമാ ചെറിയ പള്ളിയിൽ നടത്തിയ രണ്ടാം കൂനൻ കുരിശ് സത്യ പ്രഖ്യാപനം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ചരിത്രസംഭവമായി. പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവാ അന്ത്യ വിശ്രമം കൊള്ളുന്ന മാർ തോമാ ചെറിയ പള്ളിയിലേക്ക് ഇന്നലെ നാടിന്റെ നാനാഭാഗത്തുനിന്നും വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു.
സഭ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ രണ്ടാം കൂനൻ കുരിശ് സത്യ പ്രഖ്യാപനം അനിവാര്യമാണെന്നും വിശ്വാസികൾ എല്ലാവരും മാർ തോമാ ചെറിയ പള്ളിയിൽ ഒത്തുകൂടണം എന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കൽപന പള്ളികളിൽ വായിച്ചു മണിക്കൂറുകൾക്കുള്ളിൽ വിശ്വാസികളുടെ വലിയ നിര ചെറിയ പള്ളിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ചെറിയ പള്ളിയിൽ കൽക്കുരിശിൽ ആലാത്തു(കയർ) കെട്ടി പതിനായിരക്കണക്കിനു യാക്കോബായ സഭാംഗങ്ങൾ രണ്ടാം കൂനൻ കുരിശ് സത്യത്തിൽ പങ്കെടുത്തു. പള്ളിയും പരിസരവും നിറഞ്ഞു കവിഞ്ഞ ജനസഞ്ചയം കുരിശിൽ കെട്ടിയ കയറിന്റെ തുടർച്ചയായി ആലുവ മൂന്നാർ റോഡിൽ വലതുവശം ചേർന്ന് നെല്ലിക്കുഴി വരെ അണിനിരന്നു. കോരിച്ചൊരിഞ്ഞ മഴയിലും വിശ്വാസം കൈവിടില്ലെന്നും പള്ളികൾ വിട്ടുകൊടുക്കില്ലെന്നും പ്രഖ്യാപിച്ച് സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങൾ വിശ്വാസ പ്രഖ്യാപനത്തിൽ കണ്ണികളായി.
‘ജീവൻ വെടിയേണ്ടി വന്നാലും സത്യവിശ്വാസം വെടിയില്ല’
അന്ത്യോക്യ മലങ്കര ബന്ധം സംരക്ഷിക്കുന്നതിനായി ജീവൻ വെടിയേണ്ടി വന്നാലും സത്യവിശ്വാസത്തിൽ നിന്നു മലങ്കര സഭയിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾ വ്യതിചലിക്കില്ലെന്നു രണ്ടാം കൂനൻകുരിശ് സത്യത്തിൽ യാക്കോബായ സഭാംഗങ്ങൾ പ്രതിജ്ഞയെടുത്തു.സഭയുടെ ആദ്യ പാത്രിയർക്കീസ് ആയ വിശുദ്ധ പത്രോസ് ശ്ലീഹ സ്ഥാപിച്ച അന്ത്യോക്യ സിംഹാസനത്തിൽ നിന്നു കൈവയ്പ് ലഭിച്ചിട്ടുള്ളതും വിവിധ സുന്നഹദോസുകളിലൂടെ ഉറപ്പിച്ചിട്ടുള്ളതുമായ ഏക സത്യവിശ്വാസത്തെ തങ്ങളും സന്തതി പരമ്പരകളും ഭൂമിയും സൂര്യചന്ദ്രൻമാരും ഉള്ളിടത്തോളം കാലം കാത്തു സൂക്ഷിച്ചു പരിപാലിക്കുമെന്നു വിശ്വാസികൾ ഏറ്റു പറഞ്ഞു. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആദ്യ കൂനൻ കുരിശു സത്യം 1653 ജനുവരി 3 ന്
സുറിയാനി പാരമ്പര്യമുള്ള കേരളത്തിലെ ആദിമ ക്രൈസ്തവ സഭയെ പോർച്ചുഗീസ് ആധിപത്യത്തിലേക്കു മാറ്റാൻ മിഷനറിമാരുടെ നേതൃത്വത്തിൽ ശ്രമം നടന്നപ്പോൾ അതിനെതിരെ സുറിയാനി ക്രൈസ്തവരുടെ പ്രതിഷേധമായിരുന്നു 1653 ജനുവരി 3 നു നടന്ന കൂനൻ കുരിശു സത്യം.
അന്ത്യോക്യയിൽ നിന്നു വന്ന അഹത്തുള്ള ബാവായെ പോർച്ചുഗീസുകാർ കല്ലിൽകെട്ടി കടലിൽ താഴ്ത്തിയതിന്റെ വേദനയിൽ വിശ്വാസികൾ മട്ടാഞ്ചേരിയിലെ കൽക്കുരിശിൽ വടം കെട്ടി അതിൽ തൊട്ടു പ്രതിജ്ഞ ചെയ്യുകയായിരുന്നു.‘ ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഭൂമിയും സൂര്യചന്ദ്രൻമാരും ഉള്ളിടത്തോളം കാലം അന്ത്യോക്യ സത്യവിശ്വാസത്തിൽ നിലകൊള്ളു’ മെന്നായിരുന്നു അന്നത്തെ പ്രതിജ്ഞ.