മാർ തോമ ചെറിയപള്ളിയിൽ വിശ്വാസ പ്രഖ്യാപനവും പ്രാർഥനാ യജ്ഞവും
Mail This Article
കോതമംഗലം ∙ യാക്കോബായ സഭയിലെ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ മാർ തോമ ചെറിയപള്ളിയിൽ ഉപവാസ പ്രാർഥനാ യജ്ഞവും വിശ്വാസ പ്രഖ്യാപനവും നടത്തി. രാജ്യത്തെ വിവിധ പള്ളികളിൽ നിന്നുള്ള വനിതാ സമാജം ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും അടക്കം ആയിരത്തിൽപരം ആളുകൾ പങ്കെടുത്തു.
പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിങ്കൽ തൊട്ട് നിന്ന് സമാജം പ്രസിഡന്റ് ഡോ. ഏലിയാസ് മാർ അത്തനാസിയോസ് ചൊല്ലി കൊടുത്ത വിശ്വാസ പ്രഖ്യാപനം പള്ളിക്കു പുറത്ത് കൽക്കുരിശ് വരെ നീണ്ടു നിന്ന സമാജം പ്രവർത്തകർ കൈകോർത്തുനിന്നു ഏറ്റു ചൊല്ലി. ‘ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഭൂമിയിൽ സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം കാലം പുണ്യപ്പെട്ട പിതാക്കന്മാർ കാണിച്ച് തന്ന സത്യ വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കില്ലെന്ന്’ അവർ ആവർത്തിച്ച് പ്രഖ്യാപിച്ചു.
മൂന്നാഴ്ച മുൻപ് ചെറിയ പള്ളിയിൽ നടത്തിയ രണ്ടാം കൂനൻകുരിശു സത്യ പ്രഖ്യാപനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു വിശ്വാസ പ്രഖ്യാപനം. പരിശുദ്ധ സഭയ്ക്കുവേണ്ടി ആവശ്യമെങ്കിൽ ജീവത്യാഗം ചെയ്യാൻ തയാറാണെന്ന് ഏലിയാസ് മാർ അത്തനാസിയോസ്. ഉപവാസ പ്രാർഥനാ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യവിശ്വാസം സംരക്ഷിക്കുവാൻ വേണ്ടി ഏതറ്റംവരെ പോകുവാൻ താൻ സന്നദ്ധനാണെന്ന് വനിതാസമാജം പ്രസിഡന്റുകൂടിയായ മെത്രാപ്പൊലീത്ത പറഞ്ഞു. സമാജം ഉപാധ്യക്ഷൻ ഫാ. കുര്യാക്കോസ് കടവുംഭാഗം അധ്യക്ഷനായിരുന്നു.