കേരളത്തിൽ ഒരാൾക്ക് ‘ഒന്നേകാൽ’ മൊബൈൽ കണക്‌ഷൻ
Mail This Article
തിരുവനന്തപുരം ∙ ജനസംഖ്യയെക്കാൾ ഒരു കോടിയിലധികം മൊബൈൽ ഫോൺ കണക്‌ഷനെടുത്തു കേരളം. ജനസംഖ്യ 3.34 കോടിയെങ്കിൽ കേരളത്തിലെ ആകെ മൊബൈൽ ഫോൺ കണക്‌ഷനുകൾ 4.41 കോടിയെന്നാണു ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) കണക്കുകൾ വ്യക്തമാക്കുന്നത്.
ജനസംഖ്യയെക്കാൾ ഫോൺ കണക്‌ഷനുള്ള 13 സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്. 2015 ലാണ് കേരളം മൊബൈൽ കണക്‌ഷനിൽ ജനസംഖ്യയെ മറികടന്നത്.
മിക്ക സംസ്ഥാനങ്ങളിലും ഗ്രാമീണ മേഖലയിലേതിനെക്കാൾ ഇരട്ടി കണക്‌ഷൻ നഗരമേഖലയിലാണ്. എന്നാൽ, കേരളത്തിൽ രണ്ടിടത്തും ഏതാണ്ട് ഒരുപോലെയാണ്. ഗ്രാമീണ മേഖലയിൽ 2.01 കോടി; നഗരമേഖലയിൽ 2.40 കോടി. മൊബൈൽ ഫോണിനൊപ്പം ലാൻഡ് ഫോൺ കണക്‌ഷനും ചേർത്തു കേരളത്തിലെ ആകെ വരിക്കാർ 4.60 കോടിയായി. 118.66 കോടി മൊബൈൽ ഫോൺ കണക്‌ഷനാണു രാജ്യത്താകെയുള്ളത്.
ഏറ്റവുമധികം മൊബൈൽ ഫോൺ വരിക്കാരുള്ള സംസ്ഥാനം യുപിയാണ്: 15.92 കോടി. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും (12.81 കോടി) ബംഗാളും (8.15 കോടി). ഏറ്റവും പിന്നിൽ 7.5 ലക്ഷം കണക്‌ഷനുള്ള സിക്കിമാണ്. തമിഴ്നാട്ടിൽ 8.08 കോടിയും കർണാടകയിൽ 6.81 കോടിയും മൊബൈൽ വരിക്കാരുണ്ട്.
സേവനദാതാക്കളും വരിക്കാരും
വോഡഫോൺ ഐഡിയ - 2.01 കോടി
ബിഎസ്എൻഎൽ - 1.09 കോടി
റിലയൻസ് ജിയോ - 77.77 ലക്ഷം
എയർടെൽ - 52.16 ലക്ഷം
ടാറ്റ - 1.54 ലക്ഷം
ആർകോം - 498
വരിക്കാരുടെ എണ്ണം
2016 3.48 കോടി
2017 3.97 കോടി
2018 4.29 കോടി
2019 4.41 കോടി