ADVERTISEMENT

കേരളം നെഞ്ചോടു ചേർത്ത ജനനായകന് ഇന്നു ജൻമശതാബ്ദി. സഖാവ് ഇ.കെ.നായനാർ ചരിത്രത്തിലേക്കു വിടവാങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായെങ്കിലും അദ്ദേഹം കേരളത്തിന്റെ മനസ്സിൽ തൂവിയ നിലാവൊത്ത ചിരി മാഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ കാലം കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലിരുന്ന നായനാർ എന്തൊക്കെയായിരുന്നു എന്ന് അദ്ദേഹം ഇല്ലാതായപ്പോഴാണു കേരളത്തിനു കൂടുതൽ ബോധ്യമായത്. 

ദേശീയ പ്രസ്‌ഥാനത്തിലൂടെ കോൺഗ്രസുകാരനായി തുടക്കം. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിലേക്കു വഴിമാറ്റം, പിന്നീട് അതിന്റെ സമുന്നത നേതൃത്വത്തിലേക്കുള്ള  ഉയർച്ച– ഇതായിരുന്നു നായനാർ പിന്നിട്ട രാഷ്ട്രീയ വഴി. 3 തവണയായി 11വർഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അത്രയും തവണ പ്രതിപക്ഷ നേതൃസ്‌ഥാനവും വഹിച്ചു. 

കമ്യൂണിസ്‌റ്റ് കാർക്കശ്യങ്ങളെ കൂട്ടുമുന്നണിക്കു വേണ്ട കൗശലങ്ങളുമായി നായനാർ സമർഥമായി ഇഴചേർത്തു.  നായനാരുടെ വേർപാട് സിപിഎമ്മിലുണ്ടാക്കിയ ശൂന്യത അതേപടി നിൽക്കുന്നു. അദ്ദേഹത്തിന്റെ ജനകീയത പാർട്ടിക്കു കരുത്തും തുണയുമായിരുന്നു. അതുകൊണ്ടു തന്നെ ഏതു പ്രതിസന്ധി ഘട്ടത്തിലും പാർട്ടി മുന്നിൽ നിർത്തിയിരുന്നതു നായനാരെയായിരുന്നു.

Indira-Gandhi-Nayanar
നായനാരും കെ.കരുണാകരനും മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കൊപ്പം.

കല്യാശ്ശേരി കളരിയിൽനിന്നു കരുത്തോടെ

ജന്മിത്തത്തിന്റെ മണ്ണിൽ കമ്യൂണിസത്തിന്റെ വേരുകളാഴ്‌ത്തി പടർന്നു പന്തലിച്ച രാഷ്‌ട്രീയ വൃക്ഷമായിരുന്നു ഇ.കെ.നായനാർ. രാഷ്‌ട്രീയ പ്രബുദ്ധതയുടെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ ജനിച്ചതു തന്നെയാവണം നായനാർക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. 

അസമത്വത്തിനെതിരെ പ്രതികരിക്കാനുള്ള മനസ്സ് നായനാരിൽ പാകപ്പെടുത്തിയതിൽ കല്യാശ്ശേരിക്കുള്ള പങ്കു ചെറുതല്ല. ഇവിടത്തെ സമരോത്സുകരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ തണലിലായിരുന്നു നായനാരുടെ രാഷ്‌ട്രീയ ബാല്യം. ഭൂപ്രഭുത്വം ആഢ്യത്തമായി കൊണ്ടുനടന്ന ഏറുമ്പാല തറവാട്ടിൽ നിന്നു സമരത്തീച്ചൂളയിൽ എടുത്തുചാടാൻ അദ്ദേഹത്തിനു ധൈര്യം പകർന്നതു കല്യാശ്ശേരിയുടെ രാഷ്‌ട്രീയ പാരമ്പര്യം തന്നെ. ജ്യേഷ്ഠൻ ഇ.നാരായണൻ നായനാരും കെ.പി.ആർ.ഗോപാലനും എം.പി.നാരായണൻ നമ്പ്യാരുമെല്ലാം തുറന്നിട്ട രാഷ്ട്രീയ പാതയിലായിരുന്നു നായനാരുടെയും സഞ്ചാരത്തുടക്കം.

എ.കെ.ഗോപാലനും സി.എച്ച്.കണാരനും അഴീക്കോടൻ രാഘവനും അടുത്തടുത്ത കാലങ്ങളിലായി വിട പറഞ്ഞപ്പോൾ കേരളത്തിലെ സിപിഎമ്മിന് ഊർജം പകർന്നത് ഇ.കെ.നായനാരാണ്. ആരിലും സന്തോഷം ജനിപ്പിക്കുന്ന വർത്തമാനവും നിഷ്കളങ്കമായ ചിരിയുമായി മലബാറിന്റെ ശുദ്ധമനസ്സിന്റെ പ്രതീകമായ നായനാർ സിപിഎമ്മിന്റെ മാനുഷിക മുഖം കൂടിയായിരുന്നു. 

ഒരുപക്ഷേ, ഇ.എം.എസ്.നമ്പൂതിരിപ്പാടിനേക്കാൾ സാധാരണക്കാരെ ആകർഷിക്കാൻ നായനാർക്കു കഴിഞ്ഞു. 5 വർഷം കാലാവധി തികച്ച ആദ്യ ഇടതുപക്ഷ സർക്കാരിനെ നയിച്ചതിന്റെ ക്രെഡിറ്റും നായനാർക്ക് അവകാശപ്പെട്ടതാണ്. 

nayanar-pope
ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കൊപ്പം നായനാർ. നയതന്ത്രജ്ഞൻ കെ.പി.ഫേബിയൻ, പിണറായി വിജയൻ എന്നിവർ സമീപം.

1996ൽ പാർലമെന്ററി രംഗത്തു നിന്നു മാറി നിന്നപ്പോഴും മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനു സിപിഎം കണ്ടെത്തിയ ഉത്തരം ഇ.കെ.നായനാരായിരുന്നു.  അത്തവണ മുഖ്യമന്ത്രിയായ ശേഷമാണ് അദ്ദേഹം തലശ്ശേരിയിൽ മത്സരിച്ചു ജയിച്ചത്.

നിലപാടുകളിൽ ഉറച്ച് 

അടിയുറച്ച കമ്യൂണിസ്‌റ്റുകാരനായിരിക്കുമ്പോഴും കമ്യൂണിസത്തെ പാർലമെന്ററി ജനാധിപത്യവുമായി ഇണക്കിച്ചേർത്തു കൊണ്ടുപോകുന്നതും പ്രാധാന്യമുള്ള സംഗതിയാണെന്നു നായനാർ വിശ്വസിച്ചു. തിരഞ്ഞെടുപ്പിതര മാർഗമായ വിപ്ലവത്തിന്റെ വഴി പാർട്ടി സ്വീകരിക്കണമെന്നൊരു നിലപാട് 1967ൽ സിപിഎമ്മിൽ തലപൊക്കിയിരുന്നു. ഒരു ഘട്ടത്തിൽ എകെജിക്കുവരെ ആ നിലപാടിനോടു താൽപര്യം ജനിച്ചിരുന്നെങ്കിലും നായനാരുടെ നിലപാടിനു ചാഞ്ചാട്ടമൊന്നും ഉണ്ടായിരുന്നില്ല. ബദൽരേഖ ഉൾപ്പെടെ പാർട്ടിയെ സമൂലം ഉലച്ച വിവാദങ്ങളിൽ അദ്ദേഹം  കഥാപാത്രമായതും  കമ്യൂണിസ്റ്റ് നിലപാടുകളെ പാർലമെന്ററി ജനാധിപത്യവുമായി ചേർത്തു കൊണ്ടു പോകണമെന്ന ചിന്താഗതി കൊണ്ടാണ്.  ഒരു ഘട്ടത്തിലും നായനാർ ആരെയും പിന്നിൽനിന്നു കുത്തിയതായി കേട്ടിട്ടില്ല.  

താൻ തന്നെ പാർട്ടി 

നായനാരുമായി ബന്ധപ്പെട്ട എന്തും കേരള ജനതയ്‌ക്ക് ആകാംക്ഷയും താൽപര്യവും ഉണർത്തുന്നതായിരുന്നു. ആ മനസ്സിലുള്ളത് അതേപടിയാണു പുറത്തുവരിക. എന്തെങ്കിലും പറയും മുൻപു പാർട്ടിയോട് ആലോചിക്കണമെന്നൊന്നും അദ്ദേഹത്തിന് ഒരുകാലത്തും തോന്നിയില്ല. നായനാർക്കു താൻ തന്നെ പാർട്ടിയായിരുന്നു. അതേസമയം, അദ്ദേഹത്തെ ഒരു പാർട്ടിക്കാരനായി മാത്രം കേരളം കണ്ടതുമില്ല, മറിച്ചു തുറന്ന മനസ്സോടെ ആദരിച്ചു; സ്‌നേഹിച്ചു. ചെറുപിഴവുകളെ നാട് മന്ദഹാസത്തോടെ പൊറുത്തു. അദ്ദേഹം പറയുന്ന അപ്രിയ സത്യങ്ങൾ മുഖം കറുപ്പിക്കാതെ സ്വീകരിച്ചു. ലുങ്കിയും മുറിക്കയ്യൻ ഷർട്ടും ധരിച്ചു, ബീഡി വലിച്ചു വർത്തമാനം പറയുന്ന നായനാർ കേരള രാഷ്‌ട്രീയത്തിന്റെ നാടൻ മുഖമായിരുന്നു.  

ഓനെ അനക്കറിയാടോ?

രാഷ്‌ട്രീയം ജീവവായുവായിരിക്കുമ്പോഴും അതിനുപരിയായി വ്യക്‌തി ബന്ധങ്ങൾ നിലനിർത്താൻ അദ്ദേഹം ശ്രദ്ധവച്ചു. നായനാരുടെ മമത രാഷ്‌ട്രീയ എതിരാളികൾ പോലും താലോലിച്ചു. കുറിക്കു കൊള്ളുന്ന രാഷ്‌ട്രീയം പറഞ്ഞ് എതിരാളിയെ പിച്ചിച്ചീന്തുമ്പോഴും ‘ഓനെ അനക്കറിയില്ലേ, പഴയ സുഹൃത്താടോ’ എന്നു കൂട്ടിച്ചേർക്കാനുള്ള സൗമനസ്യം ആ വലിയ മനസ്സിനുണ്ടായിരുന്നു. ആരെങ്കിലും ഇഷ്‌ടത്തോടെ നൽകുന്ന ഒരു പേന, ഒരു ഡയറി ഇവയൊക്കെ നായനാർക്കു വിലപ്പെട്ട സമ്മാനങ്ങളായിരുന്നു. അപ്പോഴൊക്കെ ഒരു കൊച്ചുകുട്ടിയുടെ ആഹ്ലാദം ആ മുഖത്തു മിന്നിമറയും. വലിയ നേതാവിന്റെയുള്ളിൽ എന്നുമുണ്ടായിരുന്ന ആ ബാല്യകൗതുകമാണു നായനാരിലെ നന്മയ്ക്ക് അടിസ്ഥാനം.   

KR-Narayanan-Nayanar
മുൻ രാഷ്ട്രപതി കെ.ആർ.നാരായണും ഭാര്യ ഉഷയ്ക്കുമൊപ്പം നായനാരും ഭാര്യ ശാരദയും.

വെളിച്ചം, വഴികാട്ടി

തന്റേതായ വഴിയിൽ കൂടി സധൈര്യം മുന്നോട്ടുപോയ നേതാവായിരുന്നു നായനാർ. ആ വഴിത്താരയുടെ ഇരുവശത്തും നിറഞ്ഞ സ്‌നേഹവുമായി ജനങ്ങളുണ്ടാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വേദനിക്കുന്നവരുടെ വ്യഥകളിൽ പങ്കുചേർന്ന നായനാർ കമ്യൂണിസ്‌റ്റ് ശിലാവിഗ്രഹങ്ങളിൽ നിന്നു വേറിട്ടു നിന്നു. കണ്ണൂരിന്റെ ഗ്രാമസൗമ്യത നായനാരുടെ വർത്തമാനങ്ങളിൽ നിറഞ്ഞുനിന്നു. കർമംകൊണ്ടു തിരുവനന്തപുരത്തുകാരനായെങ്കിലും ജന്മം നൽകിയ നാട്, നാട്ടുകാർ, അവരുടെ ഭാഷ ഇതെല്ലാം നായനാർ എപ്പോഴും കേരളത്തെ മുഴുവൻ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നയാവണം, നായനാരുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്കു പുറപ്പെട്ടപ്പോൾ പാതയോരങ്ങളിൽ ലക്ഷങ്ങൾ അണിനിരന്നത്. അവരുടെ കണ്ണുകളിൽ പടർന്ന നനവ് നായനാരെന്ന സൗമ്യതയോടുള്ള ആദരമായിരുന്നു. 2004 മേയ്19ന് ഇ.കെ.നായനാരെന്ന വിപ്ലവ ജ്വാല അണഞ്ഞെങ്കിലും അതുപടർത്തിയ വെളിച്ചം ജനഹൃദയങ്ങൾക്കാകെ വഴികാട്ടുന്നു. 

ഉജ്വലമായ പോരാട്ടസ്മരണകൾ

∙ ആറോൺ മിൽ സമരം
1940 ഏപ്രിൽ 15ന് പാപ്പിനിശ്ശേരി ആറോൺ വീവിങ് വർക്കേഴ്സ് യൂണിയൻ മാനേജ്മെന്റിന് 12 ആവശ്യങ്ങളടങ്ങിയ നിവേദനം നൽകി. നേരത്തേ സമരത്തിന്റെ പേരിൽ പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും യൂണിയനിൽ ചേരാനുള്ള അവകാശം അനുവദിക്കണമെന്നും 25% യുദ്ധ ക്ഷാമബത്ത അനുവദിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യങ്ങൾ. ഇതിന്റെ പേരിൽ കമ്പനിപ്പടിക്കൽ സമരം. ജോലിക്കെത്തിയ തൊഴിലാളികളെ കമ്പനിപ്പടിയിൽ തടഞ്ഞു. നേതൃത്വം നൽകിയ ഇ.കെ.നായനാരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു.

∙ മൊറാഴ സംഭവം
ജൻമിത്ത വിരുദ്ധ സമരങ്ങളിലെ ഉജ്വല ഏട്. 1940 സെപ്റ്റംബർ 15ന് മൊറാഴ അഞ്ചാംപീടികയിൽ വിഷ്ണു ഭാരതീയൻ, കെ.പി.ആർ.ഗോപാലൻ, നായനാർ എന്നിവരുടെ നേതൃത്വത്തിൽ കർഷക യോഗം നടക്കുന്നു. എസ്ഐ കുട്ടിക്കൃഷ്ണ മേനോന്റെ നേതൃത്വത്തിൽ പൊലീസെത്തി യോഗം നിരോധിച്ചതായി അറിയിച്ചു. തുടർന്നു പൊലീസും കർഷകരും തമ്മിൽ ഉന്തും തള്ളും. പൊലീസ് മർദനം. കല്ലേറിൽ കുട്ടിക്കൃഷ്ണ മേനോനും ഹെഡ് കോൺസ്റ്റബിൾ ഗോപാലൻ നായരും മരിച്ചു. കേസിൽ കെ.പി.ആർ.ഗോപാലനു വധശിക്ഷ വിധിച്ചു. നായനാർ കേസിൽ പ്രതിയല്ലെന്നു തെളിഞ്ഞു. അതുവരെ അദ്ദേഹം ഒളിവിൽ. നായനാരുടെ ജ്യേഷ്ഠൻ ഇ.നാരായണൻ നായനാർ ഉൾപ്പെടെ 5 പേർക്കു ജീവപര്യന്തം തടവ്. കെപിആറിന്റെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി കുറച്ചു

∙ കയ്യൂർ സമരം
സ്വാതന്ത്ര്യസമരത്തിന് ഊർജം പകർന്ന സമരം. 1938 മുതൽ കയ്യൂരിൽ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജന്മിത്തത്തിന് എതിരെ രൂപപ്പെട്ട പോരാട്ടങ്ങളുടെ തുടർച്ച. 1941 മാർച്ച് 30ന് കയ്യൂരിൽ നടന്ന പ്രക്ഷോഭ ജാഥയ്ക്കിടെ സുബ്ബരായൻ എന്ന പൊലീസുകാരൻ തേജസ്വിനി പുഴയിൽ ചാടി മരിച്ചതിനെ തുടർന്നു പൊലീസ് നരനായാട്ട്. ഇതിനെതിരെ ചെറുത്തുനിൽപു നടത്തിയ കർഷകരെ പ്രതിചേർത്തു കേസ്. അറസ്‌റ്റിലായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്‌ഠൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കൽ അബൂബക്കർ എന്നിവരെ 1943 മാർച്ച് 29നു തൂക്കിലേറ്റി. കേസിൽ മൂന്നാം പ്രതിയായിരുന്നുവെങ്കിലും ഒളിവിലായിരുന്ന നായനാർ പിടിക്കപ്പെട്ടില്ല.

EMS-Nayanar
ഇഎംഎസിനും വി.എസ്. അച്യുതാനന്ദനുമൊപ്പം നായനാർ.

പാർട്ടിയിൽ നായനാർ
195‌6 –കമ്യൂണിസ്റ്റ് പാർട്ടി അവിഭക്ത കോഴിക്കോട് ജില്ലാ സെക്രട്ടറി.
1957 – കമ്യൂണിസ്റ്റ് പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി.
1961 – കമ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം
1964 – പിളർപ്പോടെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം, 1967 വരെ കോഴിക്കോട് ജില്ലാസെക്രട്ടറി.
1972 - സിപിഎം സംസ്ഥാന സെക്രട്ടറി. 80ൽ ഒഴിഞ്ഞു.
1992 – സിപിഎം സംസ്ഥാന സെക്രട്ടറി. 96ൽ ഒഴിഞ്ഞു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം. 2004ൽ മരിക്കും വരെ പദവിയിൽ.

പ്രധാന പുസ്തകങ്ങൾ
സമരത്തീച്ചൂളയിൽ (ആത്മകഥ)
ദോഹ ഡയറി
മാർക്സിസം ഒരു മുഖവുര
നെഹ്റു–ഗാന്ധി ഒരു പഠനം
കാൾ മാർക്സ്
അമേരിക്കൻ ഡയറി
എന്റെ ൈചന ഡയറി
പാർലമെന്റും ചില വസ്തുതകളും

English Summary: EK Nayanar centenary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com