എൽപിജി ടെർമിനൽ നിർമാണം പുതുവൈപ്പിൽ പുനരാരംഭിച്ചു
Mail This Article
വൈപ്പിൻ ∙ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ടെർമിനൽ പദ്ധതി പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പദ്ധതിക്കെതിരെ സമരസമിതി നടത്തുന്ന പ്രക്ഷോഭം കണക്കിലെടുത്ത് ശക്തമായ പൊലീസ് സന്നാഹത്തോടെയാണ് നിർമാണം. ഉപകരണങ്ങൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തും പരിസരത്തും കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തിങ്കൾ പുലർച്ചെ ഒരു മണിയോടെയാണ് പൊലീസ് അതീവ രഹസ്യമായി പദ്ധതി പ്രദേശത്തു ശക്തമായ കാവൽ ഏർപ്പെടുത്തിയത്. വനിതാ പൊലീസ് ഉൾപ്പെടെ 400 പേരെ വിന്യസിച്ചു. ബാരിക്കേഡുകൾ അടക്കമുള്ള സുരക്ഷാ സന്നാഹമുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, അഡീഷനൽ കമ്മിഷണർ കെ.പി. ഫിലിപ്, എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് എന്നിവർ നേതൃത്വം നൽകി. രണ്ടായിരത്തോളം പൊലീസുകാരെ ഞായറാഴ്ച വൈകിട്ടു തന്നെ കൊച്ചിയിൽ സജ്ജരാക്കി നിർത്തിയിരുന്നു.
പദ്ധതി പ്രദേശത്തിന്റെ ഗേറ്റും മുൻപിലുളള റോഡും പൂർണമായി വലയം ചെയ്യുന്ന തരത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ഗേറ്റിനു മുന്നിൽ റോഡിന്റെ കിഴക്കുഭാഗത്ത് ഉണ്ടായിരുന്ന സമരപ്പന്തൽ പൊളിച്ചുനീക്കി. നിർമാണം നടക്കുന്ന ഭാഗത്തേക്കു മാധ്യമ പ്രവർത്തകരെ കടത്തിവിടുന്നില്ല.
എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 13 മുതൽ 18 വരെയും 20 മുതൽ 23 വരെയും വാർഡുകളിലും കൊച്ചി കോർപറേഷന്റെ ഒന്നാം ഡിവിഷനിലും തിങ്കൾ പുലർച്ചെ രണ്ടോടെ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘം ചേരുന്നതും പ്രകടനങ്ങളും യോഗങ്ങളും നടത്തുന്നതും വിലക്കി.
ടെർമിനൽ പുതുവൈപ്പിൽ നിന്നു മാറ്റണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും ഭാവി പ്രവർത്തനങ്ങൾ യോഗം ചേർന്നു തീരുമാനിക്കുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.
English summary: Vypin LPG terminal construction begins