ലോകബാങ്കിന്റെ 1700 കോടി ശമ്പളം കൊടുത്തുതീർത്തു; പുനർ നിർമാണം പ്രതിസന്ധിയിൽ
Mail This Article
തിരുവനന്തപുരം ∙ സർക്കാരിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പ്രളയാനന്തര പുനർനിർമാണ പദ്ധതികളുടെ വഴിമുടക്കുമെന്ന് ആശങ്ക. ലോക ബാങ്കിന്റെ 1700 കോടി രൂപ മാത്രമാണ് ഇതുവരെ പുറത്തുനിന്നു സാമ്പത്തികസഹായമായി ലഭിച്ചത്. അതാകട്ടെ, ശമ്പളവിതരണത്തിനും മറ്റുമായി ചെലവഴിക്കുകയും ചെയ്തു.
സർക്കാർ അനുവദിച്ച പദ്ധതികൾക്ക് ഈ സാമ്പത്തികവർഷം തന്നെ തുക നൽകിത്തുടങ്ങേണ്ടിവരും. പണം വൈകിയാൽ പദ്ധതി നീളുകയും ലോകബാങ്കിന്റേത് ഉൾപ്പെടെയുള്ള തുടർസഹായങ്ങളെ ബാധിക്കുകയും ചെയ്യും.
സെപ്റ്റംബറിലാണു ലോക ബാങ്ക് തുക അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 1668 കോടി രൂപയുടെ പദ്ധതികൾക്കു സർക്കാർ അംഗീകാരം നൽകി. പ്രളയത്തിൽ തകർന്ന തദ്ദേശസ്ഥാപന റോഡുകളുടെ നവീകരണത്തിനാണ് ഏറ്റവും കൂടുതൽ വിഹിതം – 488 കോടി രൂപ. പ്രളയം ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ റോഡുകളാണ് ആദ്യഘട്ടത്തിലുള്ളത്. 266 കോടി രൂപയുടെ പദ്ധതികൾക്കു ഭരണാനുമതിയും നൽകി. ഇതുൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങളെല്ലാം അടിയന്തരമായി പൂർത്തിയാക്കേണ്ടവയാണ്.
വകമാറ്റി ചെലവഴിച്ച പണം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കണ്ടെത്തേണ്ടിവരും. സാമ്പത്തികപ്രതിസന്ധി അടുത്തൊന്നും തീരില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ഈ തുക വിതരണം സർക്കാരിനു വെല്ലുവിളിയാകും.
പുനരധിവാസം: കവളപ്പാറയിൽ സമരവുമായി ദുരന്തബാധിതർ
എടക്കര (മലപ്പുറം)∙ കവളപ്പാറ ഉരുൾപൊട്ടൽ കഴിഞ്ഞ് 4 മാസമായിട്ടും പുനരധിവാസ ശ്രമങ്ങൾ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ദുരന്തഭൂമിയിൽ പന്തൽ കെട്ടി സമരം. ബന്ധുക്കളും വീടും ഭൂമിയും നഷ്‌ടമായ തങ്ങളെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ സഹായിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
മരിച്ച 59 പേരുടെ ബന്ധുക്കളും നാട്ടുകാരും കണ്ണീരണിഞ്ഞാണ് സമരപ്പന്തലിൽ ഇരുന്നത്. സഹായമൊഴുകുകയും പണം പിരിക്കുകയും ചെയ്തിട്ടും ദുരിതത്തിനു മാറ്റമുണ്ടായില്ലെന്ന് അവർ പറഞ്ഞു. സൂചനാസമരം വൈകിട്ട് അവസാനിച്ചു.