ADVERTISEMENT

കോട്ടയം ∙ പ്രമുഖ ചലച്ചിത്ര നിർമാതാവും സെഞ്ചുറി ഫിലിംസ് ഉടമയുമായ മാളിയേക്കൽ രാജു മാത്യു (81) അന്തരിച്ചു. കേരള ഫിലിം ചേംബറിന്റെ മുൻ പ്രസിഡന്റാണ്. സംസ്കാരം വെള്ളിയാഴ്ച 11ന് തെള്ളകം സ്കൈലൈൻ ഒയാസിസിലെ വില്ലയിൽ പ്രാർഥനയ്ക്കു ശേഷം 12ന് പുത്തൻപള്ളി സെമിത്തേരിയിൽ.

മലയാളത്തിൽ ഒട്ടേറെ ഹിറ്റ് സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ച രാജു മാത്യു ട്രാവൻകൂർ ഫോർവേഡ് ബാങ്ക് സ്ഥാപകൻ എം.സി. മാത്യുവിന്റെ മകനാണ്. യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയിലെ ജോലി രാജിവച്ചാണ് മികച്ച സിനിമകൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ 1979ൽ രാജു മാത്യു സെഞ്ചുറി ഫിലിംസ് സ്ഥാപിച്ചത്.

Read more at: പരാജയമാകേണ്ടിയിരുന്ന ആകാശദൂതിനെ രക്ഷിച്ചത് ‘തൂവാല’... 

45 ചിത്രങ്ങൾ നിർമിച്ച സെഞ്ചുറി 121 ചിത്രങ്ങൾ തിയറ്ററിൽ എത്തിച്ചു. ബാലചന്ദ്രമേനോനും മോഹൻലാലും അഭിനയിച്ച ‘കേൾക്കാത്ത ശബ്ദം’ ആണ് ആദ്യ ചിത്രം. ഫഹദ് ഫാസിൽ നായകനായ ‘അതിരൻ’ ആണ് ഒടുവിൽ നിർമിച്ച ചിത്രം. പുതിയ സിനിമയുടെ ചർച്ചകൾ നടക്കുമ്പോഴാണ് മരണം.

ഭാര്യ : പരേതയായ ലില്ലി (കൊച്ചേട്ട്). മക്കൾ അഞ്ജന (ഡാലസ്, യുഎസ്), രഞ്ജന (ആംസ്റ്റർഡാം). മരുമക്കൾ: റൂബൈൻ, ഡാനി.

സിനിമയെ ഹൃദയത്തോടു ചേർത്തു നിർത്തിയ നിർമാതാവ്

സിനിമ ഏതായാലും റിലീസ് ദിനത്തിൽ തിയറ്ററിൽ രാജു മാത്യുവുണ്ടാകും. കഴിയുമെങ്കിൽ ആദ്യ ഷോയ്ക്കു തന്നെ. സെഞ്ചുറിയുടെ സിനിമ ആണെങ്കിലും അല്ലെങ്കിലും ആദ്യ ദിവസം കാണുക എന്നത് രാജു മാത്യുവിന്റെ ശീലമാണ്. സിനിമയോടുള്ള ഈ  തന്മാത്രാ ബന്ധമാണ് ഇൻഷുറൻസ് കമ്പനി മാനേജരുടെ കാബിൻ വിട്ട് നിർമാതാവിന്റെ ബ്രീഫ് കേസ് എടുക്കാൻ രാജു മാത്യുവിനെ പ്രേരിപ്പിച്ചതും. 

century-raju-mathew

രാജുവിന്റെ സിനിമാ പ്രേമത്തിനു മുന്നിൽ തോറ്റത് പ്രായമാണ്. ദിവസവും രാവിലെ 9.30ന് കോട്ടയത്തെ സെ​ഞ്ചുറി  ഓഫിസിൽ രാജു മാത്യു എത്തുമായിരുന്നു. നിർമാണം, വിതരണം, പുതിയ സിനിമകളുടെ ചർച്ച എന്നിവയിലേക്ക് പിന്നെ ദിവസം നീളും. സെഞ്ചുറിയെ മലയാള സിനിമയിൽ ഒരു ബ്രാൻഡ് ആക്കി മാറ്റിയത് രാജു മാത്യുവിന്റെ സിനിമാപ്രേമവും പ്രഫഷനലിസവുമാണ്. നിർമാണവും വിതരണവും സെഞ്ചുറിയാണെങ്കിൽ അതിലെന്തെങ്കിലും കഴമ്പു കാണുമെന്ന് പ്രേക്ഷകർ പോലും ചിന്തിച്ചത് ഈ ബ്രാൻഡിന്റെ വിശ്വാസ്യതയാണ്. 

ജോലി വിട്ട് സിനിമയിൽ എത്തിയപ്പോഴും മാനേജരുടെ കണിശത രാജു മാത്യു കൈവിട്ടില്ല.  സെഞ്ചുറി എന്നാൽ ഹിറ്റ് സിനിമകളുടെ പര്യായമായി മാറി.  ചെറിയ കാലയളവല്ല, 41 വർഷം. മലയാള സിനിമ പരിണാമത്തിന്റെ വൻമലകൾ കയറിയിറങ്ങിയ കാലഘട്ടം.  രാജു മാത്യു വിടവാങ്ങുമ്പോഴും സെഞ്ചുറി വിതരണത്തിനെടുത്ത ‘വികൃതി’ എന്ന സിനിമ ഇപ്പോഴും തിയറ്ററുകളിലുണ്ട്. 

കോട്ടയം തിരുനക്കരയിലെ രാജ്മഹൽ തിയറ്ററിന്റെ (ഇപ്പോൾ അനശ്വര) ഉടമസ്ഥന്മാരിൽ ഒരാളായിരുന്നു രാജുവിന്റെ പിതാവ് എം.സി. മാത്യു. തിരുനക്കരയിൽ ഈ തിയറ്ററിനു പിന്നിലായിരുന്നു മാളിയേക്കൽ കുടുംബം താമസിച്ചിരുന്നത്. 

കുട്ടിക്കാലം മുതൽ സിനിമ ഏറെ അടുത്ത്  കണ്ടും കേട്ടും വളരാൻ തിയറ്റർ ബന്ധം സാഹചര്യമൊരുക്കി. സിനിമാ സ്വപ്നവുമായി നടന്നെങ്കിലും യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയിൽ ജോലി കിട്ടിയപ്പോൾ അതു സ്വീകരിച്ചു. പിന്നീട് സിനിമാ കമ്പം കലശലായതോടെ ജോലി രാജിവച്ചു. 1979 ൽ സെഞ്ചുറി ഫിലിംസ് രൂപീകരിച്ചു. 1980 –81 മുതൽ നിർമാണവും വിതരണവും നടത്തി.  

മധു നായകനായ ‘ദന്തഗോപുരം’ ആണ് വിതരണം ഏറ്റെടുത്ത ആദ്യ ചിത്രം. പിന്നീടു  നിർമിച്ച ബാലചന്ദ്ര മേനോന്റെ ‘കേൾക്കാത്ത ശബ്ദം’ ഹിറ്റായി.സിനിമാ രംഗത്തെ പല അലസ സമീപനങ്ങൾക്കും നിയന്ത്രണം വച്ച നിർമാതാവായിരുന്നു രാജു മാത്യു. തിരക്കഥ പൂർത്തിയായിട്ടേ സെഞ്ചുറിയുടെ ചിത്രങ്ങൾ ചിത്രീകരണം തുടങ്ങിയിരുന്നുള്ളൂ. സമയ കൃത്യതയുടെ കാര്യത്തിൽ കടുത്ത ചിട്ടയായിരുന്നു. ചിത്രീകരണം അനിശ്ചിതമായി നീണ്ടു പോകാൻ അനുവദിച്ചിരുന്നില്ല. എല്ലാവരോടും സൗഹാർദപരമായേ അദ്ദേഹം ഇടപെട്ടിട്ടുള്ളൂ.

സെഞ്ചുറി നിർമിച്ച ചിത്രങ്ങളായ ബ്ലെസി സംവിധാനം ചെയ്ത ‘തന്മാത്ര’യ്ക്ക് ദേശീയ അവാർഡും ഐ.വി.ശശി സംവിധാനം ചെയ്ത ‘ആൾക്കൂട്ടത്തിൽ തനിയെ’യ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചു. ‘ബാഹുബലി’ കേരളത്തിൽ വിതരണം ചെയ്തത് സെഞ്ചുറിയാണ്.

കോട്ടയത്തെ സിനിമയിലെടുത്തു സ്റ്റാറുകൾ വീട്ടിൽ താമസിച്ചു

ഒരു കാലത്ത് കോട്ടയത്തെ സിനിമയുടെ ഭാഗ്യ ലൊക്കേഷനാക്കിയത് സെഞ്ചുറിയാണ്. അതിനു പിന്നിലെ ബുദ്ധി രാജു മാത്യുവിന്റേതായിരുന്നു. കോട്ടയത്തിന്റെ ദൃശ്യഭംഗി ഏറ്റവും മനോഹരമായി പകർത്തിയ സിനിമകളിലൊന്നാണ്  മമ്മൂട്ടിയെ നായകനാക്കി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്’. ചെലവു കുറയ്ക്കാൻ കോട്ടയത്തു ഷൂട്ടിങ് നടത്താമെന്ന നിർദേശം രാജു മാത്യുവിന്റേതായിരുന്നു എന്ന് ബന്ധുകൂടിയായ  സെഞ്ചുറി കൊച്ചുമോൻ (എം.സി. ഫിലിപ് ) ഓർമിക്കുന്നു. 

കോട്ടയം നഗരത്തിൽ യൂണിയൻ ക്ലബിനു സമീപത്തെ സ്വന്തം വീട് തന്നെ രാജു മാത്യു സിനിമയുടെ ചിത്രീകരണത്തിനായി വിട്ടുകൊടുത്തു. സ്വന്തം വീടു കൊച്ചുമോനും വിട്ടുകൊടുത്തു. താരങ്ങൾ പലരും നിർമാതാക്കളുടെ വീട്ടിൽത്തന്നെ താമസിച്ചു. 

ആ സിനിമ ഹിറ്റായി. മമ്മൂട്ടിയുടെ നായക വേഷത്തിലെ ആദ്യ സൂപ്പർ ഹിറ്റുകളിലൊന്ന്. സെഞ്ചുറിയുടെ അടുത്ത 3 ചിത്രങ്ങളും കോട്ടയത്തു തന്നെ ചിത്രീകരിച്ചു – ആൾക്കൂട്ടത്തിൽ തനിയെ, സസ്നേഹം, നാണയം. ആ നാലു സിനിമകളും വിജയിച്ചതോടെ സിനിമാ ലോകം കോട്ടയത്തേക്ക് ക്യാമറയിലൂടെ നോക്കാൻ തുടങ്ങി.  ആകാശദൂതും പിൻനിലാവും കോട്ടയത്താണ് ചിത്രീകരിച്ചത്.

കണ്ണീർ തുടയ്ക്കാൻ തൂവാല ; ഐഡിയയുടെ ആകാശം 

കോട്ടയം ∙ പ്രേക്ഷകരെ കരയിച്ച ‘ആകാശദൂത്’ കാണാനെത്തുന്നവർക്ക് തൂവാല. സിനിമ വിജയിപ്പിക്കാൻ രാജു മാത്യു പുറത്തിറക്കിയ തന്ത്രങ്ങളിൽ ഒന്നായിരുന്നു അത്.സിബി മലയിൽ സംവിധാനം ചെയ്ത കണ്ണീർച്ചിത്രമായ ‘ആകാശദൂത്’ കണ്ട് പ്രേക്ഷകർ  കരയുന്ന കാലത്തായിരുന്നു ഇത്. ‘ഓളങ്ങൾ’ എന്ന സിനിമ കാണാൻ എത്തുന്നവർക്ക് സ്വർണനാണയം സമ്മാനം നൽകിയതും രാജുവിന്റെ ആശയമായിരുന്നു. ആ സിനിമയുടെ നിർമാതാവ് കോട്ടയത്തെ ജ്വല്ലറി ഉടമയായിരുന്നു.

സ്ക്രീനിലും  മനസ്സിലും പതിഞ്ഞ സെഞ്ചുറി മുദ്ര

സിനിമ പോലെ തന്നെ ഹിറ്റാണ് സെഞ്ചുറി ഫിലിംസിന്റെ ലോഗോ. ഡിസൈൻ ചെയ്തത് പി.എൻ. മേനോൻ. സിനിമയിൽ ആ ലോഗോ തെളിയുമ്പോൾ കേൾക്കുന്ന സംഗീതം പകർന്നത് ഇളയരാജ. പശ്ചാത്തല സംഗീതം സാക്ഷാൽ എ.ആർ. റഹ്മാൻ. നാലു പതിറ്റാണ്ടു മുൻപ് ഇത്തരത്തിലുള്ള ലോഗോ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തി. 

ഈ ലോഗോ വെള്ളിത്തിരയിൽ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ കറങ്ങിത്തിരിഞ്ഞ് എത്തുന്നതിന്റെ അവസാനം സെഞ്ചുറി ഫിലിംസ് എന്ന്  ഇംഗ്ലിഷിൽ എഴുതിക്കാണിക്കും. സെഞ്ചുറി നിർമിച്ച ചിത്രങ്ങളിൽ മാത്രമേ ആദ്യം ഈ ലോഗോ ഉപയോഗിച്ചിരുന്നുള്ളു. ഇപ്പോൾ വിതരണത്തിന് ഏറ്റെടുക്കുന്ന ചിത്രങ്ങളിലും ഉപയോഗിക്കുന്നുണ്ട്.

രാജുച്ചായൻ സ്വീറ്റാണ്, എന്നും: മമ്മൂട്ടി 

ഹൃദയം തൊട്ടുകൊണ്ടു മാത്രമേ രാജുച്ചായനെക്കുറിച്ചു സംസാരിക്കാൻ കഴിയൂ. സിനിമാ ജീവിതത്തിലെ എന്റെ നല്ല സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു ഞങ്ങൾ രാജുച്ചായൻ എന്നു വിളിക്കുന്ന സെഞ്ചുറി രാജു മാത്യു. നടനും നിർമാതാവും എന്ന ബന്ധത്തിനപ്പുറം അത്രമേൽ ഊഷ്മളമായിരുന്നു ആ ബന്ധം.  

ഞാൻ നായകനിരയിലേക്ക് വന്ന സമയത്തെ സൂപ്പർ ഹിറ്റ് ചിത്രം ‘സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്’ നിർമിച്ചത് സെഞ്ചുറിയായിരുന്നു. അക്കാലത്ത് പലപ്പോഴും രാജുച്ചായന്റെ വീട്ടിൽ തന്നെയാണ് ഞങ്ങളൊക്കെ താമസം. ഞാനും മോഹൻലാലും ആദ്യകാലത്ത് സെഞ്ചുറിയുടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും സ്വീറ്റായാണ് രാജുച്ചായൻ പെരുമാറിയിരുന്നത്. 

എപ്പോഴും സന്തോഷവാനായിട്ടേ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ. ഇപ്പോൾ ഞാൻ നാട്ടിലില്ലാതെ പോയത് മറ്റൊരു ദുഃഖം.നിർമാണവും വിതരണവുമൊക്കെയായി സെഞ്ചുറി എപ്പോഴും സ്ക്രീനിൽ നിറഞ്ഞത് അതിനു പിന്നിലെ ഊർജമായി രാജുച്ചായൻ നിന്നതുകൊണ്ടാണ്.  ഓർമകൾക്കു മുന്നിൽ പ്രണാമം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com